ആലപ്പുഴ: ജില്ലയിലെ പാര്‍ട്ടിയില്‍ തുടരുന്ന വിഭാഗീയത സിപിഎം അന്വേഷിക്കും. അന്വേഷണത്തിന്റെ രീതി പുതിയ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ വ്യക്തികളെ ച്ചുറ്റിപ്പറ്റിയുള്ള വിഭാഗീയ പ്രവണതകള്‍ പരിശോധിച്ച് തിരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഏരിയ തലം മുതല്‍ കടുത്ത വിഭാഗീയത പ്രകടമാണെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ആലപ്പുഴയിലെ അഞ്ച് ഏരിയകളിലും പാലക്കാട്ടെ മൂന്ന് ഏരിയകളിലുമാണ് സമ്മേളനങ്ങളോടനുബന്ധിച്ച് കടുത്ത വിഭാഗീയത പ്രകടമായത്. സംസ്ഥാനതലത്തില്‍ കേന്ദ്രീകരിച്ചുള്ള വിഭാഗീയതയ്ക്ക് പൂര്‍ണമായി അന്ത്യം കുറിച്ചുവെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. ചില വ്യക്തികളെ ചുറ്റിപ്പറ്റി നടത്തുന്ന ഒറ്റപ്പെട്ട നീക്കങ്ങളായാണ് ഇത്തരം പ്രവണതകളെ നേതൃത്വം വിലയിരുത്തുന്നത്.
പുതുതായി രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റി വിഭാഗീയത അന്വഷിക്കാനുള തീരുമാനം കൈക്കൊള്ളും. അന്വേഷണ കമ്മീഷന് ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ വേണ്ടത് എന്നതിലും തീരുമാനമുണ്ടാകും. കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം നടപടിയും ഉണ്ടാകും. വിഭാഗീയത ഏറ്റവും പ്രകടമായ ചില കമ്മിറ്റികള്‍ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളും ഉണ്ടായേക്കാം എന്ന് സൂചനകളുണ്ട്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട്, മാന്നാര്‍, തകഴി എന്നിവിടങ്ങളിലായിരുന്നു ആലപ്പുഴ ജില്ലയില്‍ ഭിന്നതയും ചേരിതിരിവും പ്രകടമായ സ്ഥലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: