കീവ് : ഉക്രൈനിലെ സൈനിക നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. എന്നാല്‍ ഉക്രൈനിലെ സാധാരാണക്കാരായ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക മാനുഷിക ഇടനാഴി നിശ്ചയിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. വെടി നിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങളുടേയും ഉന്നതതല പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും പൗരന്മാരെ ഒഴിപ്പിക്കുന്നതിനുമായാണ് യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകള്‍ മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജനങ്ങളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ ഉണ്ടാകും. അവിടെ സൈനിക നടപടികള്‍ ഒഴിവാക്കുകയോ നിര്‍ത്തിവെയ്ക്കുകയോ ചെയ്യുമെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ അജ്ഞാതമായ ഒരു മേഖലയില്‍ വച്ചായിരുന്നു പ്രതിനിധിചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്നും ഉക്രൈനിയന്‍ പ്രസിഡന്റ് വ്്ളാദിമിര്‍ സെലന്‍സ്കിയുടെ ഉപദേശകന് മിഖായിലോ പൊദോല്യാക് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം മൂവായിരത്തിലധികം ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ത്ഥികളെ ഉക്രൈന് ബന്ദികളാക്കിയതായി പുടിന് അറിയിച്ചു. അതിര്‍ത്തിയില്‍ മനുഷ്യ കവചമാക്കി ഉക്രൈന് സൈന്യം ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന് കുറ്റപ്പെടുത്തി. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉക്രൈന് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും പുടിന് ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങളെല്ലാം തള്ളി.
എന്നാല്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ല. ഉക്രൈനിന്റെ നിരായുധീകരണം എന്ന നിലപാടില്‍ തന്നെ റഷ്യ ഉറച്ചു നില്‍ക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്ക് മേല്‍ ലോകരാഷ്ട്രങ്ങളും നാറ്റോയും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ഉക്രൈനെതിരായ സൈനിക നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പുടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: