ബീജിങ്: ചൈനയില്‍ വന്‍ സാമ്പത്തികമാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തൊന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ ഇരുപത്തിയെട്ടിലും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2459 ബാങ്ക് ഔട്ട് ലെറ്റുകൾ പ്രവര്‍ത്തനം നിര്‍ത്തിയതായി ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി കമ്മീഷന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 187 ശാഖകള്‍ പൂട്ടുകയും 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തെന്ന് എച്ച്കെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഷാങ്ഹായ്, ഗുവാങ്ഡോങ്, ബീജിങ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി ഹോങ്കോങ് മാധ്യമങ്ങളാണ് ചൈനയുടെ തളര്‍ച്ച ലോകത്തെ അറിയിച്ചത്.
സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് വിവരങ്ങള്‍, ഈ വര്‍ഷാവസാനം നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാധ്യതകളെത്തന്നെ ഇത് ബാധിച്ചേക്കും.
കൊവിഡില്‍ തകര്‍ന്ന വ്യാവസായിക ശൃംഖല, കാര്‍ബണ്‍ കുറയ്ക്കുന്നതിന്റെ സമ്മര്‍ദ്ദം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഷാങ്ഹായ്, ജിയാങ്സി, ഹെനാന്‍, ഷാന്‍ഡോങ്, ചോങ്കിങ്, ഹുബെ, ഗ്വാങ്ഡോങ് എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് ബോണസ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ചൈനയിലുടനീളമുള്ള പ്രാദേശിക സര്‍ക്കാരുകള്‍ അധ്യാപകരോടും ഉദ്യോഗസ്ഥരോടും ബോണസ് തിരികെ നല്കാന് ഉത്തരവിട്ടത് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. 2020 ന്റെ ആദ്യ പകുതി മുതല്‍, ഷാങ്ഹായ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളും ധനക്കമ്മിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതല്‍ കൂപ്പുകുത്തുമെന്ന നിലയിലാണ് സാഹചര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: