കൊച്ചി: മഹാശിവരാത്രിയില്‍ സേവാനിരതരായി ആയിരങ്ങള്‍ ഉക്രൈന് യുദ്ധഭൂമിയിലും അതിര്‍ത്തി മേഖലകളിലും സര്‍വസജ്ജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ നിര്‍ദേശവും ആഹ്വാനവും പ്രേരണയായിരുന്നു. യൂറോപ്പിലുടനീളമുള്ള ജ്ഞാനക്ഷേത്രങ്ങള്‍ ആ രാത്രി മുതല്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് അഭയക്ഷേത്രങ്ങളാകാന്‍ സജ്ജരായി.
പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്. ‘നമ്മുടെ കുട്ടികള്‍ അവിടെ കുടുങ്ങിയിരിക്കുന്നു, വേദനാജനകമാണത്. അവരെ സുരക്ഷിതരായി എത്തിക്കാന്‍ ആശ്രമത്തിന്റെ സഹായം വേണം.’ പത്ത് മിനിട്ടിനുള്ളില്‍ ഗുരുദേവ് പ്രധാനമന്ത്രിക്ക് മറുപടി നല്കി. പോളണ്ട് അതിര്‍ത്തിയില്‍ അറുനൂറ്റന്‍മ്പത് പേര്‍ക്കുള്ള കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി സ്വാമി ജ്യോതിര്‍ മയ ആയിരുന്നു ചുമതലക്കാരന്. വിവരമറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് ശ്രീശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സേവാഭാരതിയുടെ ആഗോള പ്രസ്ഥാനമായ സേവാ ഇന്റര്‍ നാഷണലും ഹിന്ദു സ്വയംസേവക് സംഘവും ഒക്കെ യൂറോപ്പിലുടനീളം മരുന്നും ഭക്ഷണവും വിശ്രമകേന്ദ്രങ്ങളുമൊരുക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായി നിന്നിരുന്നു. അതിനൊപ്പം ജ്ഞാനക്ഷേത്രങ്ങള്‍ കൂടി അഭയമായതോടെ വളരെ വേഗമാണ് ആശങ്കകള്‍ അകന്നത്.
പോളണ്ട്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, സ്ലൊവേനിയ തുടങ്ങി എല്ലായിടത്തെയും ജ്ഞാനക്ഷേത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു. എല്ലാ സൗകര്യവുമൊരുക്കി. കടുത്ത മഞ്ഞുകാലത്താണ് യുദ്ധം. ബെഡ്, ബ്ലാങ്കറ്റ്, ഭക്ഷണം… നാട്ടുകാരും സേവനത്തിനെത്തി. അതില്‍ യൂറോപ്യന്മാരും ഉണ്ട്. ആര്‍ട് ഓഫ് ലിവിങ് ഹെല്പ് ലൈന്‍ ആരംഭിച്ചു. ഒരു പ്രയാസവുമില്ലാതെ ആര്‍ക്കും സമീപിക്കാനുള്ള സാഹചര്യം ഒരുക്കി. ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍, ടീച്ചര്മാര്, സ്വയംസേവകര്‍, കാര്യകര്‍ത്താക്കള്‍ എല്ലാവരും രാപകലില്ലാതെ പ്രവര്‍ത്തനനിരതരായെന്ന് വിവരങ്ങള്‍ അന്വേഷിച്ച മലയാളം മാധ്യമപ്രവര്‍ത്തകരോടും ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി.
ചിലര്‍ക്ക് അറിയേണ്ടത്, ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ വേഗമാക്കേണ്ടതല്ലേ, വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെ ഇന്ത്യ അപലപിക്കേണ്ടതല്ലേ എന്നൊക്കെയായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ മറുപടി സുവ്യക്തമായിരുന്നു, സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യക്കൊപ്പം നിന്ന നാടാണ് റഷ്യ. ഇന്ത്യന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. വളരെ ആലോചിച്ച് ഉറപ്പിച്ച് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത്. സമാധാനം എന്നത് നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. അതിനുള്ള പരിശ്രമം രാജ്യം നടത്തുകയാണല്ലോ. ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടി സമഗ്രമാണ്. ദേശീയപതാക പിടിക്കണം, ഇന്ത്യക്കാരാണ് എന്ന് പറയണം… ഒരു പ്രശ്നവുമുണ്ടാവില്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: