‘ഭാവി കേരളം നവകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം പാര്‍ട്ടി സമ്മേളനത്തിന് കൊടി ഉയര്‍ന്നത്. നവകേരളത്തിന്റെ ദിശാ സൂചകമായ സമ്മേളനത്തിന് വേണം ഒരു കുരുതി. അത് തിരുവല്ലം നെല്ലിയോട് സ്വദേശി സുരേഷായത് യാദൃച്ഛികം. തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം. സുരേഷിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് കുടുംബാംഗങ്ങളെല്ലാം പറയുന്നത്. പോലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നും പറയുന്നു.
പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുക എന്നത് പുതിയ കാര്യം അല്ലല്ലോ. പൊതുസമൂഹം ആയുധം എടുക്കുന്നതും ആര്‍ക്കും ഇപ്പോള്‍ ആശ്ചര്യമുണ്ടാക്കുന്നില്ല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഒരാളെ വെട്ടിക്കൊന്നതല്ലെ. തല്ലുന്നതും കൊല്ലുന്നതും പുതിയ കാര്യമല്ല. അതിപ്പോ നാട്ടു നടപ്പായിരിക്കുന്നു. ഇവിടെ മാത്രമല്ല, അത് ഉക്രൈനിലും.
യുദ്ധമുഖത്ത് വിദ്യാര്‍ത്ഥികളെ തളച്ചിട്ടത് ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍. യുദ്ധം തുടങ്ങാന്‍ സാധ്യയുണ്ടെന്നും നാട്ടില്‍പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചില്ല. വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ഇന്ത്യന്‍ എംബസി നിര്‍ദേശത്തിന് പിന്നാലെ കുട്ടികളെ കൊണ്ട് വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി. എന്തെങ്കിലും ഉണ്ടായാല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ നാട്ടിലെത്തിക്കുമെന്നും വാഗ്ദാനം നല്കി ഉക്രൈനില്‍ പിടിച്ചുനിര്‍ത്തിയതും ഏജന്‍സികള്‍.
ഫെബ്രുവരി 15നാണ് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളോട് താത്കാലികമായി ഇന്ത്യയിലേക്ക് മടങ്ങണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. അതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ എത്തിച്ച ഏജന്‍സികള്‍ രംഗത്ത് എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന തരത്തില്‍ വീഡിയോ ചെയ്യിച്ചു. അന്ന് തന്നെ യൂടൂബിലടക്കം പ്രചരിപ്പിച്ചു. തങ്ങള്‍ സുരക്ഷിതരാണ്, ഇവിടെ പ്രശ്നമൊന്നും ഇല്ല, എല്ലാ ദിവസത്തെയും പോലെ സാധാരണ ദിനമാണ് ഇന്നും, ആഹാരത്തിനും വെള്ളത്തിനും പ്രശ്നമില്ല എന്നും വീഡിയോയില്‍ പറയിച്ചു. ഇത് ചില മലയാളം വാര്‍ത്താചാനലുകളില്‍ സംപ്രേഷണം ചെയ്തു. ഇതോടെ പ്രശ്നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടവരോട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നാട്ടിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് തയ്യാറാക്കുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.
കൂടാതെ പുതിയ വര്‍ഷത്തെ അഡ്മിഷന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് കഴിഞ്ഞ 28ന് ആണ്. പുതിയ കുട്ടികള്‍ക്ക് മൂന്നുമാസത്തെ വിസ്റ്റിംഗ് വിസയാണ് നല്‍കുന്നത്. പരീക്ഷ എഴുതി വിജയിച്ച് അഡ്മിഷന് ശരിയായാല്‍ മാത്രമേ പിന്നീട് വിസ കിട്ടൂ. അത്തരത്തില്‍ പുതുതായി എത്തിയ വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ തുടരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് പോയാല്‍ വീണ്ടും വിസ ലഭിക്കുന്നതിന് ദല്‍ഹിയില്‍ നിന്നും ബയോ മെട്രിക് രേഖകള്‍ നല്‍കണം. ഒരു വിദ്യാര്‍ത്ഥിക്ക് 50,000 രൂപയോളം ചെലവ് വരും. ഇത് ഏജന്‍സികളാണ് ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ പുതിയ വിദ്യാര്‍ത്ഥികളെപോലും നാട്ടിലേക്ക് അയയ്ക്കാതെ ഏജന്‍സികള്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു എന്നുമാണ് വിവരം.
ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങളാണ് ഏജന്‍സികള്‍ കമ്മീഷനായി ഈടാക്കുന്നത്. യുദ്ധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എത്തിയാല്‍ അടുത്തവര്‍ഷം മുതല്‍ ഉക്രൈനിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്താന്‍ മടിക്കും. അത് തങ്ങളുടെ ബിസിനസിനെ ബാധിക്കും എന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ തന്നെ നിര്‍ത്തുകയായിരുന്നു. കൂടാതെ എന്ത് കൊണ്ട് ഉക്രൈനില്‍ നില്‍ക്കണം എന്ന് ബോധവത്കരിക്കാന്‍ പ്രത്യേക ഡിജിറ്റല്‍ നോട്ടീസുകളും വാട്സാപ്പ് വഴി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നുണ്ടായിരുന്നു. പുതുതായി എത്തിയവരെയെങ്കിലും പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ യുദ്ധമുഖത്ത് അകപ്പെടില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായം എത്തിക്കാന്‍ എംബസികള്‍ക്കൊപ്പം നില്കുന്ന ഏജന്‍സികളും ഉണ്ട്.
ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ യുദ്ധഭീതി ഉയര്‍ന്നിരുന്നുവെന്നും അന്നുമുതല്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും അന്നൊന്നും ഏജന്‍സികള്‍ കാര്യമായി എടുത്തില്ലെന്നും പറയുന്നു. ഉക്രൈന് കേന്ദ്രമാക്കി കേരളത്തില്‍ നിന്നടക്കം നിരവധി ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വഴിയാണ് യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്.
യൂണിവേഴ്സിറ്റികള്‍ ഏജന്‍സികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കും. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനാകില്ലെന്ന നിലപാടിലായിരുന്നു ഏജന്‍സികളും യൂണിവേഴിസിറ്റികളും. എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പോകുന്നവര്‍ക്ക് പോകാം. ആവശ്യപ്പെടുമ്പോള്‍ തിരികെ വരണം, ഇല്ലെങ്കില്‍ അഡ്മിഷന് ക്യാന്‍സല്‍ ആകും എന്നായിരുന്നു യൂണിവഴ്സിറ്റികളുടെ നിലപാട്.
ലക്ഷങ്ങളാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും കമ്മീഷനായി ഏജന്‍സികള്‍ കൈപ്പറ്റുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 30 മുതല്‍ 40 ലക്ഷം വരെയാണ് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും ആകെ തുക ഈടാക്കുന്നത്. 90 ശതമാനം യൂണിവേഴ്സിറ്റികളിലേക്കും നേരിട്ട് ഫീസ് അടയ്ക്കാന്‍ ഏജന്‍സികള്‍ അനുവദിക്കില്ല. അത് ഏജന്‍സികള്‍ വഴിയേ അടയ്ക്കാന്‍ അനുവദിക്കൂ. ഇതിലും നല്ലൊരു തുക കമ്മീഷനായി ലഭിക്കും.
ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവവും ദുഃഖകരമാണ്. അത് കര്‍ണാടകത്തില്‍ ആയതിനാല്‍ കേരളത്തില്‍ വലിയ കോലാഹലത്തിന് സാധ്യതയില്ല. യുദ്ധമുഖത്ത് ആര്‍ക്കും സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യമില്ല. ഹര്‍കീവില്‍ സംഭവിച്ചത് അതാണ്. വിദേശത്തുള്ളവര്‍ തിരിച്ചറിയല്‍ സംവിധാനങ്ങളോടൊപ്പം സ്വന്തം രാജ്യത്തിന്റെ ദേശീയ പതാകയും കരുതുന്നുണ്ടാകും. പക്ഷെ ഉക്രൈനില്‍ നിന്നും വെളിയില്‍ ഇറങ്ങുന്നവര്‍ ദേശീയ പതാക കരുതുന്നത് അത്യപൂര്വ്വമെന്നാണ് മനസ്സിലാക്കുന്നത്. ഏതായാലും പാര്‍ട്ടി സമ്മേളനമല്ലെ. കൊടി ഉയരുമ്പോള്‍ രാജ്യത്തിനകത്തും പുറത്തും കുരുതി ഉണ്ടാകുന്നത് നിസ്സാരകാര്യമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: