തിരുവനന്തപുരം: പട്ടികജാതിപട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യമസ്ഥമാണെന്ന് കേന്ദ്ര സാമൂഹിക നിതി വകുപ്പ് സഹമന്ത്രി എ.നാരായണസ്വാമി. ബിജെപി പട്ടികജാതി മോര്‍ച്ചയും സാമൂഹ്യ നീതികര്മ്മസമിതിയും സംയുക്തമായി സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശമില്ല. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണം. പട്ടികജാതി സമൂഹത്തിന് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണം കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് ലഭിക്കാതിരിക്കാനുള്ള കാരണം സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പീഡന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സാമൂഹ്യ നീതികര്മ്മസമിതി ചെയര്മാന് കെ.വി ശിവന് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.സുധീര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇഎസ് ബിജു, പട്ടികജാതി മോര്‍ച്ച സംസ്ഥാന മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന ട്രെഷറര്‍ ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ പട്ടികജാതി വിഭാഗ നേതാക്കള്‍ സമുദായം നേരിടുന്ന വിഷയങ്ങളെ കുറിച്ച് മന്ത്രിയോട് സംസാരിച്ചു. പട്ടികജാതി വിഭാഗം നേതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: