പാലക്കാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലക്കാട് കോട്ടയില്‍ നിന്ന് പീരങ്കിയുണ്ടകള്‍ കണ്ടെത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ കുഴിച്ചപ്പോഴാണ് 300 മീറ്റര്‍ ആഴത്തിലായി 47 പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. കോട്ടയുടെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കണ്ടെടുത്ത ഉണ്ടകള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് ജോലിക്കാര്‍ ആദ്യം പീരങ്കി ഉണ്ട കണ്ടത്. ഉടനെ തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് കൂടുതല്‍ ഖനനം നടത്തിയപ്പോഴാണ് 47 ഉണ്ടകള്‍ കണ്ടെത്തിയത്. തൃശൂരില്‍ നിന്നുള്ള ആര്‍ക്കിയോളജി വകുപ്പ് സംഘമെത്തി സംരക്ഷിത കവചത്തിലേക്ക് മാറ്റി.
എട്ടിന് വനിതാ ദിനത്തില്‍ കോട്ടക്കകത്ത് നടക്കുന്ന പരിപാടിയില്‍ പീരങ്കിയുണ്ടകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ആര്‍ക്കിയോളജി വകുപ്പ് അറിയിച്ചു. 1766ല്‍ പണിപൂര്‍ത്തിയാക്കി എന്ന കരുതുന്ന കോട്ട ഹൈദരലി, സാമൂതിരി രാജാവ്, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം പിടിച്ചടക്കിയെന്നാണ് ചരിത്രം. അതുകൊണ്ടുതന്നെ പീരങ്കി ഉണ്ടകള്‍ ഇവരില്‍ ആരെങ്കിലും ഉപയോഗിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഉണ്ടകളുടെ കാലപഴക്കം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇവരില്‍ ആര് ഉപയോഗിച്ചുവെന്ന് മനസിലാക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: