കൊല്ലം: ഉക്രൈനിലെ സ്ഥിതി സങ്കീര്‍ണവും മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ ദുര്‍ഘടവുമായി മാറിയെന്നും കുടുങ്ങികിടക്കുന്ന കൊല്ലം സ്വദേശികള്‍ ആയിരത്തിലേറെ വരുമെന്നും ഡോ. അമല്‍. ഖാര്‍കീവ് മലയാളി അസോസിയേഷന് സ്ഥാപകനും ഷുപ്യാഗ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയും മെറിഡിയന് എഡ്യു ഇന്‍സ്റ്റിറ്റൂട്ടിന്റെ ഡയറക്ടറുമാണ് ഇദ്ദേഹം. വര്‍ഷങ്ങളായി ഉക്രൈനിലാണ് ഇദ്ദേഹം ഉന്നതപഠനം നടത്തുന്നത്.
പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കല്‍ ദുര്‍ഘടമായതിനാല്‍ കിഴക്കന്‍ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ വഴിയെന്ന് ഡോ. അമല്‍ ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ റഷ്യ ഉക്രൈന് സംയുക്തമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുകയും എയര്‍വെയ്സ് തുറക്കുകയും ചെയ്താല്‍ എംബസിക്കും ഒപ്പം തങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനം തരപ്പെടുത്താനും അതുവഴി ഒഴിപ്പിക്കല്‍ അതിവേഗമാക്കാനും സാധിക്കും. മാര്‍ച്ച് അഞ്ചിന് കീവ്- കൊച്ചി ചാര്‍ട്ടേഡ് ഫ്ളൈറ്റ് മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. 2020ല്‍ കൊറോണ സമയത്തും ആറ് ചാര്‍ട്ടേഡ് ലൈറ്റ് വിമാനങ്ങള്‍ സജ്ജമാക്കിയിരുന്നു.
നിലവില്‍ ഏറ്റവും വലിയ പ്രശ്നം ഭക്ഷണക്ഷാമമാണ്. കര്‍ഫ്യൂ ഒഴിവു കിട്ടുന്ന സമയങ്ങളില്‍ വാളണ്ടിയര്‍മാര്‍ ആഹാരവും വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. മൂന്നിരട്ടി വിലയാണ് അവശ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. കുട്ടികള്‍ക്ക് പണം പിന്‍വലിക്കാനോ, പണം എക്സ്ചേഞ്ച് ചെയ്യാനോ സാഹചര്യമില്ലാത്തതിനാല്‍ ഉക്രൈന് പൗരന്മാരുടെ സഹായത്തോടെ പണം എത്തിക്കുകയാണ് നിലവിലെ കോ ഓര്‍ഡിനേറ്ററായ ഡോ. സമിത്ത് ചെയ്യുന്നത്. ഈ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ ഇനിയും മോശമാകുമെന്നും നിഷ്ക്രിയരായി നോക്കി നില്ക്കാനെ സാധിക്കുവെന്നും ഡോ. അമല്‍ പറഞ്ഞു.
2014 റഷ്യ-ഉക്രൈന് യുദ്ധസമയത്ത് വി.എന്‍. ഖരാസിനില് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഡോ. അമല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: