അഞ്ചല്‍: അഞ്ചല്‍ ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെട്ട അറയ്ക്കല്‍ മലമേല്‍ ക്ഷേത്രത്തോട് ചേര്‍ന്ന റവന്യൂ ഭൂമിയില്‍ നിന്നും പ്രദേശത്തെ ടൂറിസം, ദേവസ്വം ഭൂമികളില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് ചന്ദന മരങ്ങളാണ് ഇവിടെ ഉള്ളത്.
വനേതര സര്‍ക്കാര്‍ ഭൂമിയില്‍ സ്വാഭാവിക ചന്ദന വത്കരണമുള്ള പ്രദേശം ആണ് മലമേല്‍. ഇവിടുത്തെ ചന്ദന മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഫോറസ്റ്റിന്റെയും, പോലീസിന്റെയും സംയുക്ത സേവനം പ്രയോജനപ്പെടുത്തണം എന്ന് കൊല്ലം ജില്ലാ കളക്ടര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചന്ദന മരങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ കടുത്ത അനാസ്ഥ ആണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉള്ളത്. അടിക്കടി ഇവിടെനിന്നും ചന്ദന മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത് ആറോളം ചന്ദന മരങ്ങളാണ്.
രാത്രികാലങ്ങളിലാണ് മോഷണം വ്യാപകമായി നടക്കുന്നത്. എന്നാല്‍ വനം വകുപ്പിനും സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള മറ്റ് മൂന്ന് വകുപ്പുകളും ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. അറയ്ക്കല്‍ മലമേല്‍ കുന്നുകളിലെ ചന്ദന മരങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: