കൊച്ചി: നോക്കുകൂലി വാങ്ങുന്നത് ശരിയല്ല എന്ന് അറിഞ്ഞിട്ടും തൊഴിലാളി സംഘടനകള്‍ അത് തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്നും അദേഹം പറഞ്ഞു.
നോക്കുകൂലി ഉള്‍പ്പടെയുള്ള തെറ്റായ രീതികള്‍ തുടര്‍ന്നാല്‍ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സിപിഎമ്മിന്റെ ട്രേഡ് യൂണിയന് സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണമെന്ന് പിണറായി.
പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: