വാഷിങ്ടണ്‍ : ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് മറുപടി നല്‍കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിയിരിക്കുകയാണെന്നും യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ബൈഡന് അറിയിച്ചു.
നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാന്‍ അമേരിക്ക മുന്നില്‍ നില്ക്കും. ഉക്രൈന് സഹായം നല്‍കുന്നത് തുടരും. സ്വേച്ഛാധിപതിയാണ് പുടിനെന്നും ബൈഡന് രൂക്ഷമായി വിമര്‍ശിച്ചു. യുഎസ് ഉക്രൈന് ജനതയ്ക്കൊപ്പമാണ്. ഉക്രൈനില്‍ ആക്രമണം നടത്തിയ പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുകയാണ്.
യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതെന്നും ബൈഡന് അറിയിച്ചു. ഉക്രൈന് പ്രതിനിധിയെ സഭയിലിരുത്തി കരഘോഷങ്ങളോടെയാണ് ബൈഡന്റെ ഈ പ്രഖ്യാപനം യുഎസ് ഉക്രൈനൊപ്പമാണെന്നും അറിയിച്ചു. അതേസമയം അമേരിക്ക റഷ്യയില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഉക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഷെല്ലാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങള്‍ക്ക് സമീപം ഉള്ളവര്‍ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഖാര്‍കീവിലെ ഫ്രീഡം സ്ക്വയര്‍ തകര്‍ത്ത സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കിട്ടി.
കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന 64 കിലോമീറ്റര്‍ നീളമുള്ള സൈനികവ്യൂഹം 72 മണിക്കൂറിനുള്ളില്‍ നഗരം വളഞ്ഞേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സൈനിക വ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പൊള്‍ കീവിന് 28 കിലോമീറ്റര്‍ അകലെയാണ് ഈ സൈനിക വ്യൂഹം ഉള്ളത്. പൗരന്മാരില് നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ റഷ്യയില്‍ യുദ്ധവാര്‍ത്തകള്‍ പുറത്തുവിടുന്നതിന് പുടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: