അമ്പലപ്പുഴ: വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തീപിടുത്തം.അഞ്ച് കടമുറികള്‍ പൂര്‍ണമായി കത്തി നശിച്ചു.25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കച്ചേരി മുക്കിന് തെക്ക് ഭാഗം കിഴക്ക് വശത്തായി പ്രവര്‍ത്തിക്കുന്ന ബിജി ബില്‍ഡിങില്‍ തീപിടുത്തമുണ്ടായത്. വൈദ്യുതി പോയതിനു ശേഷം അല്‍പ്പ സമയം കഴിഞ്ഞ് വൈദ്യുതിയെത്തിയപ്പോള്‍ തീ പിടിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ ബിജി പറഞ്ഞു. കുന്നു പറമ്പ് ചന്ദ്രന്റെ ചന്ദ്രാ ടൈലേഴ്സ്സ് തോട്ടപ്പള്ളി ശ്രീമംഗലം രമേശിന്റെ അലന് ബേക്കറി, കോമന പുതുപ്പറമ്പ് വിജയന്റെ വിനായക പൂജാ സ്റ്റോഴ്സ്, റാണി നിവാസില്‍ ഷാജിയുടെ കണ്ണന് മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് കത്തി നശിച്ചത്.
ഏകദേശം ഒരു മണിക്കൂറോളം തീ കത്തിയതായി അലന് ബേക്കറിയുടമ രമേശന് പറഞ്ഞു. തയ്യല്‍ക്കടയിലാണ് ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് മേല്‍ക്കൂര വഴി മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. അഞ്ച്മുറികളിലായാണ് മൂന്നു കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫ്രിഡ്ജുകള്‍, ഇന്‍വെര്‍ട്ടറുകള്‍, ഫാനുകള്‍, ഷെല്‍ഫ്, റാക്കുകള്‍, ഏഴു ആധുനിക തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവയും കടകളിലെ മറ്റെല്ലാ സാധനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. ആലപ്പുഴ, തകഴി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.
ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍, സിഐ എസ് ദ്വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: