ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെജ് ദുഡയുമായി ടെലിഫോണില്‍ സംസാരിച്ചു. ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പോളണ്ട് നല്കിയ സഹായത്തിനും ഉക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് കടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ വ്യവസ്ഥയില്‍ ഇളവ് വരുത്തുന്നതിനുള്ള പ്രത്യേക നടപടിക്കും പ്രധാനമന്ത്രി പ്രസിഡന്റ് ഡൂഡയോട് ഊഷ്മളമായി നന്ദി പറഞ്ഞു. ഈ ദുഷ്കരമായ സമയത്ത് പോളിഷ് പൗരന്മാര് ഇന്ത്യന്‍ പൗരന്മാര്ക്ക് നല്കിയ ഊഷ്മളമായ സ്വീകരണത്തിനും സൗകര്യങ്ങള്‍ക്കും അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദ ബന്ധത്തെ പരാമര്‍ശിച്ചുകൊണ്ട്, 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ട് വാഗ്ദാനം ചെയ്ത സഹായത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തു് നിരവധി പോളിഷ് കുടുംബങ്ങളെയും അനാഥരായ യുവാക്കളെയും രക്ഷിക്കുന്നതില്‍ ജാംനഗര്‍ മഹാരാജാവ് വഹിച്ച മാതൃകാപരമായ പങ്കിനെയും അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, സിവില്‍ വ്യോമയാന സഹമന്ത്രി ജനറല്‍ (ഡോ.) വി.കെ. സിംഗ് ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തന്റെ പ്രത്യേക ദൂതനായി പോളണ്ടില്‍ നിലയുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രസിഡന്റ് ഡൂഡയെ അറിയിച്ചു
ശത്രുത അവസാനിപ്പിച്ച് ചര്‍ച്ചയിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥന പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രദേശിക അഖണ്ഡതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: