റഷ്യ-ഉക്രൈന് യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അയല്‍രാജ്യമായ ബലാറസിന്റെ അതിര്‍ത്തിയിലുള്ള പ്രിസ്വാത് നദീതീരത്തു നടത്തിയ അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ച പ്രതീക്ഷിച്ചതുപോലെതന്നെ കാര്യമായ ഫലങ്ങളൊന്നുമുണ്ടാക്കിയില്ല. ചര്‍ച്ച തുടരാന്‍ തീരുമാനിച്ചതും അടുത്ത ദിവസംതന്നെ രണ്ടാംവട്ട ചര്‍ച്ച നടക്കാന്‍ സാധ്യതയുള്ളതും മാത്രമാണ് കൂരിരുട്ടിലെ രജതരേഖ. ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യന്‍ സേന പിന്‍വാങ്ങണമെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യ കയ്യടക്കിവച്ചിരിക്കുന്ന പ്രവിശ്യകള്‍ വിട്ടുനല്‍കണമെന്നുമാണ് ചര്‍ച്ചയില്‍ ഉക്രൈന് മുന്നോട്ടുവച്ച ആവശ്യങ്ങള്‍. ഉക്രൈനെ നിരായുധീകരിക്കണമെന്നും ആ രാജ്യത്തെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തരുതെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ടുവച്ചത്. ഇപ്പോഴത്തെ നിലയ്ക്ക് ഈ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളുമൊന്നും അത്രവേഗം അംഗീകരിക്കപ്പെടാനിടയില്ല എന്നുറപ്പാണ്. എങ്കിലും പരസ്പരം കടിച്ചുകീറുന്ന രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികളെ ഒരു മേശയ്ക്ക് ഇരുവശവും കൊണ്ടുവരാന്‍ കഴിഞ്ഞതുതന്നെ വലിയ നേട്ടമായി കണക്കാക്കാം. തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നതോടെ പ്രശ്നപരിഹാരത്തിന് വഴിതെളിയാതിരിക്കില്ല എന്നാണ് മറ്റ് രാജ്യങ്ങള്‍ കരുതുന്നത്. യുദ്ധം അറുതിയില്ലാതെ നീണ്ടുപോകുന്നത് അത് രൂക്ഷമാക്കാനിടയാക്കും. യുദ്ധത്തിന്റെ സ്വഭാവം മാറുകയും ചെയ്യും. വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ചര്‍ച്ചകള്‍ യുദ്ധങ്ങള്‍ ഒഴിവാക്കിയ അവസരങ്ങള്‍ ചരിത്രത്തില്‍ അനവധിയാണല്ലോ.
ആദ്യവട്ട ചര്‍ച്ചയ്ക്കുശേഷം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ റഷ്യന്‍ സേന സര്‍വസന്നാഹത്തോടെയും അങ്ങോട്ടു നീങ്ങുന്നതായാണ് പുതിയ വിവരം. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഉക്രൈന്റെ അധിനിവേശം തങ്ങളുടെ ലക്ഷ്യമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് നേരത്തെ പ്രഖ്യാപിച്ചത് മുഖവിലയ്ക്കെടുക്കാനാവില്ല. ജനവാസ മേഖലകള്‍ ആക്രമിക്കില്ലെന്ന ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. പുടിന് ഇടയ്ക്കിടെ ആണവാക്രമണ ഭീഷണിയും മുഴക്കുന്നുണ്ട്. ഉക്രൈനെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് മുന്നില്‍ കണ്ടാണ് ഇതെന്ന് കരുതാം. അതേസമയം ആണവാക്രമണ ഭീഷണിയെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറയുന്നുണ്ട്. തങ്ങളുടെ പൗരന്മാര് എത്രയും വേഗം റഷ്യ വിടണമെന്നും അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഉക്രൈനില്‍നിന്ന് ഭാരതം സ്വന്തം ചെലവില്‍ തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടുവരികയാണ്. ഇതിനിടെ ഒരു കര്‍ണാടക സ്വദേശി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വേദനാജനകമാണ്. ശത്രുപക്ഷത്തുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഇപ്പോള്‍തന്നെ റഷ്യയെ ചെറിയതോതില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇതിനോട് പുടിന് എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തുമെന്നാണ് റഷ്യ പറയാതെ പറയുന്നത്. അങ്ങനെവന്നാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. പ്രവചനാതീതമായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍. തുടര്‍ചര്‍ച്ചകള്‍ എത്രവേഗം നടക്കുന്നുവോ അത്രയും വേഗം സമാധാനത്തിന് വഴിതുറക്കും.
സമാധാനമാണ് നിയമം. യുദ്ധം അപവാദമാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഉള്‍പ്പെടെ നിരവധി നടന്നിട്ടുണ്ടെങ്കിലും ലോകത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകും. തീര്‍ച്ചയായും യുദ്ധം അനിവാര്യമായ ചില ഘട്ടങ്ങളുണ്ടാവും. അധിനിവേശം സ്വഭാവമാക്കിയിട്ടുള്ള ശക്തികളെ ചെറുക്കേണ്ടിവരുമ്പോഴും സ്വന്തം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവുമൊക്കെ സംരക്ഷിക്കേണ്ടിവരുമ്പോഴുമാണ് ഇത്. പക്ഷേ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുത്. അങ്ങനെ സംഭവിച്ചാല്‍ അനാവശ്യ ശത്രുത പിടിച്ചുപറ്റുന്നതിന് തുല്യമായിരിക്കും. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ നിഷ്പക്ഷ നിലപാടെടുത്തിട്ടുള്ള ഭാരതം തുടക്കം മുതല്‍ ആവശ്യപ്പെട്ടുപോരുന്നത് നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായും, ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായും ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അവരോട് പറയുകയുണ്ടായി. ഐക്യരാഷ്ട്രസഭയിലും ഈ നിലപാട് ഭാരതം ആവര്‍ത്തിച്ചു. എന്നുമാത്രമല്ല, രമ്യമായ പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണെന്നും ഭാരതം അറിയിച്ചിട്ടുണ്ട്. യുദ്ധവും സമാധാനവും ഒന്നിച്ചുപോകില്ല എന്നതുപോലെതന്നെയാണ് യുദ്ധവും സംഭാഷണവും. സമാധാനപരമായ ചര്‍ച്ചകള്‍ക്കായി യുദ്ധം അടിയന്തരമായി നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്. ഇതിനുശേഷമുള്ള ചര്‍ച്ചകളാവും ഫലം ചെയ്യുക. റഷ്യയെയും ഉക്രൈനെയും ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് കൊണ്ടുവരാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയണം. അതു മാത്രമേ മൂന്നാംലോകമഹായുദ്ധത്തിന്റെ വക്കില്‍നിന്ന് ഒരു മടക്കയാത്രയ്ക്ക് സഹായിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: