കീവ് : റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചതായി റിപ്പോര്‍ട്ട്. ഖാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പട്ടത്. കര്‍ണ്ണാടക ഹവേരി സ്വദേശിയായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര് എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം.
ജനവാസ കേന്ദ്രങ്ങളിലുണ്ടായ വെടിവെപ്പിലാണ് മരിച്ചത്. നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണ്. വീട്ടുകാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടാനുള്ള ശ്രമം നടത്തി വരികയാണ്. നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററാണ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്തുവിട്ടത്. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ഖാര്‍കീവിലെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഉക്രൈന് തലസ്ഥാനമായ കീവില്‍ നിന്ന് അടിയന്തരമായി ഇന്ത്യക്കാര്‍ മാറണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്കി. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും വളരെ അടിയന്തരമായ കീവ് വിടണമെന്നാണ് എംബസിയുടെ ട്വീറ്റ്. ലഭിക്കുന്ന ട്രെയിനുകളിലോ മറ്റു യാത്രമാര്‍ഗങ്ങളോ തേടി കീവ് വിടാനാണ് നിര്‍ദേശം.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്കിയ നിര്‍ദേശം. കീവ് പിടിക്കാന്‍ റഷ്യ യുദ്ധം അതിശക്തമാക്കുമെന്ന് വ്യക്തമായതോടെയാണ് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശം. 900 വിദ്യാര്‍ത്ഥികള്‍ ഇന്നലെ കീവ് വിട്ടിരുന്നു. ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഉക്രൈനിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട അവസാന ഇന്ത്യക്കാരനേയും സുരക്ഷിതരായി നാട്ടില്‍ എത്തിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യക്കാരേയും വഹിച്ചുള്ള ഒമ്പതാമത്തെ വിമാനവും 218 ഇന്ത്യന്‍ പൗരന്മാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ട ശേഷം ‘ഞങ്ങളുടെ സഹ ഇന്ത്യക്കാര്‍ സുരക്ഷിതരാകും വരെ ഞങ്ങള്‍ വിശ്രമിക്കില്ല; എന്നാണ് ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: