കീവ് : സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടരുന്നതിനുള്ള നടപടികള്‍ക്കിടയിലും ഉക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുകയാണ്. കേഴ്സണ്‍ നഗരം റഷ്യ പൂര്‍ണ്ണമായും കൈയ്യടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കീവ് പിടിച്ചെടുക്കാനായുള്ള റഷ്യന്‍ നീക്കം ഇപ്പോഴും തുടരുകയാണ്.
കേഴ്സണ്‍ നഗരം പൂര്‍ണ്ണമായും റഷ്യന്‍ അധീനതയില്‍ ആയതോടെ നഗരത്തിലേക്കുള്ള വഴികളില്‍ റഷ്യ ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കീവ് പിടിച്ചെടുക്കുന്നതിനായി നഗരത്തിലെ ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഒഴിപ്പിച്ചതായി ആശുപത്രി സിഇഒ വ്യക്തമാക്കി. ഷെല്ലാക്രമണം നടന്നെങ്കിലും ആശുപത്രി കെട്ടിടത്തിന് തകരാറ് സംഭവിച്ചിട്ടില്ലെന്ന് ഉക്രൈന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ സൈന്യത്തിനെതിരെയുള്ള പ്രതിരോധം ഉക്രൈന് ഇപ്പോഴും തുടരുകയാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് റഷ്യ ആക്രമണങ്ങള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നതിനായി ഉക്രൈന് സൈന്യത്തിന്റേയും പോലീസിന്റേയും യൂണിഫോമും റഷ്യ ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തികള്‍ സംരക്ഷിക്കുകയും റഷ്യന്‍ സേന കീവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നുണ്ടെന്ന് ഉക്രൈന് അറിയിച്ചു. ജനവാസ മേഖലയില്‍ റഷ്യ വ്യാപക ആക്രമണം നടത്തുന്നുവെന്നും ഉക്രൈന് ആരോപിക്കുന്നുണ്ട്. റഷ്യന്‍ അധിനിവേശത്തില്‍ 350 പേര് കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന് പറയുന്നത്.
ഖര്‍കീവിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ക്കാനാണ് നിലവില്‍ റഷ്യയുടെ ശ്രമം. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായിരുന്നു. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഖാര്‍കീവില്‍ ഷെല്ലാക്രമണം തുടരുകയാണ്. മേയര്‍ക്കും പരിക്കെന്ന് റിപ്പോര്‍ട്ട് ഉണ്ട് കൂടുതല്‍ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഏറി.
ഇതോടെ 18നും 60നും ഇടയിലുള്ള പൗരന്മാര് രാജ്യം വിടരുതെന്ന് ഉക്രൈന് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. താത്പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നവര്‍ക്ക് സൈന്യം പരിശീലനം നല്കി ആയുധങ്ങളുമായി പ്രതിരോധ സൈന്യത്തിന്റെ ഭാഗമാക്കും. കീവ് നഗരത്തില്‍ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് ഇപ്പോള്‍ ഉക്രൈന് സൈന്യം. സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്.
അതിനിടെ കിഴക്കന്‍ പട്ടണമായ ബെര്‍ഡിയന്‍സ്ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. ആക്രമണങ്ങളില്‍ 350 ഉക്രൈന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകള്‍ ആക്രമിച്ചത് അടക്കം റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന് പുറത്തുവിട്ടു. ഉപരോധങ്ങള്‍ക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന, എണ്ണ വിതരണം നിര്‍ത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. ബലാറുസില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും ആദ്യഘട്ടം പരാജയമായിരുന്നെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി അറിയിച്ചിരുന്നു. വീണ്ടും ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: