ലണ്ടന്‍ : ഉക്രൈനിന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ റഷ്യയ്ക്കെതിരെയുള്ള നടപടികളുമായി ലോക രാഷ്ട്രങ്ങള്‍. റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനാണ് ബ്രിട്ടണ്‍ന്റെ പുതിയ നീക്കം. ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്. ഉക്രൈന്റെ ആവശ്യ പ്രകാരമാണ് നടപടി.
നിലവില്‍ 195 രാജ്യങ്ങളാണ് ഇന്റര്‍പോളിലുള്ളത്. ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജന്‍സിയാണ് ഇന്റര്‍പോള്‍. 1990 മുതല്‍ ഇന്റര്‍പോളില്‍ അംഗമാണ് റഷ്യ. ഇന്റര്‍പോളില്‍ നിന്നും റഷ്യയെ നീക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി ബ്രിട്ടണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് അറിയിച്ചത്.
ഇന്റര്‍പോളിലെ റഷ്യയുടെ അംഗത്വത്തിനെതിരേ നേരത്തെ തന്നെ യുക്രൈന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2018ല്‍ റഷ്യന്‍ ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ പ്ലോകോപുചുക് ഇന്റര്‍പോളിന്റെ തലവനായി വന്നാല്‍ അംഗത്വത്തില്‍ നിന്ന് പിന്മാറുമെന്ന് അന്നത്തെ ഉക്രൈന് ആഭ്യന്തരവകുപ്പ് മന്ത്രി ആര്‍സെന്‍ അവകോവ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിനിധി ഇന്റര്‍പോള്‍ മേധാവി ആയി വരുന്നത് ലോകത്തിനാകെ ഭീഷണിയാണെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ദക്ഷിണകൊറിയന്‍ കിം ജോങ് യാങ്ങിനെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: