കീവ് : സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ ബെലാറൂസില്‍ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി വ്യക്തമാക്കി. റഷ്യ യുക്രൈന് രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും. കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്നേക്ക് ഐലന്‍ഡിലെ 13 യുക്രൈന് സൈനികര്‍ ജീവനോടെയുണ്ടെന്ന് ഉക്രൈന് വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഖാര്‍കീവില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ മേയര്‍ക്കും പരിക്കെന്ന് റിപ്പോര്‍ട്ട് ഉണ്ട്. സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നു. പോരാട്ടം നിര്‍ത്തണമെന്നാണ് യുഎന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ റഷ്യയുടെയും ഉക്രൈന്റെയും അംബാസഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ നടന്നു. ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
അതേസമയം ഉക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000പേര് പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഒന്നരലക്ഷത്തിലധികം പേര് ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര് അഭയാര്‍ത്ഥികളാകുമെന്നാണ് ഐക്യരാഷ്ട്ര സഭുടെ കണക്കുകൂട്ടല്‍.
അതിനിടെ റഷ്യയുടെ യുഎന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച് 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്. റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. സമ്പൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് സംഭവത്തില്‍ റഷ്യ പ്രതികരിച്ചു.
റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന് ചെറുത്ത് നില്പ്പിന് നേതൃത്വം നല്കുന്ന ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍ ഇറക്കിയെന്നാണ് വിവരം. ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം ഉക്രൈന് തലസ്ഥാനമായ കീവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സ്വകാര്യ സുരക്ഷ വിഭാഗം ‘ദ വാഗ്നര്‍ ഗ്രൂപ്പാണ്’ ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: