Categories: Samskriti

വിഗ്രഹം, ശിവലിംഗം

നിരാകാരനും, നിരവയവനും, അകായനും, നിശ്ചലനും, നിശ്ചേഷ്ടനും ഒക്കെയായ ഈശ്വരന്‍റെ കൂടുതല്‍ യഥാതഥമായ പ്രതീകമാണ് ശിവലിംഗം.

Published by

ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങള്‍, പ്രത്യേകിച്ച് വിഗ്രഹങ്ങളോ പ്രതീകങ്ങളോ വച്ചുള്ള സഗുണാരാധനകള്‍ നോക്കിയാല്‍ ഇക്കാലത്ത് ഏറ്റവും ജനകീയമായിട്ടുള്ളത് വിഗ്രഹാരാധന ആണെന്ന് കാണാം. സുന്ദര മനുഷ്യ ശരീരങ്ങളോടു കൂടിയ ദേവീ ദേവ രൂപങ്ങളാണ് വിഗ്രഹങ്ങളില്‍ ഏറെയും. മൃഗങ്ങളുടെയോ പക്ഷികളുടെയോ ഒക്കെ ശരീരങ്ങളും മനുഷ്യരൂപങ്ങളും ചേര്‍ന്ന രീതിയിലും മറ്റു പല വിചിത്രാകൃതികളിലും ഒക്കെ ആരാധിയ്‌ക്കപ്പെടുന്ന ദേവരൂപങ്ങള്‍ ഹിന്ദുക്കള്‍ക്കുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ധ്യാനരൂപങ്ങള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ള ദേവതകളെ തന്നെ പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത പ്രതീകങ്ങള്‍ വച്ചും ആരാധിയ്‌ക്കുന്നത് കാണാറുണ്ട്. ഉദാഹരണത്തിന് ഭദ്രകാളി എന്ന് കേള്‍ക്കുമ്പോള്‍ ഭാരതീയ ബിംബ കല്‍പ്പനകള്‍ പരിചയമുള്ള ഏതൊരാളിന്റെ മനസ്സിലും തെളിഞ്ഞു വരുന്ന ഒരു രൂപമുണ്ട്. കരാള ദംഷ്‌ട്രകള്‍ കാണിച്ച്, രക്തം ഇറ്റുന്ന നാവ് പുറത്തേക്ക് നീട്ടി, അതീവ രൗദ്ര ഭാവത്തില്‍, കൈകളില്‍ ആയുധങ്ങളും, വെട്ടിയെടുത്ത ദാരിക ശിരസ്സും, കഴുത്തില്‍ അണിഞ്ഞ തലയോട്ടി മാലയും ഒക്കെയായി നില്‍ക്കുന്ന ഒരു ഭയാനക സ്ത്രീ രൂപം. എന്നാല്‍ പല ക്ഷേത്രങ്ങളിലും ആകൃതിയില്ലാത്ത ഒരു കല്ലിലോ, തിട്ടയിലോ, കണ്ണാടി ശില്‍പ്പത്തിലോ, പീഠത്തിലോ, തിരുമുടിയിലോ, മാന്‍ കൊമ്പിലോ, മണ്‍പുറ്റിലോ ഒക്കെ ഭദ്രകാളിയെ ആരാധിയ്‌ക്കുന്നുണ്ട്. ഒരു ഉദാഹരണം എന്ന നിലയ്‌ക്ക് ഭദ്രകാളി എന്ന് പറഞ്ഞെന്നേ ഉള്ളൂ. 

ഇതേപോലെ എല്ലാ ദേവതമാരും വ്യക്തമായ രൂപമില്ലാത്ത, പ്രതീകങ്ങളില്‍ ആരാധിയ്‌ക്കപ്പെടുന്നുണ്ട്. സുപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ, ബലരാമ, സുഭദ്രമാരുടെ മൂര്‍ത്തികള്‍ വലിയ കണ്ണുകളും മൂക്കും ഒക്കെ വരയ്‌ക്കപ്പെട്ട ഉരുണ്ട ശിലാരൂപങ്ങള്‍ ആണെന്ന് നമുക്കറിയാം. താന്ത്രിക വിധിപ്രകാരം വീടുകളിലും മറ്റും പൂജ നടക്കുമ്പോള്‍ കത്തിച്ചു വച്ച നിലവിളക്കുകളില്‍ അതാത് ദേവതമാരുടെ മന്ത്രം കൊണ്ട് ആവഹിച്ചാണ് പൂജ ചെയ്യുക. അതായത് ഒരേ നിലവിളക്കു തന്നെ ആവശ്യാനുസരണം ഗണപതിയുടേയും, ദേവിയുടേയും, ഗുരുവിന്റേയും ഇരിപ്പിടമായി അഥവാ വിഗ്രഹമായി മാറുന്നു.

ഇതില്‍ നിന്നെല്ലാം എന്തു മനസ്സിലാക്കാം ? ദേവതാരൂപങ്ങള്‍ സൂക്ഷ്മ തലത്തിലാണ് നിലനില്‍ക്കുന്നത്. എനര്‍ജി ബോഡി എന്നൊക്കെ പറയപ്പെടുന്ന ഒന്നാണത്. യഥാര്‍ത്ഥത്തില്‍ പൂജിയ്‌ക്കപ്പെടുന്നത് ആ സൂക്ഷ്മ തത്വങ്ങള്‍ ആണ്, അല്ലാതെ അവയ്‌ക്കുള്ള ഇരിപ്പിടങ്ങളായി ഉപയോഗിയ്‌ക്കപ്പെടുന്ന ശിലാരൂപങ്ങളോ, പ്രതീകങ്ങളോ, മറ്റു സ്ഥൂല വസ്തുക്കളോ അല്ല. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ വൈദ്യുതി എന്നത് ഒരു സൂക്ഷ്മ തത്വമാണ്. ആര്‍ക്കെങ്കിലും വൈദ്യുതിയെ ധ്യാനിയ്‌ക്കാന്‍ കഴിയുമോ ? അതിനൊരാള്‍ ശ്രമിച്ചാല്‍, സ്വാഭാവികമായും അദ്ദേഹത്തിന്റെ മനസ്സില്‍ തെളിയുക പ്രകാശിച്ചു നില്‍ക്കുന്ന ഒരു ബള്‍ബ്, അല്ലെങ്കില്‍ കറങ്ങുന്ന ഫാന്‍, അല്ലെങ്കില്‍ വൈദ്യുതി പ്രവഹിയ്‌ക്കുന്ന കമ്പി, അഥവാ ഇടിമിന്നല്‍ ഇതൊക്കെയായിരിയ്‌ക്കും. കാരണം ഒരിയ്‌ക്കലും നേരില്‍ കണ്ടിട്ടില്ലാത്ത വൈദ്യുതിയുടെ സാന്നിദ്ധ്യം അദ്ദേഹമറിഞ്ഞത് നേരില്‍ കണ്ടിട്ടുള്ള അത്തരം സ്ഥൂല ഉപാധികളിലൂടെയാണ്. അതുപോലെ വിഗ്രഹങ്ങള്‍, പ്രതീകങ്ങള്‍, അഗ്നി എന്നിവയൊക്കെ അമൂര്‍ത്തവും സൂക്ഷ്മവുമായ ദേവതാ തത്വങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിയ്‌ക്കാന്‍ ഉപയോഗിയ്‌ക്കപ്പെടുന്ന സ്ഥൂല ഉപാധികളാണ്. സാധാരണ മനുഷ്യ മനസ്സുകളിലെ ഭാവനയേയും, ഭക്തിഭാവത്തേയും ഉണര്‍ത്താനും ഉത്തേജിപ്പിക്കാനും ഏറ്റവും അനുയോജ്യം വിശദമായ രൂപ കല്‍പ്പനകളോടു കൂടിയ സ്ഥൂലമായ ദേവരൂപങ്ങള്‍ തന്നെ എന്നതിനു സംശയമില്ല. എന്നാല്‍ വൈദ്യുതിയെ അന്വേഷിച്ചു ചെന്ന് ബള്‍ബിന്റെ രൂപത്തില്‍ ഉറച്ചു പോകുന്ന മനസ്സ് വൈദ്യുതിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാന്‍ മറക്കുന്നതു പോലെ, രൂപത്തില്‍ കല്‍പ്പിയ്‌ക്കപ്പെടുന്ന പരമാത്മാവ്‌ അതേസമയം തന്നെ അരൂപമായും അവ്യക്തമായും വര്‍ത്തിയ്‌ക്കുന്നു എന്ന കാര്യം പലപ്പോഴും വിസ്മരിയ്‌ക്കപ്പെട്ടു പോകുന്നു.

മറ്റെല്ലാ ദേവതാ ആരാധനകളിലും അവരവരുടെ ധ്യാന രൂപവിഗ്രഹങ്ങള്‍ സര്‍വ്വ സാധാരണമായും മറ്റു പ്രതീകങ്ങള്‍ കുറഞ്ഞ തോതിലും പൂജിയ്‌ക്കപ്പെടുമ്പോള്‍, ശിവലിംഗമാണ് സര്‍വ്വസാധാരണമായി ശിവപൂജയ്‌ക്ക് ഉപയോഗിയ്‌ക്കപ്പെടുന്നത്. ശിവപൂജയ്‌ക്കായി ഉപയോഗിയ്‌ക്കപ്പെടുന്ന വിഗ്രഹ രൂപങ്ങള്‍ കുറവാണ് എന്നു കാണാം. എന്താണ് ശിവലിംഗം ? നിരാകാരനും, നിരവയവനും, അകായനും, നിശ്ചലനും, നിശ്ചേഷ്ടനും ഒക്കെയായ ഈശ്വരന്റെ കൂടുതല്‍ യഥാതഥമായ പ്രതീകമാണ് ശിവലിംഗം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക