ഡോ. സന്തോഷ് മാത്യു
(പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
ഉക്രൈനും റഷ്യക്കും ഇടയില്‍ നടക്കുന്നത് ഹൈബ്രിഡ് വാര്‍ഫെയര്‍ അഥവാ സങ്കര യുദ്ധം തന്നെയാണ്. രണ്ടായിരം കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇരു രാജ്യങ്ങളും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റുമുട്ടുന്നത് പരമ്പരാഗത യുദ്ധമുറകള്‍ മാത്രമല്ല. ‘ഹൈബ്രിഡ് വാര്‍ഫെയര്‍’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് യുഎസ് മറൈന്‍ കോര്‍പ്‌സ് ലെഫ്റ്റനന്റ് കേണല്‍ ഫ്രാങ്ക് ജി ഹോഫ്മാന്‍ ആണ്, 2007 ല്‍. ”സങ്കര യുദ്ധങ്ങള്‍ പരമ്പരാഗത കഴിവുകള്‍, ക്രമരഹിതമായ തന്ത്രങ്ങള്‍, രൂപീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ യുദ്ധരീതികളുടെ ഒരു ശ്രേണി ഉള്‍ക്കൊള്ളുന്നു. വിവേചനരഹിതമായ അക്രമവും ബലപ്രയോഗവും ക്രിമിനല്‍ ക്രമക്കേടും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍” ഇതാണ് അദ്ദേഹം നല്‍കിയ നിര്‍വചനം. 2014 ലെ ക്രെമിയ അധിനിവേശത്തില്‍ റഷ്യന്‍ ഹൈബ്രിഡ് യുദ്ധതന്ത്രങ്ങള്‍ വളരെ നന്നായി ഉപയോഗിക്കപ്പെട്ടിരുന്നു.
ആധുനിക കാലഘട്ടത്തില്‍ പലപ്പോഴും ശത്രുരാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം നടക്കുന്നത് അതിര്‍ത്തികളില്‍ നിന്ന് അകലെയാണ്. അതിര്‍ത്തികളില്‍ നടക്കുന്ന പരമ്പരാഗത രീതിയിലുള്ള സൈനിക നടപടികള്‍ക്കുപരിയായി നയതന്ത്രം, രാഷ്‌ട്രീയം, ഭീകരാക്രമണം, ശത്രുപക്ഷത്തെ ജനതയെ ഭിന്നിപ്പിക്കുക, അവരുടെ മനോവീര്യം തകര്‍ക്കുക, ഐക്യം താറുമാറാക്കുക, കലാപം സൃഷ്ടിക്കുക, സമ്പദ്ഘടനയെ ദുര്‍ബലമാക്കുക തുടങ്ങിയ ക്രമരഹിതമായ പല വഴികളിലൂടെയും നടപ്പിലാക്കുന്ന ഹൈബ്രിഡ് (സങ്കര) യുദ്ധമുറകള്‍ നിര്‍വചിക്കുക എളുപ്പമല്ല. ഹൈബ്രിഡ് യുദ്ധങ്ങള്‍ പുതിയ കണ്ടുപിടുത്തമല്ല. എങ്കിലും ആധുനിക വിവര സാങ്കേതിക യുഗത്തില്‍ ഇത്തരം യുദ്ധമുറകള്‍ പ്രയോഗിക്കുന്നത് കൂടുതല്‍ എളുപ്പവും ചെലവ് കുറഞ്ഞതുമായി മാറിയിരിക്കുന്നു. പലപ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞ, നാനാത്വത്തില്‍ വിശ്വസിക്കുന്ന, ജനാധിപത്യഭരണ സംവിധാനമുള്ള, രാഷ്‌ട്രങ്ങളാണ് ഇത്തരം അസാധാരണ യുദ്ധരീതികള്‍ക്ക് എളുപ്പത്തില്‍ ഇരയാകുന്നത്. 2016ല്‍ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകളും ചൈനയ്‌ക്ക് ഇന്ത്യയിലെ ചില രാഷ്‌ട്രീയ പാ
ര്‍ട്ടികളുമായി ഉണ്ടെന്നു പറയപ്പെടുന്ന അടുപ്പവും ഇത്തരം അസാധാരണ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി കണക്കാക്കാം. സൈബര്‍ ആക്രമണം നടത്തി മറുപക്ഷത്തെ പവര്‍ ഗ്രിഡുകള്‍, ബാങ്കിങ് തുടങ്ങിയ സുപ്രധാന മേഖലകളെ അലങ്കോലപ്പെടുത്തിയും നിശ്ചലമാക്കിയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കുപ്രചാരണം നടത്തി ശത്രു രാജ്യത്തെ ജനതയുടെ ആത്മവിശ്വാസം ഇല്ലാതാക്കിയും എതിരാളിയെ അസ്ഥിരപ്പെടുത്താറുണ്ട്. ഇത്തരം ‘സൂത്രപ്പണി’കളിലൂടെയാണ് പലപ്പോഴും ഹൈബ്രിഡ് യുദ്ധരീതികള്‍ ആസൂത്രണം ചെയ്യുന്നതെങ്കിലും, അവയ്‌ക്ക് ദൂരവ്യാപകമായ ആഘാതങ്ങള്‍ സൃഷ്ടിക്കാനാകും. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഹൈബ്രിഡ് യുദ്ധമുറകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആയുധങ്ങളായി മാറിയിരിക്കുന്നു.
നാറ്റോയും റഷ്യയും
അയല്‍പക്കത്തേക്കുള്ള നാറ്റോയുടെ വിപുലീകരണം ഒരിക്കലും റഷ്യ അംഗീകരിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന് എതിരായി 1949ല്‍ രൂപീകരിച്ച നാറ്റോയുടെ, 1990ന് ശേഷമുള്ള ദ്രുതഗതിയിലുള്ള വികാസം റഷ്യയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നതായിരുന്നു. ഉക്രൈനെ നാറ്റോയില്‍ ചേരുന്നതില്‍ നിന്ന് തടയണമെന്ന ആവശ്യം യുഎസും സഖ്യകക്ഷികളും അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 24ന് പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ ഉക്രൈയിന് എതിരായ സൈനിക നടപടി പ്രഖ്യാപിച്ചത്. നാറ്റോയെ നേരിടാന്‍ സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ ചേര്‍ത്ത് 1955ല്‍ ‘വാഴ്സോ ട്രീറ്റി ഓര്‍ഗനൈസേഷന്‍’ (വാഴ്സോ ഉടമ്പടി) എന്ന സൈനിക സഖ്യമുണ്ടാക്കി. പക്ഷേ, 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അതോടെ വാഴ്സോ ഉടമ്പടി പൊളിഞ്ഞു. അപ്പോഴേക്കും അന്നത്തെ സോവിയറ്റ്-അമേരിക്കന്‍ പ്രസിഡന്റുമാര്‍ തമ്മില്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു; നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ നിന്ന് അംഗങ്ങളെ ചേര്‍ക്കില്ല എന്ന്. ആ വാക്ക് നാറ്റോ പാലിച്ചില്ല. ഇതും പുടിനെ ചൊടിപ്പിക്കുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ സ്വതന്ത്രമായ രാജ്യങ്ങളില്‍ പലതിനും അംഗത്വം നല്‍കി. സോവിയറ്റ് യൂണിയന്‍ തകരുമ്പോള്‍ 16 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന നാറ്റോയില്‍ ഇന്ന് 30 അംഗങ്ങളുണ്ട്. 2009ല്‍ അംഗത്വം ലഭിച്ച ക്രൊയേഷ്യയും അല്‍ബേനിയയുമാണ് നവാഗതര്‍.
ആധുനിക റഷ്യയുടെ ഉത്ഭവം കീവില്‍ നിന്ന് ആരംഭിക്കുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ നോവ്‌ഗൊറോഡിലെ വൈക്കിംഗ് ഭരണാധികാരി സ്‌മോലെന്‍സ്‌ക്, കീവ് പിടിച്ചെടുത്തു, ഈ പട്ടണത്തില്‍ വസിച്ചിരുന്ന സ്ലാവിക് ഗോത്രങ്ങളുടെ അയഞ്ഞ ഫെഡറേഷന്‍ കീവ്-റസ് എന്നറിയപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയക്കാര്‍ ഇവിടം ആക്രമിച്ചപ്പോള്‍, കീവ് നശിപ്പിക്കപ്പെട്ടു, എന്നാല്‍ റഷ്യയുടെ പേര് അവിടെ നിലനിന്നിരുന്നു, ഒടുവില്‍ റഷ്യക്കാര്‍ എന്ന് ചുറ്റുമുള്ളവരും അറിയപ്പെട്ടു. ഉക്രൈനോട് റഷ്യ എന്തുകൊണ്ട് ഈ വിധം പെരുമാറുന്നു എന്നറിയാന്‍ നാലുനൂറ്റാണ്ട് പിന്നിലേക്കുപോകണം. റഷ്യന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സര്‍ ചക്രവര്‍ത്തി പീറ്ററിന്റെ കാലത്ത് സ്വീഡന്‍ 1709 ല്‍ റഷ്യയില്‍ അധിനിവേശ ശ്രമം നടത്തി. 1812ല്‍ നെപ്പോളിയന്റെ ‘വന്‍പട’ ഫ്രാന്‍സില്‍ നിന്നെത്തി മോസ്‌കോയ്‌ക്ക് അടുത്തെങ്കിലും മോശം കാലാവസ്ഥ അവരെ ചതിച്ചു. രണ്ടാംലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ പട സോവിയറ്റ് യൂണിയനില്‍ കടന്നുകയറി. അവരെ സ്റ്റാലിന്‍ പണിപ്പെട്ടാണ് തുരത്തിയത്. ഇതെല്ലം നൂറുവര്‍ഷത്തെ ഇടവേളകളിലാണ് സംഭവിച്ചത്. അങ്ങനെ നോക്കിയാല്‍ നാല് നൂറ്റാണ്ടിന്റെ പാരമ്പര്യം നാറ്റോയുടെ രൂപത്തില്‍ വരുമെന്ന ഭയം പുടിനുമുണ്ടാകും. 1990 കളില്‍ കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ (ഉദാഹരണം: പോളണ്ട്) പടിഞ്ഞാറന്‍ സൈനികസഖ്യമായ നാറ്റോയില്‍ ചേര്‍ന്നത് പുടിനെ അലോസരപ്പെടുത്തുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര രാഷ്‌ട്രീയദുരന്തം ആണെന്നാണ് 2005ല്‍ പുടിന്‍ അഭിപ്രായപ്പെട്ടത്.
റഷ്യയോട് അകന്ന ഉക്രൈന്‍
സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ അസ്തമിച്ച കമ്യൂണിസ്റ്റ് സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള വിശാല പദ്ധതിയാണ് പുടിന്റെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ജോര്‍ജിയ, എസ്‌തോണിയ, ലാത്വിയ, ലിത്വേനിയ, ബെലാറസ് തുടങ്ങിയ സ്വതന്ത്ര രാഷ്‌ട്രങ്ങളെകൂടി ചേര്‍ത്തുപിടിച്ചുള്ള വിശാല റഷ്യയാണ് പുടിന്റെ ആഗ്രഹം. ആധുനിക ഉക്രൈന്‍ പൂര്‍ണ്ണമായും സൃഷ്ടിച്ചത് റഷ്യയാണ്. പ്രത്യേകിച്ച് ബോള്‍ഷെവിക്, കമ്മ്യൂണിസ്റ്റ് റഷ്യ. ഈ പ്രക്രിയ 1917 ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ആരംഭിച്ചത്. 1922 ല്‍ ഉക്രൈന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയന്റെ ഭാഗമായി. 1991 ല്‍ യുഎസ്എസ്ആര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഉക്രൈനില്‍ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു, 1990ല്‍ 300,000 ഉക്രൈന്‍കാര്‍ സ്വാതന്ത്ര്യത്തെ പിന്തുണച്ച് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ഗ്രാനൈറ്റ് വിപ്ലവം ഉക്രൈനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി മാറ്റി.
നൂറ്റാണ്ടുകളായി റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഉക്രൈന്‍. എന്നിരുന്നാലും, 1991 ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ടതോടെ രാഷ്‌ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അധികം വൈകാതെ ഉക്രൈന്‍ റഷ്യയുമായി അകലം പാലിക്കാന്‍ തുടങ്ങി. മാത്രമല്ല, പടിഞ്ഞാറുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ 2010ല്‍ റഷ്യ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ച് പ്രസിഡന്റ് ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഉക്രൈനെ യൂറോപ്യന്‍ യൂണിയനുമായി അടുപ്പിക്കുന്ന വാണിജ്യ ഉടമ്പടി അവസാനഘട്ടത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു. പുടിന്റെ സമ്മര്‍ദം മൂലമാണിതെന്ന് അദ്ദേഹം തുറന്നുപറഞ്ഞതോടെ റഷ്യാവിരോധികളായ ഉക്രൈന്‍കാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആഭ്യന്തര യുദ്ധത്തിന്റെ പടിവാതില്‍ വരെയെത്തിയ പ്രതിഷേധത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അതിനൊടുവില്‍ യാനുകോവിച്ച് പുറത്തായി. ക്രെമിയ പിടിച്ചടക്കിക്കൊണ്ടാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.
ഈ സംഭവത്തിനുശേഷം കിഴക്കന്‍ ഉക്രൈനിലെ ഡോണ്‍ബാസിനെ വിഘടനവാദികള്‍ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. റഷ്യ ഇവരെ പിന്തുണച്ചു. ഉക്രൈന്‍ സര്‍ക്കാരും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14,000 പേര്‍ കൊല്ലപ്പെട്ടു. 2014ലും 2015ലും ബെലാറസിലെ മിന്‍സ്‌കില്‍ റഷ്യയും ഉക്രൈനും ഒപ്പിട്ട ഉടമ്പടികളിലൂടെ വെടിനിര്‍ത്തലുണ്ടായി. പക്ഷേ, ഉടമ്പടി പൂര്‍ണമായി പാലിക്കപ്പെട്ടില്ല. ചരിത്രപരമായും സാംസ്്കാരികമായും ക്രെമിയ തങ്ങളുടെ ഭൂപ്രദേശമാണെന്ന ന്യായം പറഞ്ഞാണ് റഷ്യ ആ പ്രദേശം സൈനികനടപടിയിലൂടെ സ്വന്തമാക്കിയത്. 2014 മാര്‍ച്ചില്‍ റഷ്യ സംഘടിപ്പിച്ച ഹിതപരിശോധനയുടെ ഫലവും അവര്‍ക്ക് അനുകൂലമായിരുന്നു. യുദ്ധവിരുദ്ധവികാരം ശക്തിപ്പെടുമ്പോഴും യുദ്ധനീക്കത്തിന് ആക്കംകൂട്ടും വിധം രണ്ട് ഉക്രൈന്‍ വിമതപ്രവിശ്യകളെ സ്വതന്ത്രമെന്ന നിലയില്‍ അംഗീകരിക്കുകയാണ് റഷ്യ. ഉക്രൈനില്‍ നിന്ന് വിഘടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡൊണസ്‌ക്, ലൊഹാന്‍സ്‌ക് എന്നീ പ്രവിശ്യകള്‍.
ഉക്രൈനും ജോര്‍ജിയയും മറ്റ് അയല്‍രാജ്യങ്ങളും നാറ്റോയില്‍ ചേരുമെന്ന് പുടിന് ആശങ്കയുണ്ട്. റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണിത്. 603,550 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉക്രൈനുണ്ട്. ഭൂഖണ്ഡത്തിന്റെ ഏകദേശം 6 ശതമാനം വരുമത്. 2021 ജൂലൈയിലെ കണക്കനുസരിച്ച് ഉക്രൈനിലെ ജനസംഖ്യ 43.7 ദശലക്ഷമാണ്. ഇതില്‍ 77.8 ശതമാനം ഉക്രൈന്‍ വംശജരും 17.3 ശതമാനം റഷ്യക്കാരും ആയിരുന്നു. ഉക്രൈന്‍, റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ യഥാക്രമം 67.5 ശതമാനവും 29.6 ശതമാനവും ആണ്. ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് ഇവിടെ വസിക്കുന്നത്.
എണ്ണ വിപണിയിലെ ആധിപത്യം
റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതില്‍ അമേരിക്കയ്‌ക്ക് പല ലക്ഷ്യങ്ങളുമുണ്ട് എന്ന് പറയുന്നവരുമുണ്ട്. അമേരിക്കയുടെ സഖ്യശക്തിയായ യൂറോപ്യന്‍ യൂണിയനില്‍ റഷ്യക്ക് ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യതയാണ് പ്രധാനകാരണം. യൂറോപ്പ് ഇന്ധനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് റഷ്യയെ ആണ്. യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ ഇന്ധനാവശ്യത്തിന്റെ (പ്രകൃതിവാതകം, എണ്ണ) 40 ശതമാനവും നല്‍കുന്നത് റഷ്യയാണ്. ജര്‍മനി ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ 65 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് ബാള്‍ടിക്ക് കടല്‍ വഴി ജര്‍മനിയിലേക്ക് നേരിട്ടുള്ള നോര്‍ദ് സ്ട്രീം രണ്ട് പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഉക്രൈനെ ആശ്രയിക്കാതെ റഷ്യക്ക് വിലകുറഞ്ഞ ഇന്ധനം യൂറോപ്പിന് വില്‍ക്കാന്‍ കഴിയും. ഇത് റഷ്യക്ക് യൂറോപ്പിലുള്ള സ്വാധീനം വര്‍ധിപ്പിക്കും. അമേരിക്കന്‍ ഷെല്‍ ഗ്യാസിന് യൂറോപ്യന്‍ കമ്പോളം നഷ്ടമാകുകയും ചെയ്യും. റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിട്ടാല്‍ ഇത് തടയാനാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. റഷ്യയില്‍ നിന്നുള്ള ഇന്ധനവിതരണത്തിന് മുടക്കം വന്നാല്‍ അത് വില കുത്തനെ ഉയര്‍ത്തുമെന്ന് മാത്രമല്ല, യൂറോപ്പിനെ ചുട്ടുപൊള്ളിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, യുദ്ധഭ്രാന്ത് പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിനും ജര്‍മനിക്കും കഴിയില്ല. നയതന്ത്ര നീക്കങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഫ്രാന്‍സും ജര്‍മനിയും ശഠിക്കുന്നതും അതുകൊണ്ടാണ്.
2014ലെ ക്രെമിയയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പേരില്‍ നേരിടുന്ന പാശ്ചാത്യ ഉപരോധത്തിന്റെ കെടുതികളെ ന്യായീകരിക്കാനും ഭരണകൂട അഴിമതിക്കു മറയിടാനും ഈ സൈനിക നീക്കം സഹായിക്കും എന്നും പുടിന്‍ കണക്കുകൂട്ടുന്നു. ആഗോള പെട്രോളിയം വിപണിയുടെ 40 ശതമാനം റഷ്യയാണ് നിയന്ത്രിക്കുന്നത്. അനിയന്ത്രിത രീതിയില്‍ എണ്ണ വില ഉയരുമെന്നും ഉറപ്പാണ്. സ്വര്‍ണ വില ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി. ഓഹരി വിപണിയില്‍ യുദ്ധമുണ്ടാക്കിയേക്കാവുന്ന തകര്‍ച്ച മുന്‍പില്‍ കാണുന്നവരുമുണ്ട്. ഗോതമ്പ് കയറ്റുമതിയില്‍ റഷ്യ ഒന്നാമത്തെയും ഉക്രൈന്‍ നാലാമത്തെയും രാജ്യമാണ്. ഇന്ത്യയിലേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഉക്രൈനില്‍ നിന്നും 20 ശതമാനം റഷ്യയില്‍ നിന്നുമാണ്. അലുമിനിയം വാഹനങ്ങളിലും മൊബൈല്‍ഫോണുകളിലും ഉപയോഗിക്കുന്ന പല്ലാഡിയം, ചെമ്പ്, നിക്കല്‍ തുടങ്ങിയ വിവിധ ലോഹങ്ങളുടെ പ്രധാന ഉത്പാദകരാണ് റഷ്യ എന്നതിനാല്‍ ഇവയുടെ വിലക്കയറ്റവും ലഭ്യതക്കുറവും പ്രതിസന്ധിയുണ്ടാക്കും. ഉക്രൈനിലേക്ക് ഏറ്റവും അധികം ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ. അതുകൊണ്ടു തന്നെ റഷ്യക്കെതിരെ യുഎസ് പക്ഷത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ശക്തമാക്കുന്നത് ഇന്ത്യയിലും കടുത്ത ആഘാതമുണ്ടാക്കിയേക്കും. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെയും ആളോഹരി ദേശീയ വരുമാനത്തിന്റെയും കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യമാണ് ഉക്രൈന്‍. ഈ രാജ്യത്തിന് ഇരുമ്പയിര്, കല്‍ക്കരി എന്നിവയുടെ വമ്പന്‍ നിക്ഷേപമുണ്ട്, കൂടാതെ ധാന്യം,
സൂര്യകാന്തി എണ്ണ, ഇരുമ്പ്, ഇരുമ്പ് ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നു. ഏഷ്യാ പസഫിക് മേഖലയിലെ ഉക്രൈനിന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി സൂര്യകാന്തി എണ്ണയാണ്. പുറമെ അജൈവ രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍ എന്നിവയാണ്. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം,അലുമിനിയം,ചെമ്പ് തുടങ്ങിയവയ്‌ക്കും ഗോതമ്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കുതിച്ചുകയറുമെന്നാണ് വിപണിവിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: