നെടുമ്പാശേരി: അക്ഷരയെത്തി, രഞ്ജിത്തിന്റെ കുടുംബത്തിന് ആശ്വാസമായി. ഉക്രൈനില്‍ ചെര്നിവിട്സിലുള്ള ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അക്ഷര രഞ്ജിത്. കളമശേരി പ്രതീക്ഷ നഗറില്‍ രഞ്ജിത് പ്രീതി ദമ്പതികളുടെ മകളാണ്. ആറു വര്‍ഷമായി ഉക്രൈനിലാണ്.
കോഴ്സ് പൂര്‍ത്തിയായി മെയ് മാസത്തില്‍ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടയിലാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. എങ്ങും ഭീതിയുടെ അന്തരീക്ഷം. ഏതു സമയത്തും ജീവന് നഷ്ടപ്പെടാം. കാമ്പസിനകത്ത് ബങ്കറുകള്‍ ഉണ്ട്. അവിടെയെല്ലാവര്‍ക്കും രണ്ടു വര്‍ഷം നിര്‍ബ്ബന്ധിത സൈനിക പരിശീലനമുണ്ട്. അതുകൊണ്ട് ആയുധങ്ങള്‍ ഉപയോഗിക്കാനറിയാം. യുദ്ധം തുടങ്ങിയതോടെ മാതൃ രാജ്യങ്ങളിലേക്ക് മടക്കയാത്ര തുടങ്ങി.
അക്ഷരയുള്പ്പെടെയുള്ള മലയാളികള്‍ മൈനസ് അഞ്ച് ഡിഗ്രി തണുപ്പില്‍ ഏഴു കിലോമീറ്റര്‍ നടന്ന് റൊമാനിയന്‍ അതിര്‍ത്തിയിലെത്തി ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ 26ന് രാത്രിയില്‍ മുംബൈയിലെത്തി. 26 മലയാളി വിദ്യാര്‍ഥികളില്‍ 11 പേര് തിരുവനന്തപുരം ജില്ലയിലും 11 പേര് കോഴിക്കോട് ആറു പേര് എറണാകുളം ജില്ലയിലുള്ളവരുമായിരുന്നു.
രണ്ടു ദിവസമായി രഞ്ജിതും കുടുംബവും കടുത്ത ആശങ്കയിലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടും പുലര്‍ച്ചെ വരെ ടിവിയില്‍ നോക്കിയും വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. യാത്ര ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിച്ചു. ജീവനോടെ മാതൃരാജ്യത്ത് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: