ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ ഉക്രൈന് അനുകൂലമായ പ്രമേയത്തെ മോദി സര്‍ക്കാര്‍ അനുകൂലിച്ചില്ലെന്ന വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് വക്താവ്.
യുഎസും അല്‍ബേനിയയും ചേര്‍ന്ന് തയ്യാറാക്കി യുഎന്നില്‍ അവതരിപ്പിച്ച കരട് പ്രമേയം റഷ്യയെ വിമര്‍ശിക്കുകയും ഉക്രൈനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേയത്തോട് അനുകൂലമോ പ്രതികൂലമോ ആയ നിലപാടെടുക്കാതെ യുഎന്നില്‍ നിന്നുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ യുഎന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ ശശി തരുര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ‘വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് ശേഷം, പലരും ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് നിലകൊള്ളുന്നതായി പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.’- ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന വക്താവായ ആനന്ദ് ശര്‍മ്മ ശശി തരൂരിനെ തിങ്കളാഴ്ച തിരുത്തി. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ യുഎന്‍ പ്രമേയം സംബന്ധിച്ച് ശശി തരൂര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ പറഞ്ഞത്. ഇക്കാര്യത്തില്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും ശശി തരൂരിനെ താക്കീത് ചെയ്തുകൊണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു.
റഷ്യയെയും അമേരിക്കയെയും വെറുപ്പിക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നയതന്ത്രത്തെ ഒട്ടേറെ വിദേശകാര്യവിദഗ്ധര്‍ അഭിനന്ദിച്ചിരുന്നു. ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയതന്ത്രപരമായ നിലപാടെടുക്കുന്നതാണ് ശരിയെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്.
‘റഷ്യയും ഉക്രൈനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതില്‍ മിന്‍സ്ക്, റഷ്യ-നാറ്റോ കരാറുകള്‍, നേരത്തെയുള്ള ധാരണകള്‍ എന്നിവയെ മാനിച്ചുകൊണ്ട് വേണം തീരുമാനമെടുക്കാന്‍,’- ആനന്ദ് ശര്‍മ്മ പറഞ്ഞു.
‘മനുഷ്യജീവന് രക്ഷിക്കാനും പ്രതിസന്ധി കൂടുതല്‍ തീവ്രമാക്കാതിരിക്കാനും സായുധസംഘട്ടനം ഒഴിവാക്കാനും സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുകയും വേണം. ഇതിനായി അന്താരാഷ്ട സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ‘- കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏതാണ്ട് മോദി സര്‍ക്കാര്‍ എടുത്ത നിലപാടിനോട് ചേരുന്നതാണ് വിദേശകാര്യത്തില്‍ കോണ്‍ഗ്രസിന് വൈകിയുദിച്ച ഈ വിവേകമെന്ന് ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: