ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയത് ജനുവരി 25ന്. പ്രത്യക്ഷ യുദ്ധം ആരംഭിക്കുന്നതിന് പത്തുദിവസം മുമ്പ്, ഫെബ്രുവരി 15ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഉക്രൈന്‍ വിടണമെന്ന നിര്‍ദേശവും എംബസി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് പോയാല്‍ ഹാജര്‍ നല്‍കില്ലെന്ന ഉക്രൈന്‍ സര്‍വ്വകലാശാല അധികൃതരുടെ നിലപാടാണ് മലയാളികളായ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് മടങ്ങാതിരിക്കാന്‍ കാരണമായതെന്ന് വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നു.
ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികള്‍ക്ക് എംബസി മുഖാന്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.
ഫെബ്രുവരി 15ന് എംബസിയുടെ നിര്‍ദേശം വിദ്യാര്‍ഥികള്‍ എത്രയും വേഗം ഉക്രൈന്‍ വിടണം എന്നതായിരുന്നു. മറ്റു പൗരന്മാരും ഉക്രൈന്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ തങ്ങേണ്ട കാര്യമില്ലെന്ന നിര്‍ദേശം തന്നെയാണ് എംബസി വാര്‍ത്താക്കുറിപ്പിലൂടെ പുറപ്പെടുവിച്ചത്. പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇ മെയില്‍ സംവിധാനങ്ങളും ഫെബ്രുവരി 15ന് തന്നെ എംബസി വിദ്യാര്‍ഥികള്‍ക്ക് കൈമാറിയതാണ്. എന്നാല്‍ നിരന്തരമുള്ള ഇത്തരം മുന്നറിയിപ്പുകള്‍ക്ക് ശേഷം പത്തുദിവസത്തിന് ശേഷമാണ് പ്രത്യക്ഷ യുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ കടക്കുന്നതും വ്യോമയാന ബന്ധം അടക്കം നിലച്ചതും. എംബസിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞിട്ടാണ് ഉക്രൈനില്‍ തുടര്‍ന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിയെത്തിച്ച വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നത്.
മറ്റൊരു രാജ്യത്ത് താമസിക്കുന്ന പൗരന്മാര്‍ സ്വന്തം രാജ്യത്തിന്റെ എംബസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അന്താരാഷ്‌ട്ര തലത്തിലുള്ള സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൗരന്മാര്‍ പാലിക്കാത്തതാണ് പലപ്പോഴും ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇറാഖിലും സിറിയയിലും അഫ്ഗാനിലുമടക്കം പ്രശ്നങ്ങളുണ്ടായപ്പോഴും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: