തിരുവനന്തപുരം: യുദ്ധമുഖത്ത് വിദ്യാര്‍ഥികളെ തളച്ചിട്ടത് ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍. യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും നാട്ടില്‍പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചില്ല. വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ഇന്ത്യന്‍ എംബസി നിര്‍ദേശത്തിന് പിന്നാലെ കുട്ടികളെ കൊണ്ട് വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി. എന്തെങ്കിലുമുണ്ടായാല്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്നും വാഗ്ദാനം നല്‍കി ഉക്രൈനില്‍ പിടിച്ചുനിര്‍ത്തിയതും ഏജന്‍സികള്‍.
ഫെബ്രുവരി 15നാണ് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളോട് താത്കാലികമായി ഇന്ത്യയിലേക്ക് മടങ്ങണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. അതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ഥികളെ ഉക്രൈനില്‍ എത്തിച്ച ഏജന്‍സികള്‍ രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥികളെ കൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന തരത്തില്‍ വീഡിയോ ചെയ്യിച്ചു. അന്ന് തന്നെ യൂട്യൂബിലടക്കം പ്രചരിപ്പിച്ചു. സുരക്ഷിതരാണ്, ഇവിടെ പ്രശ്‌നമൊന്നും ഇല്ല, എല്ലാ ദിവസത്തെയും പോലെ സാധാരണ ദിനമാണ് ഇന്നും, ആഹാരത്തിനും വെള്ളത്തിനും പ്രശ്‌നമില്ല എന്നും വീഡിയോയില്‍ പറയിച്ചു. ഇത് ചില മലയാളം വാര്‍ത്താചാനലുകളില്‍ പ്രക്ഷേപണം ചെയ്തു. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടവരോട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ നാട്ടിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് തയ്യാറാക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കൂടാതെ പുതിയ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് ഈ മാസം 28നാണ്. പുതിയ കുട്ടികള്‍ക്ക് മൂന്നു മാസത്തെ വിസിറ്റിങ് വിസയാണ് നല്‍കുന്നത്. പരീക്ഷ എഴുതി വിജയിച്ച് അഡ്മിഷന്‍ ശരിയായാല്‍ മാത്രമേ പിന്നീട് വിസ കിട്ടു. അത്തരത്തില്‍ പുതുതായി എത്തിയ വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ തുടരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് പോയാല്‍ വീണ്ടും വിസ ലഭിക്കുന്നതിന് ദല്‍ഹില്‍ നിന്നും ബയോമെട്രിക് രേഖകള്‍ നല്‍കണം.
ഒരു വിദ്യാര്‍ഥിക്ക് 50,000 രൂപയോളം ചെലവ് വരും. ഇത് ഏജന്‍സികളാണ് ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ പുതിയ വിദ്യാര്‍ഥികളെ പോലും നാട്ടിലേക്ക് അയയ്‌ക്കാതെ ഏജന്‍സികള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: