ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ നിലപാട് അറിയുവാന്‍ ലോകം കാത്തിരിക്കുന്നു. ഉക്രൈനും ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. റഷ്യയുടെ പ്രവര്‍ത്തിയെ പൂര്‍ണമായും തള്ളിപറയുവാന്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ പ്രതിപക്ഷത്തിനെയും ശക്തമായ സമ്മര്‍ദ്ദം ഭാരത സര്‍ക്കാരിന് മേലുണ്ട്. വിഷയത്തില്‍ വളരെ കരുതലോടെയാണ് ഇന്ത്യ പ്രതികരിക്കുന്നതും, പ്രതികരിക്കേണ്ടതും.
തങ്ങള്‍ നടത്തുന്ന യുദ്ധങ്ങളെ വിവിധ കാരണങ്ങള്‍ പറഞ്ഞു ന്യായീകരിക്കുമ്പോഴും ബ്രിട്ടന്, ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും അമേരിക്ക, കാനഡ അടക്കമുള്ള മറ്റ് പാശ്ചാത്യ ശക്തികള്‍ക്കും ഇരുപത്തിനാല് മണിക്കൂറും സമാധാനത്തെക്കുറിച്ച് സംസാരിക്കുവാനും യുദ്ധങ്ങളെ വിമര്‍ശിക്കാനാനുമാവും. കാരണം,
ജനാധിപത്യ രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ രാജ്യങ്ങള്‍ എപ്പോഴും സുരക്ഷിതരാണ്. ഇന്ത്യയിലെ പ്രതിപക്ഷത്തിനു നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനും രാഷ്ട്ര താല്പര്യം മുന്‍നിര്‍ത്തിയുള്ള വിദേശ നയത്തില്‍ താല്പര്യമില്ലെന്ന് നെഹ്റുവിന്റ കാലം മുതല്‍ തെളിയിച്ചതാണ്. അതിനാല്‍ അവര്‍ക്കും വളരെ എളുപ്പത്തില്‍ ചിന്തിക്കാതെ നിലപാട് സ്വീകരിക്കാം. എന്നാല്‍ സുരക്ഷ പ്രശ്നം മുന്‍നിര്‍ത്തിയുള്ള റഷ്യയുടെ ആക്രമണത്തെ പൂര്‍ണമായും ഇന്ത്യക്ക് തള്ളിക്കളയുവാന്‍ സാധിക്കുമോ? ഇല്ല എന്ന് വേണം അനുമാനിക്കുവാന്‍.
പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും കൈയടി വാങ്ങുന്നതിനു വേണ്ടി ഇന്ത്യ യഥാര്‍ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് സമാധാനവാദികളായാല്‍ ഇന്ത്യയും റഷ്യയും പരസ്പരം അകലുവാന്‍ കാത്തിരിക്കുന്ന ചൈന- പാക് – അഫ്ഗാന് അച്ചുതണ്ടിന് ഇത് ശക്തി പകരും. അടിക്ക് തിരിച്ചടി നല്കുന്ന ഇന്നത്തെ ഇന്ത്യക്ക് ലോകത്ത് സമാധാനം മാത്രം മതിയെന്ന്വളരെ എളുപ്പത്തില്‍ പ്രഖ്യാപിക്കാനാവില്ല.
ഇന്ത്യ പിഒകെ പിടിച്ചാല്‍
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചേരി ചേരാ നയത്തിലൂടെ ഈ തന്ത്രപരമായ അബദ്ധം ഒരിക്കല്‍ സംഭവിച്ചു. അന്ധമായ അമേരിക്കന്‍ വിരോധത്താല്‍ ചേരി ചേരാ നയം മറയാക്കി കമ്മ്യൂണിസ്റ്റ് ചേരിയെ അദ്ദേഹം പ്രീണിപ്പിച്ചപ്പോള്‍ 1962 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കി. ആരും സഹായത്തിനെത്താതെ ഇന്നത്തെ ഉക്രൈന്റെ അവസ്ഥയാണ് അന്ന് ഇന്ത്യക്കുണ്ടായിരുന്നത് എന്നത് വിസ്മരിക്കരുത്. നെഹ്റുവിന് ലോകത്തിന്റെയും രാജ്യത്തെ ഇടതുപക്ഷ ബുദ്ധി ജീവികളുടെയും കൈയടി നേടാനായെങ്കിലും രാഷ്ട്രത്തിനു നഷ്ടം മാത്രമാണ് ഉണ്ടാക്കിയത്. ചരിത്രപരമായ മണ്ടത്തരം അവര്‍ത്തിക്കേണ്ടതുണ്ടോ?
സമീപ രാജ്യങ്ങളില്‍ നാറ്റോയുടെ സാന്നിധ്യം വര്‍ധിക്കുന്നത് ഭീക്ഷണിയാണെന്ന ചിന്തയില്‍ നിന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന് ഉക്രൈനെ ആക്രമിക്കുന്നത്. ഉക്രൈന് നിക്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് റഷ്യയുടെ ആവശ്യം. നിലവില്‍ റഷ്യയുടെ ലക്ഷ്യം ഉക്രൈനെ കോളനിയാക്കുകയെന്നതല്ല. പാശ്ചാത്യ ലോകവുമായി അടുക്കുന്ന ഉക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കിയെ പുറത്താക്കുകയെന്നതാണ്. പാകിസ്ഥാന് ചൈനയുമായി ചേര്‍ന്ന് കൊണ്ട് പാക് അധീന കാശ്മീരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതേ സുരക്ഷാ ഭീക്ഷണി തന്നെയല്ലേ ഇന്ത്യക്ക് നേരെയും ഉയര്‍ത്തുന്നത്.
നാളെ ഇന്ത്യയും പാക് അധീന കാശ്മീര്‍ പിടിച്ചെടുക്കുന്നതിന് സൈനിക നടപടി സ്വീകരിക്കുകയില്ല എന്ന് ഉറപ്പ് പറയാനാവില്ല. ഇന്ത്യയുടെ സുരക്ഷ മുന്‍ നിര്‍ത്തി ചിന്തിക്കുമ്പോള്‍ അത്യന്താപേക്ഷിതമായ ഒരു നടപടിയാണത്. അങ്ങനെയൊരു സാഹചര്യം രൂപപ്പെടുമ്പോള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഉക്രൈന്റെ അനുഭവത്തിന്റെ വെളിച്ചതില്‍ ഉറപ്പ് പറയാനാവുമോ. റഷ്യയും കൂടെയുണ്ടാവുമെന്ന് ഉറപ്പ് പറയാനാവില്ല. കൂടെ നിര്‍ത്തണമെങ്കില്‍ തന്ത്രപരമായിത്തന്നെ പ്രശ്നങ്ങളെ നേരിടണം.
ഇന്ത്യ യുദ്ധത്തെ പിന്തുണയ്ക്കണമെന്നാണോ എന്ന ചോദ്യം ഇവിടെ ഉയരാം. ഇവിടെ യുദ്ധമല്ല ഇന്ത്യയുടെ താല്പര്യങ്ങള്ക്കാണ് പ്രഥമ പരിഗണന. ഇതേ രാജ്യ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് 1998 ല്‍ ഇന്ത്യ അണുബോംബ് പരീക്ഷണം നടത്തിയപ്പോള്‍ ഉക്രൈന് അതിനെ വിമര്‍ശിച്ചതും ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ വോട്ട് ചെയ്തതും. ഭാരതത്തിന്റെ സുരക്ഷയ്ക്കാണ് അണുബോംബ് നിര്‍മിച്ചതെന്ന് ഉക്രൈന് അറിവില്ലാത്തത് കൊണ്ടല്ല, തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ അത്തരമൊരു നിലപാട് ഉക്രൈന് അന്ന് സ്വീകരിച്ചു. അതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. കാരണം, പരസ്പര സഹകരണ-സംഘര്‍ഷത്തിനിടയിലും സ്വന്തം താല്പര്യങ്ങള് നേടിയെടുക്കാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുക.
ആഗോളതലത്തില്‍ ഇന്ന് രൂപപ്പെട്ടിരിക്കുന്ന ഭീക്ഷണികള്‍ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഒരു രാജ്യം ഇന്ത്യയാണ്. ലോകം ജനാധിപത്യ- ജനാധിപത്യ വിരുദ്ധ ചേരിയായി വിഭജിക്കപ്പെട്ടിരിക്കുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ ഒരു വശത്തും ഏകാധിപത്യ ഭരണത്തിന് കീഴിലായ റഷ്യയും ചൈനയും ഉത്തരകൊറിയയും മത ഭരണം നിലനില്‍ക്കുന്ന ഇറാനും പാകിസ്ഥാനും മത -ഭീകരവാദികള്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമിടയില്‍ രൂപപ്പെടുന്ന എതിര് ചേരിയും. അതുകൊണ്ട് തന്നെ റഷ്യക്ക് എതിരെ എടുക്കുന്ന നിലപാട് ഈ ജനാധിപത്യ വിരുദ്ധ ചേരിയുടെ ഐക്യം വര്‍ധിപ്പിക്കും. ഇത് ഇന്ത്യക്ക് ഭീക്ഷണിയാണ്. റഷ്യയുടെ എല്ലാ പ്രവര്‍ത്തികളേയും ഭാരതം പി
ന്തുണയ്ക്കുമെന്ന് ഇതിന് അര്‍ത്ഥമില്ല. റഷ്യയെ ഇന്ത്യക്കു ഭയവുമില്ല. ഭയക്കുന്നുവെങ്കില്‍ അമേരിക്കയ്ക്കൊപ്പം ക്വാഡ് സുരക്ഷ സഖ്യത്തില്‍ ഇന്ത്യ അംഗമാവുമായിരുന്നില്ല. മറുവശത്ത് അമേരിക്കയുടെ വാക്കുകള്‍ അതേപടി ശിരസ്സാവഹിക്കാനും ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
ഉക്രൈന് വിഷയത്തില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും താല്പര്യമല്ല ഇന്ത്യയുടെ നിലപാടില്‍ പ്രതിഫലിക്കേണ്ടത്.ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും സാഹചര്യങ്ങള്‍ വിശകലനം ചെയ്താവണം നിലപാട് സ്വീകരിക്കേണ്ടത്. അത് കൃത്യമായി ഇപ്പോള്‍ നിറവേറ്റുന്നു.
ഇന്ത്യ അമേരിക്കന്‍ ചേരിയില്‍ ചേര്‍ന്നു എന്നായിരുന്നു ഒരു ഘട്ടത്തില്‍ വലിയ വിമര്‍ശനം. ഇതിനുള്ള മികച്ച മറുപടിയാണ് റഷ്യ – ഉക്രൈന് സംഘര്‍ഷത്തില്‍ അമേരിക്കന്‍ നിലപാടിനെ പൂര്‍ണമായും ഇന്ത്യ ഏറ്റെടുക്കാതിരിക്കുന്നത്.
പാകിസ്ഥാന്റെ റഷ്യന്‍ പ്രേമം
ചൈന റഷ്യയെ പിന്തുണയ്ക്കുന്നതിനു പിന്നില്‍ തയ്വാന്, ഹോങ്കോങ് അധിനിവേശത്തിന് റഷ്യന്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ്. അമേരിക്കന്‍ ചേരിയില്‍ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സൈനിക സഹായങ്ങള്‍ നിലച്ചപ്പോള്‍ ഒരു പുതിയ സ്രോതസ്സായിട്ടാണ് പാകിസ്ഥാന് ചൈനയെയും റഷ്യയെയും കാണുന്നത്. ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്ക രക്ഷിക്കുവാന്‍ എത്തുകയില്ലെന്ന ഉത്തമ ബോധ്യവും പാകിസ്ഥാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ റഷ്യയെ വിമര്‍ശിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇപ്പോള്‍ പാകിസ്ഥാനാണ്. കാരണം, റഷ്യന്‍ സഹായങ്ങള്‍ ലഭിക്കുവാന്‍ പാകിസ്ഥാന് അത് ഉപകാരമാവും. നെഹ്റു വരുത്തിയ പിഴവുകളാണ് ശീതയുദ്ധകാലത്ത് പാകിസ്ഥാനെ അമേരിക്കന്‍ ചേരിയില്‍ എത്തിക്കുകയും മറ്റ് സഹായങ്ങള്‍ക്ക് പുറമെ, ഇതുവരെയായി 79 ബില്യണ്‍ യു. എസ് ഡോളറിന്റെ സൈനിക സഹായം ലഭിക്കുവാന്‍ സഹായിച്ചതും. ഇന്ന് അത് നിലച്ചിരിക്കുന്നു. അതിനാല്‍ പാകിസ്ഥാന് റഷ്യന്‍ സഹായം ലഭിക്കുവാന്‍ തന്ത്രപരമായ പിഴവ് ഇന്ത്യ വരുത്തേണ്ടതുണ്ടോ? പാകിസ്ഥാനില്‍ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍ ചൈന മാത്രമായിരിക്കും ഇന്ന് അതിനെ എതിര്‍ക്കുക.
റഷ്യ പാക്കിസ്താനുമായി സഖ്യത്തിലേര്‍പ്പടാതെ നോക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. അതിന് ഇന്നത്തെ തന്ത്രപരമായ മൗനം അത്യാവശ്യമാണ്. ഇന്ത്യയോടുള്ള പേടി തന്നെയാണ് ഇമ്രാന് ഖാനെ റഷ്യയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഭാരതത്തെ ഉപേക്ഷിച്ചു കൊണ്ട് ഇമ്രാന് ഖാന് പുടിന് കൈ കൊടുക്കും എന്ന് വിശ്വസിക്കാനാവില്ല. ഇമ്രാന് ഖാന്റെ ഈ സന്ദര്‍ശനം ചരിത്രപരമായ ദുരന്തമായി മാറുവാനേ സാധ്യതയുള്ളൂ.
യുദ്ധത്തിന്റെ ഫലം അനുഭവിക്കുന്നത് ലോകം ഒന്നിച്ചാണ്. സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്നത് നീതികരിക്കാനാവില്ല. അതില്‍ ശക്തമായ പ്രതികരണം ഭാരതം നടത്തി കഴിഞ്ഞു. എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും നിലവിലെ സംഘര്‍ഷം ഒഴിവാക്കണമെന്നും യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
നിലവിലെ വിഷയത്തില്‍ ഉക്രൈന്റെ രക്ഷയെക്കാളുപരി മറ്റ് രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങളാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ ലക്ഷ്യം. അവയ്ക്കൊപ്പം നില്ക്കുകയല്ല ഇന്ത്യ ചെയ്യേണ്ടത്. സ്വന്തം താത്പര്യങ്ങള്‍ ബലികഴിച്ച് ശീതയുദ്ധകാലത്തേത് പോലെ ലോകനേതാവ് ചമയാന്‍ ഇന്ത്യ ശ്രമിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: