മംഗലാപുരം: ബജ്രംഗദള് പ്രവര്ത്തകന് ഹര്‍ഷയുടെ കൊലപാതകത്തെ തുടര്‍ന്ന് മതമൗലികവാദികളുടെ വ്യാപക അക്രമത്തിന് സാക്ഷ്യം വഹിച്ച ശേഷം ശിവമോഗ ജില്ല സാധാരണ നിലയിലേക്ക് മടങ്ങുന്നു.എല്ലാ കര്‍ഫ്യൂ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. എന്നിരുന്നാലും എല്ലാ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച വരെ അടച്ചിരിക്കുന്നതിനാല്‍ ഇന്ന് വരെ നിരോധന ഉത്തരവുകള്‍ നിലനില്ക്കും. സമാധാനം പുനസ്ഥാപിക്കുന്നതിന് നഗരത്തില്‍ കനത്ത പോലീസ് സാന്നിധ്യം തുടരും.
അതിനിടെ, കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഭദ്രാവതി ടൗണ്‍ സ്വദേശി അബ്ദുള്‍ റോഷന് (24), ശിവമോഗ സിറ്റി സ്വദേശി ജാഫര്‍ സാദിഖ് (55) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കാറുകളും ഒരു ബൈക്കും കണ്ടെടുത്തു. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ കര്ണാടകയുടേതല്ലെന്ന് പോലീസ് അറിയിച്ചു.
പോലീസിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ യുവാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ വാങ്ങും. ഹര്‍ഷയെ വെട്ടിക്കൊലപ്പെടുത്താന്‍ കൊലയാളികള്‍ ഭദ്രാവതി ടൗണിലെ ചൂളയില്‍ വെച്ച് വെട്ടുകത്തി ഉള്‍പ്പെടെ പുതിയ ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കൊലയാളികള്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെ കാറില്‍ ഹര്‍ഷയെ പിന്തുടരുകയും അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹര്‍ഷയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഹര്‍ഷ ഹിന്ദു എന്നറിയപ്പെട്ടിരുന്ന ഹര്‍ഷ ഹൈന്ദവ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും അനധികൃതമായി പശുക്കളെ കടത്തുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹിന്ദുത്വ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ഹിജാബ് വിഷയത്തില്‍ അഭിപ്രായമിടുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് നേരെയും മതമൗലിക വാദികള്‍ വ്യാപകമായി കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: