കീവ് : റഷ്യ- ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങാനുള്ളവര്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങണമെന്ന് പുതിയ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. കീവിലെ സംഘര്‍ഷ മേഖലയില്‍ തുടരുന്നവര്‍ അവിടെ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകും. ഇത് സൗജന്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമെത്തുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. സര്‍വീസുകള്‍ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ട്രെയിന്‍ സര്‍വീസ് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.
അതേസമയം ഉക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നിതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. ഉക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ച വിദേശകാര്യമന്ത്രാലയത്തോട് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
യുക്രെയ്ന്റെ കിഴക്കന്‍ പ്രദേശങ്ങളായ കിയെവ്, ഖാര്‍കിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: