വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ ഗൂഗിളും. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്ടിയേയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല. പ്രസ്തുത മാധ്യമങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് നിര്‍ദ്ദേശിക്കുന്നതും യൂട്യൂബ് നിയന്ത്രിക്കും.
ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ ചാനലുകള്‍ ഉക്രൈനില്‍ ഇനി ലഭിക്കില്ല. യുക്രൈന് ഭരണകൂടത്തിന്റെ അപേക്ഷയെ തുടര്‍ന്നാണിത്. ഉക്രൈന് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളോട് റഷ്യയ്ക്കുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിലക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
നേരത്തെ ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. റഷ്യ യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കുന്നത് നിര്‍ത്തിവെക്കുകയാണ്. ഇതില്‍ യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളും ഉള്‍പ്പെടുമെന്നും യൂട്യൂബ് വ്യക്തമാക്കി. 2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26 ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് റഷ്യ 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: