കൊച്ചി: മൂന്നര പതിറ്റാണ്ടിന് ശേഷം കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പല പ്രമുഖരുടെയും തല ഉരുളും. ആറു പതിറ്റാണ്ടിന് ശേഷം വി.എസ്. അച്യുതാനന്ദന് ഇല്ലാത്ത പാര്‍ട്ടി സമ്മേളനമെന്ന പ്രത്യേകതയും കൊച്ചിയിലെ സമ്മേളനത്തിനുണ്ടാകും. 1985ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് എം.വി. രാഘവനെ പാര്‍ട്ടി പുറത്താക്കിയത്. 36 വര്‍ഷത്തിന് ശേഷം വീണ്ടും കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പിണറായി വിജയന് പാര്‍ട്ടിയിലുള്ള ആധിപത്യം സമ്പൂര്‍ണമാകും. ഒറ്റതിരിഞ്ഞുള്ള എതിര് ശബ്ദങ്ങള്‍ സമ്മേളനത്തോടെ പൂര്‍ണമായും ഇല്ലാതാകും.
തോമസ് ഐസക്ക്, കെ.കെ. ഷൈലജ, പി. ജയരാജന്, എ.എം. ഷംസീര്‍, എസ്. ശര്‍മ്മ, സി.എം. ദിനേശ് മണി, യു. പ്രതിഭ, എം.സി. ജോസഫൈന് തുടങ്ങിയവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും. കൊച്ചി സമ്മേളനം കഴിയുന്നതോടെ അവശിഷ്ട വിഎസ് ഗ്രൂപ്പുകാരും ഇല്ലാതാകും. തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രമല്ല സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കും. 91ലെ കോഴിക്കോട് സമ്മേളനത്തിലാണ് ഐസക്ക് സംസ്ഥാന സമിതിയിലെത്തുന്നത്. ഈ സമ്മേളനത്തില്‍ പിണറായിയുടെ പ്രധാന ടാര്‍ജറ്റ് തോമസ് ഐസക്കാണ്. തോമസ് ഐസക്ക്, കെ.കെ. ഷൈലജ, പി. ജയരാജന് ഉള്‍പ്പെട്ട കുറുമുന്നണി അടുത്തകാലത്തായി പാര്‍ട്ടിയില്‍ രൂപപ്പെട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയായി തുടര്‍ന്നേക്കും. സമ്മേളനത്തിന് ശേഷം മന്ത്രി സഭയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
പതിവിന് വിപരീതമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: