കൊച്ചി: ആലുവ മഹാശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ അറിയിച്ചു.
മണപ്പുറത്ത് ബലിതര്‍പ്പണത്തിന് 150 ബലിത്തറകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും ബലിതര്‍പ്പണ ചടങ്ങുകള്‍. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്ക് ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍ വിദഗ്ദധരുടെയും സ്ക്യൂബ ടീമിന്റെയും സേവനവും ഉറപ്പാക്കി.
സുരക്ഷയ്ക്കായി ആവുല റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സേനയും സജ്ജമായിരിക്കും. ജല അതോറിറ്റി, ആലുവ നഗരസഭ എന്നിവര്‍ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും.കെഎസ്ആര്‍ടിസി ആലുവയിലേക്ക് സ്പെഷല്‍ ബസ് സര്‍വ്വീസുകള്‍ നടത്തും. ഇതിനായി ആലുവയില്‍ ബസ് പാര്‍ക്കിങ്ങിന് താത്ക്കാലിക സ്റ്റാന്‍ഡ് ഒരുക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: