കേരളത്തില്‍ ഹിന്ദുത്വത്തിന് കരുത്തു നല്‍കാനായി ജീവിച്ചവരെ ഭാവി തലമുറകള്‍ക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി ജന്മഭൂമിയില് എഴുതാന്‍ ഉദ്ദേശിച്ചത്. സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെയും, അവയുമായി ബന്ധപ്പെട്ട മറ്റു പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിചയത്തില്‍ വരാനിടയായവരെ ഇന്നത്തെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും സഹൃദയനുമായിരുന്ന എ.ഡി. നായര്‍ എന്നെപ്പോലുള്ളവര്‍ക്ക് അവിടെ ആതിഥേയനായിരുന്നു. പ്രസിദ്ധിപരാങ്മുഖത സഹജസ്വഭാവമായ സംഘത്തിന്റെ പ്രവര്‍ത്തകര്‍ സമാജത്തിന് നല്കുന്ന സംഭാവനകള്‍ വിസ്മൃതമായിപ്പോകുന്നത്, ഭാവിതലമുറകള്‍ക്കു നഷ്ടം വരുത്തുന്നുവെന്ന അഭിപ്രായം അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും സഞ്ചരിക്കേണ്ടി വന്നപ്പോള്‍ ഇടപെടേണ്ടി വന്ന ആളുകളെക്കുറിച്ച് എഴുതുവാന്‍ അതു പ്രേരണയായി. ജന്മഭൂമിയുടെ ചുമതലയില്നിന് ഔപചാരികമായി ഒഴിഞ്ഞ 2000-ാമാണ്ടില്‍ അങ്ങനെ വാരാദ്യപ്പതിപ്പിലെ ഒരു പംക്തിയായി ഇതാരംഭിച്ചു. നേരിട്ടു പരിചയമുള്ളവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് എഴുതിയത്. വായനക്കാരില്‍നിന്നുണ്ടായ പ്രോത്സാഹകരമായ പ്രതികരണമാണ് ഇതു തുടരാന്‍ പ്രചോദനമായത്. ആയിരത്തിലേറെപ്പേരെക്കുറിച്ച് പരമാര്ശിച്ചിട്ടുണ്ടാവണം. ലേഖകന്റെ ഓര്‍മശക്തിയും ആരോഗ്യവും ക്ഷയിച്ചുവരുന്നിനാല് ഇനി ഇതെത്രനാള്‍ തുടരാനാവുമെന്നറിയില്ല. കഴിഞ്ഞ ആഴ്ചകളില്‍ നമ്മെ വിട്ടുപിരിഞ്ഞ ഏതാനും മുതിര്‍ന്ന പ്രവര്‍ത്തകരെക്കുറിച്ച് എഴുതാതിരിക്കുന്നതും ശരിയല്ല.
ടി.ആര്.കെ. ഭട്ട്
കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്തുതന്നെ അതില്‍ ഭാഗഭാക്കുകളായവരില് കാസര്‍കോട്ടെ ടി.ആര്.കെ.ഭട്ട് അവിസ്മരണീയനാണ്. കാസര്‍കോട് ഭരണപരമായി തെക്കന്‍ കര്ണാടകത്തിലായിരുന്നപ്പോള് 1940 കളുടെ തുടക്കത്തില്‍ത്തന്നെ മംഗലാപുരവുമായി ബന്ധപ്പെട്ട് സംഘപഥത്തില്‍ പ്രവേശിച്ചിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ ഇപ്പോഴും അവിടം കര്‍ണാടകയുടെ ഭാഗംതന്നെ. അതേസമയം രാഷ്ട്രീയമായി കേരളത്തിലാകയാല് ജനസംഘവും ബിജെപിയും കേരളത്തിന്റെ ഭാഗമാകുന്നു. ബിജെപി അവിടെ സുശക്തവുമാണ്. ബിജെപിയെ വിജയിക്കാനനുവദിക്കാതിരിക്കുകയെന്ന ഇതരകക്ഷികളുടെ ഹീനമായ രാഷ്ടീയ കുതന്ത്രങ്ങള്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവല്ലോ.
അവിടെ മഞ്ചേശ്വരം മണ്ഡലത്തിലെ ജനസംഘത്തിന്റെ പ്രമുഖ പ്രവര്‍ത്തകരില്‍ ഒരാളെന്ന നിലയ്ക്കാണ് ടി.ആര്.കെ. ഭട്ടിനെ പരിചയപ്പെട്ടത്. മലയാളത്തേക്കാള്‍, കന്നട, തുളു, കൊങ്കണി, മറാഠി, കരാഡ് ഭാഷക്കാരാണ് അവിടത്തെ നിവാസികള്‍. ടിആര്‍കെ കരാഡ് ഭാഷക്കാരനാണെന്നാണെന്റെ ധാരണ. സംഘപ്രസ്ഥാനങ്ങളില്‍ ഏറെ സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. മഞ്ചേശ്വരത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷനായും, എന്മകജെ സഹകരണ ബാങ്കിന്റെ ചെയര്‍മാനായുമൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പു കാലത്തും ടിആര്‍കെ സജീവമായി രംഗത്തുണ്ടായിരുന്നു. ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും സംസ്ഥാന സമിതി യോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തു വന്നു. അടിയന്തരാവസ്ഥയ്ക്കു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി കാസര്‍കോട് ഉജറെ ഈശ്വര്‍ഭട്ട് മത്സരിച്ചപ്പോള്‍ പ്രചാരണച്ചുമതല അദ്ദേഹത്തിനായിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ ഭാരതത്തിലെ തന്നെ ഏറ്റവും ശക്തമായ ചെറുത്തുനില്‍പ്പുണ്ടായത് കാസര്കോടായിരുന്നുവെന്നത് മുഖ്യമന്ത്രി അച്ചുതമേനോനെയും ആഭ്യന്തര മന്ത്രി കരുണാകരനെയുമൊട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. അവിടത്തെ ആര്‍എസ്എസ് ജനസംഘ പ്രവര്‍ത്തകരെ പാഠം പഠിപ്പിക്കാന്‍ അച്ചുത രാമന് എന്ന ഐപിഎസുകാരനെ ചുമതലപ്പെടുത്തി. ടിആര്കെയ്ക്കു അതിഭീകരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. മരണത്തെ വെല്ലുവിളിച്ചവര്‍ എന്ന പുസ്തകത്തില്‍ പൈവളിഗെ ഗ്രാമം കടന്നുപോയ യാതനകളെ വിവരിക്കുന്നുണ്ട്.
സംസ്ഥാനതലത്തിലുള്ള ചുമതലയുണ്ടായിട്ടും കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ അദ്ദേഹം ഏറെ അറിയപ്പെട്ടില്ല എന്നതു നിര്‍ഭാഗ്യകരമായി. എറണാകുളത്തെ പച്ചാളത്തുള്ള ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അവകാശങ്ങള്‍ ഉണ്ട്. അവിടത്തെ വിശേഷാവസരങ്ങളില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.
തൊണ്ണൂറ്റി ആറാം വയസ്സിലാണ് ടിആര്‍കെ നമ്മോടു വിട പറഞ്ഞത്. അതോടെ അവിടത്തെ സംഘപ്രവര്‍ത്തനത്തിന്റെ തുടക്കക്കാര്‍ അവസാനിച്ചുവെന്നാണ് എനിക്കു തോന്നുന്നത്. 1950 കളുടെ അവസാന വര്‍ഷങ്ങള്‍ മുതല്‍ അടുപ്പമുള്ള സ്ഥലവും ആളുകളും ഇപ്പോള്‍ മാറി, പുതുതലമുറകള്‍ രംഗത്തു വന്നുകഴിഞ്ഞുവല്ലൊ.
പി. കെ. നാരായണന്
1960 കള്‍ മുതല്‍ നാലു പതിറ്റാണ്ടുകാലം പ്രചാരകനായും പ്രമുഖ കാര്യകര്‍ത്താവെന്ന നിലയ്ക്കും സ്വയംസേവകരുടെ മനസ്സില്‍ ഉറച്ച സ്ഥാനം കൈവശമാക്കിയിരുന്ന നാരായണന് ചേട്ടന് എന്നും, നാരായണ്‍ജി എന്നും അറിയപ്പെട്ടിരുന്ന പി.കെ. നാരായണന് കഴിഞ്ഞ ദിവസം അന്തരിച്ച വിവരം പലരും വിളിച്ചറിയിച്ചു. തൃശൂരില്‍ നിന്ന് അനന്തനും, ആലപ്പുഴയില്‍നിന്ന് ജാനകീ റാമും വടക്കാഞ്ചേരിയില്‍നിന്ന് കൃഷ്ണനും ഫോണിലൂടെ കാര്യമറിയിച്ചപ്പോള്‍ അവരുടെ മനസ്സില്‍ അദ്ദേഹം അങ്കുരിപ്പിച്ച വികാര സാന്ദ്രത പ്രകടമായിരുന്നു.
രാ. വേണുഗോപാല്‍ എറണാകുളം ജില്ലാ പ്രചാരകനായിരുന്ന അറുപതുകളില്‍ എഫ്എസിറ്റിയില്‍ ഇലക്ട്രീഷ്യന് ജോലി തേടി എത്തിയതായിരുന്നു നാരായണന്. കൊല്ലങ്കോട്ടുകാരായിരുന്ന രണ്ടുപേരും സ്വാഭാവികമായും അടുത്തു. ഏലൂരെയും ആലുവയിലെയും സംഘപ്രവര്‍ത്തനത്തില്‍ മത്സ്യം വെള്ളത്തിലെന്നപോലെ അദ്ദേഹം മുഴുകി. സംഘശിക്ഷാവര്‍ഗുകളില്‍ അദ്ദേഹം ശിക്ഷാര്ത്ഥി മാത്രമല്ല ആവശ്യം വന്നാല്‍ ഇലക്ട്രീഷ്യനുമാവുമായിരുന്നു. 1965 ല്‍ കാലടിയില്‍ കേരളത്തിലെ ആദ്യ സംഘശിക്ഷാവര്ഗു നടന്നപ്പോള്‍ അവിടെ അദ്ദേഹം ദ്വിതീയ വര്‍ഷ ശിക്ഷണം നേടി. തുടര്‍ന്ന് പ്രചാരകനാകാതിരിക്കാന് കഴിയില്ല എന്ന അന്തഃപ്രചോദനമുണ്ടായി. കുടുംബത്തിലും മറ്റു പരിചയത്തിലുമുള്ളവരുടെ ഉപദേശങ്ങള്‍ക്കു വശംവദനാകാതെയാണദ്ദേഹം പ്രചാരകനായത്.
ജനസംഘത്തിന്റെ സംസ്ഥാന സഘടനാ കാര്യദര്‍ശി എന്ന നിലയ്ക്കു തിരുവനന്തപുരത്തു പോകേണ്ടി വന്നപ്പോള്‍ അദ്ദേഹുമായി കൂടുതല്‍ അടുക്കാന്‍ അവസരമുണ്ടായി. കോട്ടയത്തും കൊല്ലത്തുമെല്ലാം ചുമതല വഹിച്ചു. സ്വയംസേവകരുമായി ഹൃദയംഗമമായ അടുപ്പം നിലനിര്‍ത്തിവന്നു. പക്ഷേ എവിടെയോ വന്ന ഒരു കല്ലുകടി അദ്ദേഹത്തെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നു പിന്മാറാന് ഇടയാക്കി. ആ സമയത്തും വ്യക്തിബന്ധങ്ങള്‍ ദൃഢമായി തുടര്‍ന്നു വന്നു. പല സുഹൃദ് സംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ജ്യേഷ്ഠ സഹോദരിയുടെ തൃശ്ശിവപേരൂരിലെ വീട്ടിലായിരുന്നു താമസം. അവിടെ പോയി അദ്ദേഹവുമായി മണിക്കൂറുകള്‍ സംസാരിക്കാന്‍ അവസരമുണ്ടായി.
പിന്നീട് മുതിര്‍ന്ന സംഘാധികാരിമാരുടെ നിര്‍ദേശപ്രകാരം അവിടത്തെ വിഭാഗ് കാര്യാലയത്തിലായി വാസം. അതദ്ദേഹത്തിന്റെ പൊതുവേയുള്ള ശാരീരികവും മാനസികവുമായ സ്വസ്ഥതയ്ക്കു ഗുണം ചെയ്തു. രോഗം വഷളായതും ആസ്പത്രിയില്‍ കൊണ്ടുപോയതും അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. തൃശ്ശിവപേരൂരിലെ അനന്തന് അദ്ദേഹവും ഒരുമിച്ചുള്ള ഫോട്ടോകളും അയച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും നിന്നു മുതിര്‍ന്ന കാര്യകര്‍ത്താക്കളും, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചുവന്ന പ്രചാരകന്മാരും സംവേദനാ പൂര്‍വമായ വിവരങ്ങള്‍ പങ്കുവച്ചു.
റായ് ഷേണായ്
എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന് റായ് ഷേണായി 95-ാം വയസ്സില്‍ വിട്ടുപിരിഞ്ഞതായി അവിടെ നിന്നും ടി. സതീശന് അറിയിച്ചപ്പോള്‍ ഒരുപാടോര്മകള് കടന്നുവന്നു. അദ്ദേഹവുമായി എനിക്കത്ര അടുപ്പമില്ലായിരുന്നു. എറണാകുളത്തെ ആദ്യകാല സ്വയംസേവകന് എന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്നദ്ദേഹമാണ്. കെ.ജി. വാധ്യാര് എന്ന ഗുണ ഭട്ട്, വെങ്കിടേശ്വര് ഷേണായ് തുടങ്ങിയവര്‍ക്കൊപ്പം ആദ്യശാഖയില്ത്തന്നെ അദ്ദേഹം പങ്കെടുത്തുവത്രേ.
1952 ല്‍ കൊല്ലത്തു നടന്ന അന്നത്തെ തിരുകൊച്ചിയിലെയും മധുര, തിരുനെല്‍വേലി ജില്ലയിലേയും സ്വയംസേവകര്ക്കായുള്ള ശീതകാല ശിബിരത്തില്‍ തിരുവനന്തപുരത്തുനിന്നു ഞാനും പങ്കെടുത്തിരുന്നു. സര്‍കാര്യവാഹ് മാനനീയ ഭയ്യാജി ദാണി പങ്കെടുത്ത ശിബിരത്തിന്റെ ഉദ്ഘാടനം ആര്. ശങ്കറും, സമാപന സമ്മേളനാധ്യക്ഷന് മന്നത്തു പത്മനാഭനുമായിരുന്നു.
ശിബിരത്തിലെ സംഘസ്ഥാനില്‍ മുഖ്യ ശിക്ഷക് എസ്.ജി. സുബ്രഹ്മണ്യം ഇടയ്ക്കിടെ വിളിച്ചു വന്ന പേരില്‍ ഒന്ന് റായ് ഷേണായിയുടെയായിരുന്നു. മറ്റു പേരുകള്‍ സാധാരണം തന്നെ. അവിടെ അടുത്തറിയാന്‍ അവസരമുണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം പ്രചാരകനായി എറണാകുളത്തു പരമേശ്വര്‍ജിയുടെ മുന്നില്‍ ഹാജരായി. അവിടെ ഏതാനും ദിവസം താമസിക്കുന്നതിനിടെ പഴയ കാര്യകര്‍ത്താക്കളെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നു. അതിവേഗം പ്രശസ്തനായി വരുന്ന വക്കീലായിരുന്നു അന്നദ്ദേഹം.
ഹിന്ദു മഹാ മണ്ഡലത്തിന്റെ തുടക്കകാലത്തു എറണാകുളത്ത് അതിന്റെ കാര്യങ്ങള്‍ക്കായി റായ് ഷേണായിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നറിഞ്ഞു. മഹാമണ്ഡലം പൊലിഞ്ഞ സ്വപ്നമാകുകയും എറണാകുളത്തെ രാഷ്ട്രീയാന്തരീക്ഷം അതിന് പറ്റിയതല്ലാതാകുകയുമായിരുന്നുവത്രേ.
മണത്തലപ്പള്ളിക്കു മുന്നിലൂടെ ഹിന്ദുക്കള്‍ എഴുന്നെള്ളിപ്പു കൊണ്ടുപോകാന്‍ 1958 ല്‍ മുസ്ലിങ്ങള്‍ തടസ്സം സൃഷ്ടിച്ചതിനെതിരെ നടന്ന ഹിന്ദുക്കളുടെ സമരം പ്രക്ഷുബ്ധാന്തരീക്ഷമുണ്ടാക്കിയപ്പോള്, ജസ്റ്റിസ് പി.ടി. രാമന് നായരുടെ കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതിനും ഹിന്ദുക്കള്‍ക്കനുകൂലമായ വിധി സമ്പാദിച്ചതിനും പിന്നില്‍ റായ് ഷേണായിയുടെ സീനിയര്‍ അഭിഭാഷകന് രാമ ഷേണായിയായിരുന്നുവെന്നതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കുമേല്‍ ഇഷ്ടംപോലെ കുതിര കയറാന്‍ മുസ്ലിം തീവ്രവാദികള്‍ക്ക് അസാധ്യമാക്കപ്പെടുന്ന ഐതിഹാസികമായ വിധിക്കു അദ്ദേഹം നടത്തിയ പരിശ്രമം ഓര്‍ക്കേണ്ടതാണ്.
മാ: ഭാസ്കര്‍ റാവുവിന്റെ ജീവചരിത്രമെഴുതാന്‍ എനിക്ക് ഒട്ടേറെ വിവരങ്ങള്‍ തന്നതദ്ദേഹമായിരുന്നു. അതിനായി ഒരു ദിവസം മുഴുവന്‍ അദ്ദേഹം എനിക്കു തന്നു. എറണാകുളത്തെ സംഘത്തിന്റെ ഒരു ആദ്യകാല കണ്ണി ഇതോടെ അറ്റുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: