കള്ള സത്യവാങ്മൂലം നല്‍കിയും നല്‍കാതെയും ബാങ്കുകളെ കബളിപ്പിച്ച വമ്പന്മാര്‍ പിടിക്കപ്പെടാറില്ല. അതേ സമയം ചില്ലറക്കാശ് വായ്പയെടുത്ത ചില്ലറക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് തെളിവെത്രയോ ഉണ്ടുതാനും.
അതുകൊണ്ടാണ് ശതകോടികള്‍ വായ്പയെടുത്ത വമ്പന്മാര്‍ തിരിച്ചടവ് കര്‍ശനമാക്കിയപ്പോള്‍ രാജ്യംവിട്ട് ഓടിയത്. അതിന് വലിയ വാര്‍ത്താപ്രാധാന്യവും ലഭിച്ചു. കേന്ദ്രം ഭരിക്കുന്നവര്‍ നാലുപേര്‍ എന്ന തലക്കെട്ടില്‍ ഏറ്റവും ഒടുവില്‍ അരുന്ധതിറോയി ഒരു കുറിപ്പിട്ടു. ഒന്ന് നരേന്ദ്രമോദി, രണ്ട് അമിത്ഷാ, മറ്റേ രണ്ടുപേര്‍ അംബാനിയും അദാനിയും.
ആദ്യം പറഞ്ഞ രണ്ടുപേര്‍ വില്‍ക്കാന്‍ ഇരിക്കുന്നവര്‍. രണ്ടാമത്തെ സംഘം വാങ്ങാനുള്ളവര്‍. എന്തൊക്കെ വിറ്റു, ഏതൊക്കെ വാങ്ങി എന്നതിന്റെ വിശദാംശങ്ങളൊന്നും പറയുന്നില്ല. വില്‍ക്കലും വാങ്ങലും മാത്രം നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറ്റൊന്നും നോക്കേണ്ടതില്ലല്ലൊ. ഇതിനിടയിലാണ് ബാങ്ക് വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട മൂന്നുപേരുടെ രഹസ്യം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
കോടികളുടെ വായ്‌പ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്ല്യ, നീരവ് മോദി, മേഹുല്‍ ചോക്സി എന്നിവര്‍ 18,000 കോടി രൂപമടക്കി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചതാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ദുരുപയോഗം ചെയ്ത് കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്റിന് കൂടുതല്‍ അധികാരം നല്‍കിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി തട്ടിപ്പുകാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. തട്ടിപ്പുകാരുടെ കേസുകള്‍ ശ്രദ്ധാപൂര്‍വ്വം സ്വീകരിക്കുകയും കാര്യക്ഷമമായി വാദിക്കുകയും ചെയ്യുന്ന കപില്‍ സിബല്‍, അഭിഷേക് മനുസിങ്വി, മുകുള്‍ റോഹ്ത്തഗി എന്നിവരാണ് ഹാജരാകുന്നത്. ജാമ്യവ്യവസഥ കര്‍ക്കശമാണ്, അറസ്റ്റിന്റെ കാരണം പറയുന്നില്ല, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല. കള്ളപ്പണം വെളുപ്പിക്കലിന്റെ നിര്‍വ്വചനം വിപുലമാക്കുകയാണ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് തട്ടിപ്പുകാര്‍ കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ പല വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍, ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വളരെക്കുറച്ചു കേസുകള്‍ മാത്രമേ അന്വേഷിക്കുന്നുള്ളുവെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ബ്രിട്ടനില്‍ കള്ളപ്പണം വെളുപ്പിക്കലിന് 7900 കേസുകളും അമേരിക്കയില്‍ 1532 കേസുകളും ചൈനയില്‍ 4691 കേസുകളും ആസ്ട്രിയയില്‍ 1036 കേസുകളും ഹോങ്കോങ്ങില്‍ 1823 കേസുകളും ബെല്‍ജിയത്തില്‍ 1862 കേസുകളും റഷ്യയില്‍ 1764 കേസുകളുമാണ് ഒരു വര്‍ഷം എടുത്തിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് ആകെ 4700 കേസുകള്‍ മാത്രമാണ് ഇവിടെ അന്വേഷിക്കുന്നത്.മൊത്തം 67000 കോടിയുടെ കേസുകളാണിത്. കേന്ദ്രസര്‍ക്കാര്‍ ശുഷ്‌കാന്തിയോടെ പെരുമാറി വെട്ടിപ്പ് നടത്തിയ പണം തിരിച്ചുപിടിക്കുന്നതിന് പ്രചാരണമില്ല. പഴയകാലമല്ല ഇന്നത്തേതെന്ന ചരിത്ര സത്യം എത്ര മൂടിവച്ചാലും പുറംലോകം അറിയുക തന്നെ ചെയ്യും.
ഇതിനിടയിലാണ് കേരള സര്‍ക്കാരിന്റെ കള്ളക്കളി. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ പ്രശ്നത്തില്‍ ഗവര്‍ണര്‍ കയറിപ്പിടിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലൊ. അതിനിടയില്‍ ഇരിക്കട്ടെ ഗവര്‍ണര്‍ക്ക് ഒരു താങ്ങ് എന്ന മട്ടില്‍ വന്നിരിക്കുന്നു പുതിയ വാര്‍ത്ത. രാജ്ഭവന് പുതിയ കാര്‍ വാങ്ങാനുള്ള തുക അനുവദിച്ചു എന്ന പേരിലാണത്. പുതിയ കാര്‍ വാങ്ങാനുള്ള കുറിപ്പൊന്നും ആരിഫ് മുഹമ്മദ്ഖാന്‍ നല്‍കിയതല്ല. 2019ല്‍ ആണ് പുതിയ കാര്‍ വാങ്ങാനുള്ള നിര്‍ദ്ദേശം രാജ്ഭവനില്‍ നിന്നും അയക്കുന്നത്. ആരിഫ് മുഹമ്മദ്ഖാന്‍ ചുമതയേല്‍ക്കുന്നത് 2019 സെപ്തംബറിലും. പത്തു വര്‍ഷം പിന്നിട്ട വാഹനം ആണെന്നും അതിനാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. വാഹനം മാറ്റണമെന്ന മെക്കാനിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കമാണ് അന്ന് കത്ത് അയച്ചത്.
അതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ആരിഫ് മുഹമ്മദ്ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. വര്‍ഷം രണ്ട് കഴിയുകയും ചെയ്തു. എന്നിട്ടും വാഹനം വാങ്ങണമെന്ന ആവശ്യത്തില്‍ നടപടികളെടുത്തിരുന്നില്ല. അതേസമയം മുഖ്യമന്ത്രിയുടെ വാഹനം മാറ്റി പുതിയത് വാങ്ങുകയും ചെയ്തു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കാലങ്ങളായി ചെയ്യുന്ന ധൂര്‍ത്ത് പുറത്താകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായിട്ടാണ് ഗവര്‍ണര്‍ പുതിയ വാഹനം ആവശ്യപ്പെട്ട കത്തിന്റെ വിവരം ഇടത് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടതെന്ന് വ്യക്തം. അതേസമയം താന്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. അതോടെ ആരിഫ് മുഹമ്മദ്ഖാന്‍ വാഹനം ആവശ്യപ്പെട്ടെന്ന അവകാശ വാദം പൊളിഞ്ഞു.
ഇതിനെ മറികടക്കാനാണ് രണ്ട് വര്‍ഷം മുമ്പ് രാജ് ഭവന്‍ ആവശ്യപ്പെട്ട കാറിന് തുക അനുവദിച്ചത്. പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85.18 ലക്ഷം രൂപയാണ് അനുവദിച്ചത്. ബെന്‍സിന്റെ ജിഎല്‍ഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്. ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞതിനാലും സുരക്ഷാ കാരണങ്ങളാലും രാജ്ഭവന് വാഹനം സ്വീകരിക്കാതിരിക്കാന്‍ ആകില്ല. ഇതോടെ ഗവര്‍ണറും ധൂര്‍ത്താണ് നടത്തുന്നതെന്ന് പ്രചരിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. എന്തെല്ലാം കാണണം. ഏതെല്ലാം കേള്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: