Categories: Article

പ്രജ്ഞാനം ആനന്ദമാക്കുമ്പോള്‍

അതെ, വീട്ടില്‍നിന്ന് തുടങ്ങുന്നു, സമൂഹത്തിന്റെ വളത്തില്‍ വളരുന്നു, രാജ്യത്തിന്റെ ആഴത്തില്‍ വേരൂന്നുന്നു. ഇതില്‍ ഏത് പിശകിയാലും ആനന്ദം അവനവനില്‍ മാത്രമാകും. അത് അപകടമാകും. 16 തികയുന്ന പ്രജ്ഞാനന്ദ രമേഷ് ബാബുമാര്‍ നിറഞ്ഞ നാടിന്റെ നാളെകള്‍ക്ക് തയ്യാറാകേണ്ടത് രക്ഷിതാക്കളാണ് എന്ന് പാഠം. അപ്പോള്‍ നമ്മുടെ കുട്ടികള്‍ ചെസ്സില്‍ മാത്രമല്ല, സകല ഇടങ്ങളിലും ലോകമാസ്റ്റര്‍മാരാകുകയും ചെയ്യുമെന്നത് വാസ്തവം. അങ്ങനെ അസുരപ്രഭാവത്തിന്റെ അളവുകുറച്ച്, എല്ലാവരിലേയും ദേവത്വം നമുക്ക് വളര്‍ത്താം.

യര്‍ ഊഞ്ഞാലാകുന്നതും കൊലക്കയറാകുന്നതും നിമിഷാംശത്തിലെ തീരുമാനത്തിലൂടെയാണ്. തേങ്ങയുടെ തൊണ്ട് തല്ലി, ചകിരിയാക്കി, അത്് പിരിച്ച് കയറാക്കിയാല്‍ പിന്നെ ഉപയോഗം അനുസരിച്ചാവും അതിന്റെ സ്ഥാനം. വടമായി, ദേവരഥം വലിക്കുന്നതിന് ഉപയോഗിച്ചേക്കാം. പാല്‍ചുരത്തുന്ന പശുവിന്റെ കഴുത്തില്‍ വീഴാം. ആള്‍ക്കൂട്ടത്തെ വിലക്കാന്‍ വിനിയോഗിച്ചേക്കാം. ഊഞ്ഞാല്‍കെട്ടി, ഉല്ലസിക്കുന്ന വിശ്രമവേളകളില്‍ പ്രയോജനപ്പെടുത്തിയേക്കാം. ആത്മഹത്യയ്‌ക്കോ കൊലയ്‌ക്കോ ഉപയോഗിച്ചേക്കാം. കയര്‍, അത് കൈകാര്യം ചെയ്യുന്ന ആളിന്റെ മനസുപോലെയാവും ഉപയോഗിക്കപ്പെടുക.

കയര്‍ എന്നല്ല, ഏത് വസ്തുവിനും ഇങ്ങനെ ഭിന്നാവസരങ്ങളും സാധ്യതകളുമുണ്ട്. രോഗചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന കത്രിക എന്തിനെല്ലാം ഉപകരണമാകാറുണ്ട്. മുള്ളുകൊണ്ട് മുറിവേല്‍പ്പിക്കാനും  മുള്ളെടുക്കാനും കഴിയുമല്ലോ. വാസ്തവത്തില്‍ വസ്തുക്കളുടെ കാര്യത്തിലെന്നപോലെ മനുഷ്യരുടെ കാര്യത്തിലും ഈ സാധ്യതകള്‍ ഏറെയാണ്.

പ്രസിദ്ധമായ കഥയുണ്ടല്ലോ, ഉണ്ണിയേശുവിനെ വരയ്‌ക്കാന്‍ മാതൃകയാക്കിയ ചിത്രകാരന്‍, അതേ ആളിനെ പില്‍ക്കാലത്ത് യൂദാസിന് മോഡലാക്കിയെന്ന കഥ. സമൂഹവും സാഹചര്യവും മനുഷ്യരെ മാറ്റുന്നുവെന്ന് സ്ഥാപിക്കാന്‍ ഉദാഹരിക്കാറുള്ള കഥകളിലൊന്നാണത്.

നരേന്ദ്രന്‍ എന്ന കുട്ടി, ബിലേ എന്ന ചെല്ലപ്പേരില്‍ കളിച്ചുനടക്കുമ്പോള്‍ അക്കാലത്ത് ബംഗാള്‍ തെരുവുകളില്‍ ധാരാളമായിരുന്ന കുതിര വണ്ടികള്‍ സാഹസികമായി ഓടിക്കുന്ന കുതിരവണ്ടിക്കാരനാകണമെന്നാണ് ആഗ്രഹിച്ചത്. അര്‍ജ്ജുനന്റെ രഥം നയിക്കുന്ന ശ്രീകൃഷ്ണനെന്ന കുതിരക്കാരന്റെ ചിത്രംകാട്ടി, വിശദീകരിച്ച് കാര്യങ്ങള്‍ പഠിപ്പിച്ച അമ്മയാണ് ബിലേയെ, പില്‍ക്കാലത്തെ നരേന്ദ്രനാക്കിയത്. വീടും വീട്ടുകാരും എങ്ങനെയാണ് ഒരാളുടെ ചിന്താഗതിയെ, പ്രവര്‍ത്തനത്തെ സ്വാധീനിച്ച് വഴിതിരിക്കുന്നത് എന്നതിന് ഉദാഹരിക്കാറുള്ളതാണ് ഈ സംഭവം.

പിടിച്ചുപറിച്ചും മോഷ്ടിച്ചും ഉള്ളവരുടെ സ്വത്ത് അപഹരിച്ചിരുന്ന കായംകുളം കൊച്ചുണ്ണി, ഇല്ലാത്തവരുടെ രക്ഷകനായിരുന്നുവെന്ന വിവരണം മോശക്കാരിലും നല്ലവരുണ്ടായിരുന്നുവെന്ന് ഉദാഹരിക്കുന്നു. ഔദ്യോഗികമായി ചുമതല വഹിക്കുന്ന, രാജ്യത്തിന് വേണ്ടി യൂണിഫോം ധരിച്ച, സുരക്ഷാ ഉദ്യോഗസ്ഥര്‍, നാടിന്റെയും നാട്ടുകാരുടെയും സംരക്ഷകരായിരിക്കേണ്ടവര്‍ രാജ്യദ്രോഹികളായി മാറിയിട്ടുള്ള സംഭവങ്ങള്‍ ഒട്ടേറെ. യൂണിഫോമിട്ട ഇത്തരം ക്രിമിനലുകള്‍ പറയുന്നത് ഒരാളില്‍ത്തന്നെ ദേവനും അസുരനുമുണ്ടെന്നതാണല്ലോ. അവസരം വരുമ്പോള്‍, സ്വയം പോഷിപ്പിക്കുന്ന, സാഹചര്യം വളര്‍ത്തുന്ന, മനോനില നിയന്ത്രിക്കുന്ന, ഗുണമോ ദോഷമോ പുറത്തുവരുന്നുവെന്നുമാത്രം. വിവേകശാലികളായ സചേതനങ്ങള്‍ പെരുമാറുന്നു, ചിലപ്പോള്‍ അചേതനമായ ഉപകരണങ്ങള്‍ അതിനായി അവര്‍ക്ക് ഉചിതമായ തരത്തില്‍ വിനിയോഗിക്കുന്നു- കയര്‍ ഊഞ്ഞാലാകുന്നു, ചിലപ്പോള്‍ കൊലക്കയറാകുന്നു.

രാജാവിന്റെ ധര്‍മ്മമാണ് ചൂത് കളി. ചൂത് ചതുരംഗമാകാം. ചതുരംഗത്തിന്റെ മറ്റൊരു പേരോ ചില്ലറ ഭേദമുള്ള കളിയിനമോ ആണ് ചെസ്സ്. ചെസ്സ് അന്താരാഷ്‌ട്ര തലത്തില്‍ ഇന്ന് കളിയിനമാണ്. ചതുരംഗം പുരാണ കാലംമുതല്‍ ഇന്ത്യയില്‍ നിലനിന്ന, രാജാക്കന്മാര്‍ പോലും കളിച്ചിരുന്ന കളി.

സംസ്‌കൃതത്തില്‍ ദേവദത്തം എന്ന് പരാമര്‍ശിച്ചിട്ടുള്ള ഈ കളിതന്നെയാണ് മഹാഭാരത യുദ്ധത്തിലേക്ക് കൗരവ പാണ്ഡവരെ നയിച്ച, ദ്യൂതം എന്നാണ് വിവരണങ്ങളിലുള്ളത്. രാജധര്‍മ്മം പാലിക്കാന്‍ സഹോദരങ്ങളേയും ഭാര്യ ദ്രൗപതിയേയും പണയം വെച്ച്, രാജ്യം നഷ്ടപ്പെട്ട ധര്‍മപുത്രരുടെ ജീവചരിതത്തില്‍ ഈ ചതുരംഗമുണ്ട്. സഹോദരന്‍ പുഷ്‌കരന്റെ ചതിയില്‍ പെട്ട്, പന്തയത്തില്‍ തോറ്റ്, രാജ ധര്‍മ്മം പാലിക്കാന്‍ ഭാര്യയുമായി കാടുകയറേണ്ടിവന്ന നൈഷധരാജാവായ നളന്റെയും ദമയന്തിയുടെയും വിധി നിശ്ചയിച്ചതും ചതുരംഗമായിരുന്നു. വിനോദിക്കാന്‍ ശ്രീകൃഷ്ണനും രാധയും ചതുരംഗം കളിച്ചിരുന്ന കാര്യവും വിരാട രാജാവായ കീചകന്റെ ചതുരംഗക്കളിയും പ്രസിദ്ധമായ ഇതിഹാസ വിവരണമാണ്. ‘അക്ഷഹൃദയം’ എന്ന ഒരു ശാസ്ത്രശാഖതന്നെ ഉണ്ടായിരുന്നുവെന്നാണ് പുരാണങ്ങളിലെ വിവരണങ്ങള്‍. ഇതിന്റെ പേര്‍ഷ്യന്‍ പതിപ്പാണ് ‘ചെസ്സ്’ എന്ന് പറയപ്പെടുന്നു. ഏറെ സാദൃശ്യവും ഒട്ടേറെ വൈസാദൃശ്യങ്ങളുമുണ്ട് ഇവ തമ്മില്‍.

ചതുരംഗത്തിന്റെ ഈ പെരുമയുടെ ചരിതം ഓര്‍മിപ്പിക്കുന്നതായി പ്രജ്ഞാനന്ദ രമേഷ് ബാബുവിന്റെ ചെസ് വിജയം. ലോക ചാമ്പ്യനെയാണ് പ്രജ്ഞാനന്ദ രമേഷ് ബാബു റാപിഡ് ഓണ്‍ലൈനിന്റെ കളിയിലെ ഒരുഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റായ എയര്‍തിങ്സ് മാസ്റ്റേഴ്സില്‍ നിന്ന് പക്ഷേ, പ്രജ്ഞാനന്ദ രമേഷ് ബാബു പുറത്തായി. ക്വാര്‍ട്ടറിലെത്താനായില്ല. ആദ്യ ഘട്ടത്തിലെ അവസാന റൗണ്ടില്‍ (പതിനഞ്ചാമത്തെ) റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ട്ടെമിയേവിനെ തോല്‍പിച്ചെങ്കിലും ക്വാര്‍ട്ടര്‍ കടക്കാനായില്ല.

എന്നാല്‍, എട്ടാം റൗണ്ടില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെയാണ് ഈ പതിനാറുകാരന്‍ പരാജയപ്പെടുത്തിയത്. വന്‍ നേട്ടമായി മാറി, തമിഴ്നാട്ടുകാരനായ, അതിസാധാരണക്കാരായ മാതാപിതാക്കള്‍ക്ക് പിറന്ന കുട്ടിയുടെ വിജയം. തമിഴ്നാട്ടുകാരന്‍ വിശ്വനാഥ് ആനന്ദിന്റെയും ആന്ധ്രക്കാരനായ പി. ഹരികൃഷ്ണയുടെയും കര്‍ണാടകക്കാരി കൊനേരു ഹംപിയുടെയും പിന്‍ഗാമിയായി പ്രജ്ഞാനന്ദ രമേഷ് ബാബു. ചെസ്സില്‍ പുതിയ മഹാ നേട്ടങ്ങള്‍ക്ക് ഈ കുട്ടിക്ക് അവസരങ്ങള്‍ കിടക്കുന്നതേയുള്ളു. ധര്‍മ്മവഴിയില്‍ ഇളകാതെ സഞ്ചരിച്ച ധര്‍മ്മപുത്രര്‍ക്ക് ലഭിച്ചതുപോലെ, നളന് ലഭിച്ചപോലുള്ള നേട്ടങ്ങള്‍.

എന്നാല്‍, ധര്‍മമില്ലാത്ത വഴിയില്‍ വെറും ചൂത് കളിക്കുന്നവരുടെയും കളിപ്പിക്കുന്നവരുടെയും ജന്മങ്ങള്‍ക്ക് സംഭവിക്കുന്നതാണ് ദുരന്തം. ‘കറുപ്പും വെളുപ്പും കരുക്കള്‍ നീക്കി കളിക്കുമ്പോള്‍ കാലാളായി വീഴുന്നവരെ നോക്കി കൈകൊട്ടിച്ചിരിക്കുന്നവര്‍’ക്ക് പക്ഷേ, ആ ചതുരംഗക്കളത്തിലെ വെറും കരുക്കളാണ്, ഒരിക്കലും പ്രജ്ഞാനം ആനന്ദം പോയിട്ട് ആവശ്യമാണന്ന് പോലും ചിന്തിക്കാത്തവര്‍. അവര്‍ 16 ന്റെ കൗമാരക്കാലത്ത് ഭീകരപ്രവര്‍ത്തനങ്ങളിലോ രാജ്യദ്രോഹ വൃത്തികളിലോ ലഹരികളിലോ മുഴുകിപ്പോകുന്നു. സ്വഭാവിയും രാജ്യഭാവിയും തകര്‍ക്കുന്നു. ധര്‍മഭ്രംശം മൂലം തകരുന്നു. അവരുടെ മോഡലുകള്‍ തെറ്റെന്ന് ചൂണ്ടിക്കാട്ടാന്‍ വീടും സമൂഹവും നാടും മറന്നു പോകുന്നു. തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും വയ്‌ക്കുന്ന കല്ലുകള്‍ ഏറെയുണ്ട് നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍.

രാജ്യദ്രോഹപ്രവര്‍ത്തനത്തിന് കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിമിന് കൂട്ടാളിയായതിന് മന്ത്രി (മഹാരാഷ്‌ട്രയില്‍ മന്ത്രി നവാബ് മാലിക്) അറസ്റ്റുവരിക്കേണ്ടിവരുന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത്. വീടും നാടും സമൂഹവും രാജ്യവും ഭരണകൂടവും നേര്‍വഴിക്ക് നയിക്കാത്തവരുടെ പല കളത്തിലുള്ള ചൂതുകളി ഉണ്ടാക്കുന്ന അപകടങ്ങള്‍ പലതാണ്.  

പ്രജ്ഞാനന്ദ രമേഷ് ബാബു ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവി നേടി. പത്തുവയസില്‍ (2016) ചെസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാണിപ്പോള്‍. റാപിഡ് ചെസ് ആണ് പ്രജ്ഞാനന്ദയുടെ പ്രത്യേകത.

ആര്‍. രമേഷ് ബാബുവിന്റെയും നാഗ ലക്ഷ്മിയുടെയും മകന് പ്രജ്ഞാനന്ദ എന്ന പേരിടാന്‍ നിശ്ചയിച്ചത് രക്ഷിതാക്കളാണ്. മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയുടെ വിശ്വാസികളായ ഇവര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രത്തിലെ പൂജാരിമാരാണ് ഈ പേര് നിര്‍ദേശിച്ചത്. പ്രജ്ഞ എന്നാല്‍ അറിവാണെന്നും അതില്‍ ആനന്ദമുള്ളവന്‍ എന്നാണ് പേരിന്റെ അര്‍ഥമെന്നുപോലും അവര്‍ക്കറിയില്ല. പുതിയ കുട്ടികള്‍ക്ക് തമിഴ് പേരിടാന്‍ സ്വന്തം പേര് വിദേശിയുടേതാണെന്ന് അറിഞ്ഞോ അറിയാതെയോ (അറിഞ്ഞാണെങ്കില്‍ അച്ഛനെ വിമര്‍ശിച്ചുള്ള നിലപാട്) മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിക്കുന്നതിന് 15 വര്‍ഷം മുമ്പേയാണ് നാഗലക്ഷ്മിയും രമേഷും ഈ പേര് തിരഞ്ഞെടുത്തത്. പേരുപോലെതന്നെ വിജ്ഞാനവും പ്രജ്ഞാനവും മകന്‍ നേടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു.

അതെ, വീട്ടില്‍നിന്ന് തുടങ്ങുന്നു, സമൂഹത്തിന്റെ വളത്തില്‍ വളരുന്നു, രാജ്യത്തിന്റെ ആഴത്തില്‍ വേരൂന്നുന്നു. ഇതില്‍ ഏത് പിശകിയാലും ആനന്ദം അവനവനില്‍ മാത്രമാകും. അത് അപകടമാകും. 16 തികയുന്ന പ്രജ്ഞാനന്ദ രമേഷ് ബാബുമാര്‍ നിറഞ്ഞ നാടിന്റെ നാളെകള്‍ക്ക് തയ്യാറാകേണ്ടത് രക്ഷിതാക്കളാണ് എന്ന് പാഠം. അപ്പോള്‍ നമ്മുടെ കുട്ടികള്‍ ചെസ്സില്‍ മാത്രമല്ല, സകല ഇടങ്ങളിലും ലോകമാസ്റ്റര്‍മാരാകുകയും ചെയ്യുമെന്നത് വാസ്തവം. അങ്ങനെ അസുരപ്രഭാവത്തിന്റെ അളവുകുറച്ച്, എല്ലാവരിലേയും ദേവത്വം നമുക്ക് വളര്‍ത്താം.

പിന്‍കുറിപ്പ്:

പ്രജ്ഞാനന്ദ, ഹിന്ദിക്കാര്‍ക്ക് പ്രഗ്യാനന്ദയാണ്. അവര്‍ക്ക് ദല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ വിഗ്യാന്‍ ഭവനാണ്. ജ്ഞാനി സെയില്‍സിങ് ഗ്യാനി സെയില്‍ സിങ്ങാണ്. ബംഗാളിയുടെ സുഭാസ് ചന്ദ്ര ബോസ് സുഭാഷ് ചന്ദ്ര ബോസും ബിബേകാനന്ദന്‍ വിവേകാനന്ദനുമാകുമെങ്കില്‍, അവരുടെ ടാഗൂര്‍ നമുക്ക് ടാഗോര്‍ ആകുമെങ്കില്‍ എന്തുകൊണ്ട് പ്രഗ്യാനന്ദയെ നമുക്ക് പ്രജ്ഞാനന്ദയാക്കിക്കൂടാ. അങ്ങനെപോലും ജ്ഞാനിയാകാന്‍ വഴിവെക്കില്ലെന്നു വന്നാല്‍?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക