ലുസാനെ: റഷ്യയുടെ ഉക്രൈന് അധിനിവേശത്തിനെതിരെ കായിക ലോകത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. റഷ്യയിലും ബെലാറസിലും നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കായിക മത്സരങ്ങള്‍ റദ്ദാക്കുകയോ അവിടെ നിന്ന് മാറ്റുകയോ ചെയ്യണമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആവശ്യപ്പെട്ടു.
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്ന് പാരീസിലേക്ക് മാറ്റാന്‍ യുവേഫ തീരുമാനിച്ചതിന് പിന്നാലെയാണ് ഐഒസി ഈ ആവശ്യം ഉന്നയിച്ചത്. വോളിബോള്‍ ലോകകപ്പും ഷൂട്ടിംഗ് ലോകകപ്പും റഷ്യയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഐഒസിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ ലോകകപ്പുകള്‍ റഷ്യയില്‍ നിന്ന് മാറ്റിയേക്കും.
ഉക്രൈനെ ആക്രമിച്ച റഷ്യ ഒളിമ്പിക് ഉടമ്പടി ലംഘിച്ചിരിക്കുകയാണ്. ബീജിങ്ങില്‍ ശൈത്യകാല ഒളിമ്പിക്സിന് കൊടിയിറങ്ങി നാലു ദിവസത്തിനുള്ളിലാണ് റഷ്യയുടെ ആക്രമണം. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിലൂടെയാണ് ഒരു വിഭാഗം റഷ്യന്‍ സൈനികര്‍ ഉക്രൈനില്‍ പ്രവേശിച്ചത്. പതിനാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് റഷ്യ ഒളിമ്പിക് ഉടമ്പടി ലംഘിക്കുന്നത്. 2008 ല്‍ ബീജിങ്ങില്‍ നടന്ന വേനല്‍കാല ഒളിമ്പികിസിനിടെ റഷ്യ ജോര്‍ജിയയില്‍ അക്രമണം നടത്തിയിരുന്നു. സോചിയില്‍ 2014 ല്‍ നടന്ന ശൈത്യകാല ഒളിമ്പിക്സിനു തൊട്ടുപിന്നാലെ റഷ്യ ക്രീമിയ പിടിച്ചടക്കി .
റഷ്യയുടെയും ബെലോറസിന്റെയും പതാകകളും ദേശീയ ഗാനങ്ങളും രാജ്യാന്തര കായിക മത്സരങ്ങളില്‍ ഉപയോഗിക്കരുതെന്നും ഐഒസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അതിനിടെ, റഷ്യക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ പോളണ്ട് കളിക്കില്ലെന്ന്് പോളണ്ട് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കുലേസ പറഞ്ഞു. റഷ്യയും പോളണ്ടും തമ്മിലുള്ള ലോകകപ്പ് യോഗ്യത പ്ലേ ഓഫ് സെമിഫൈനല്‍ മാര്‍ച്ച് 24 ന് റഷ്യയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്റെ ഈ തീരുമാനത്തെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി പിന്തുണച്ചു.
റഷ്യന്‍ ടെന്നീസ് താരം ആന്ദ്രെ റുബലേവും റഷ്യയുടെ ഉക്രൈന് അധിനിവേശത്തിനെതിരെ രംഗത്ത്വന്നു. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ടിനെ തോല്‍പ്പിച്ച ശേഷം റുബലേവ് ടിവി കാമറയില്‍ ദയവായി യുദ്ധം അരുതെന്ന് എഴുതി.ഈ വര്‍ഷത്തെ ചെസ് ഒളിമ്പ്യാഡ് റഷ്യയില്‍ നിന്ന് മാറ്റുമെന്ന് ലോക ചെസ് ഫെഡറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: