വാഷിംഗ്ടണ്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- “ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്”- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.
സോവിയറ്റ് യൂണിയന്‍ വലുതാകുന്നതും ലോകസ്വാധീനം നേടുന്നതും തടയാന്‍ രൂപീകരിച്ച സംഘടനയാണ് നാറ്റോ. നാറ്റോ എന്നാല്‍ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ യൂറോപ്പിന്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ സമ്മതിച്ചില്ല. ഒപ്പം 1948ല്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ വളയുകയും ചെയ്തതോടയാണ് സോവിയറ്റ് യൂണിയന് എതിരായി നാറ്റോ രൂപമെടുക്കുന്നത്. ഇത് 1949ല്‍ നാറ്റോ രൂപീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു.
തുടക്കത്തില്‍ 12 രാഷ്‌ട്രങ്ങളാണ് നാറ്റോ അംഗങ്ങളായിരുന്നത്- യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഐസ്ലാന്റ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവ. ഇപ്പോള്‍ 30 രാഷ്‌ട്രങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഇതില്‍ 28 എണ്ണം യൂറോപ്യന്‍ രാഷ്‌ട്രങ്ങളും രണ്ടെണ്ണം വടക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളുമാണ്. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഏതെങ്കിലും നാറ്റോ രാജ്യത്തെ വേറെ ഒരു രാജ്യം ആക്രമിച്ചാല്‍ അത് അധിനിവേശമായി കണക്കാക്കി എല്ലാ നാറ്റോ രാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ 1991ല്‍ 15 പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകപൊലീസായി. പിന്നീട് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വിപുലീകരിക്കാന്‍ ശ്രമം തുടങ്ങി. സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്തുവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ അംഗങ്ങളായി. അങ്ങിനെ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവ 2004ല്‍ നാറ്റോയില്‍ അംഗങ്ങളായി. ഉക്രൈനെ നാറ്റോയില്‍ ചേര്‍ത്താന്‍ കൊ്ണ്ടുപിടിച്ച ശ്രമം വര്‍ഷങ്ങളായി നടക്കുകയാണ്. നാറ്റോയുടെ വിപുലീകരണത്തെ ശക്തമായി എന്നും പുടിന്‍ എതിര്‍ത്തു.
ഉക്രൈന്‍ നാറ്റോയില്‍ അംഗരാജ്യമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലാകും. ഇത് പുടിന്റെ ഏറ്റവും വലിയ ഉള്‍ഭയമായിരുന്നു. ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്‌കിയുടെ നേതൃത്വം തുടര്‍ന്നാല്‍ ഉക്രൈന്‍ വൈകാതെ നാറ്റോയില്‍ ചേരുമെന്ന് പുടിന്‍ ഭയന്നു. അതിനാല്‍ നാറ്റോയുടെ വിപുലീകരണം ഏറ്റവും ശക്തമായി തടയുക അത്യാവശ്യമാണെന്ന് പുടിന് തോന്നി. ഉക്രൈന്‍ നാറ്റോ അംഗമായിക്കഴിഞ്ഞാല്‍ റഷ്യയ്‌ക്ക് അവരോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. നാറ്റോയിലെ 30 അംഗരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ റഷ്യയ്‌ക്ക് ചെറുക്കാന്‍ കഴിയില്ല. നാറ്റോയ്‌ക്ക് ആകെ 33 ലക്ഷത്തിലധികം സൈനികര്‍ ഉണ്ട്. റഷ്യയ്‌ക്കാകട്ടെ വെറും 12 ലക്ഷം സൈനികരാണുള്ളത്. അതിനാലാണ് നാറ്റോയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പ് ഉക്രൈനെ കാല്‍ക്കീഴിലാക്കാന്‍ പുടിന്‍ ആക്രമണം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: