വാഷിംഗ്ടണ്‍: ഇക്കുറി അമേരിക്കന്‍ രഹസ്യപ്പൊലീസിന് അഭിനന്ദനപ്രവാഹമാണ്. കാരണം റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ അമേരിക്ക പ്രവചിച്ചിരുന്നു.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍സേനയെ പിന്‍വലിക്കുമ്പോള്‍ അവിടെ താലിബാന് മൂലമുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസ് പരാജയപ്പെട്ടിരുന്നു. അതുപോലെ ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിലും അമേരിക്കന്‍ രഹസ്യപ്പൊലീസ് പരാജയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന കാര്യത്തില്‍ കൃത്യമായി പ്രവചനം നടത്താന്‍ അമേരിക്കന്‍ രഹസ്യപ്പൊലീസിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ അമേരിക്കന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഉക്രെയ്നില് നിന്നും പിന്‍വലിച്ചതിനാല്‍ വലിയൊരു സാമൂഹ്യ ദുരന്തം ഒഴിവായിക്കിട്ടി.
സി ഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്റില്‍ ഹെയ്ന്‍സുമാണ് കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയത്. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി റഷ്യയെയും ചൈനയെയും നിരീക്ഷിച്ചുവരുന്നവരാണ്. അതുകൊണ്ട് തന്നെ റഷ്യയുടെയും ചൈനയുടെയും ഓരോ നീക്കങ്ങളും ഇവര്‍ക്ക് ഹൃദിസ്ഥമാണ്. അതിര്‍ത്തിയില്‍ രണ്ട് ലക്ഷം പട്ടാളക്കാരെ വിന്യസിക്കുകയും ചില പ്രത്യേക പരിശീലനങ്ങള്‍ നടത്തുന്നതില്‍ നിന്നുമെല്ലാം യുദ്ധം ആസന്നമായിരിക്കുന്നു എന്ന സൂചനയാണ് കിട്ടിയിരുന്നത്. എന്നാല്‍ ഉക്രൈയ്നെ ആക്രമിക്കില്ലെന്ന് പുടിന് ആഴ്ചകള്‍ക്ക് മുന്‍പേ ആവര്‍ത്തിച്ചുപറഞ്ഞിരുന്നെങ്കിലും ഇത് നുണയാണെന്ന് അമേരിക്ക ഉറപ്പിച്ചുപറയുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ രണ്ട് ലക്ഷത്തോളം പട്ടാളക്കാരെ റഷ്യ ഉക്രെയ്ന് യുദ്ധത്തിന് സജ്ജമാക്കിയിരുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്ക നേരത്തെ പുറത്തുവിട്ടിരുന്നു.
ഇവരുടെ വിലയിരുത്തല്‍ പ്രകാരം ഉക്രെയ്നെ റഷ്യയ്ക്ക് ആക്രമിച്ചേ മതിയാവൂ എന്ന് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യുദ്ധം വഴി 21ാം നൂറ്റാണ്ടിനെ രൂപപ്പെടുത്താന്‍ റഷ്യയും ചൈനയും ശ്രമിക്കും. ഷീ ജിന്പിങ്ങും പുടിനും അവരുടെ രാജ്യാതിര്‍ത്തിക്കപ്പുറം അവരുടെ കരുത്ത് ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ യുദ്ധതന്ത്രങ്ങളിലൂടെ അവര്‍ തൊട്ടടുത്തും അകലെയുമുള്ള രാജ്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയാണ്.
നേരത്തെ പ്രസിഡന്റായിരുന്ന ട്രംപ് പുടിന്റെ അടുത്ത സുഹൃത്തായിരുന്നു. അതിനാല്‍ സി ഐഎ വിലയിരുത്തലുകള്‍ അദ്ദേഹം കേട്ടിരുന്നില്ല. എന്നാല്‍ ജോ ബൈഡന് വന്നയുടന്‍ പുടിനെ ഒരു സ്വേച്ഛാധിപതിയായാണ് കണക്കാക്കിയിരുന്നത്. അദ്ദേഹം പൂര്‍ണ്ണമായും രഹസ്യവിവരങ്ങള്‍ക്ക് സി ഐഎയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് അമേരിക്കയിലെ രഹസ്യപ്പൊലീസില്‍ പുതിയൊരു ഉണര്‍വ്വുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: