ന്യൂദല്‍ഹി: ഇന്ത്യയിലെ വാഹനോല്പാദന ബിസിനസ് കെട്ടിപ്പൂട്ടി രാജ്യം വിട്ട ഫോര്‍ഡ് ഇതാ മാസങ്ങള്‍ക്കകം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കാളിയാകാന്‍ തിരിച്ചെത്തുന്നു. ഇന്ത്യയിലെ നിലവിലുള്ള വാഹന നിര്‍മ്മാണ പ്ലാന്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി.
തുടക്കത്തില്‍ കയറ്റുമതി ചെയ്യാനുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഒരു പക്ഷെ ഭാവിയില്‍ ഇന്ത്യന്‍ വിപണിക്ക് വേണ്ടിക്കൂടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതയും ഫോര്‍ഡ് തള്ളിക്കളയുന്നില്ല.
ഇതിനായി ഇന്ത്യയില്‍ 2030ഓടെ 3000 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് പദ്ധതി. ഇലക്ട്രിക് ബാറ്ററി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ നേരത്തെ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വിപണി ഉണ്ടായിരുന്ന മോശം സമയത്താണ് ഇന്ത്യയില്‍ വാഹന ഉല്പാദനം നിര്‍ത്തിവെയ്ക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചത്. ഇത് അന്ന് ഇന്ത്യയിലെ ബിസിനസ് രംഗത്ത് വലിയ ആഘാതമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ഇന്ത്യയില്‍ ഫോര്‍ഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ വീണ്ടും വാഹനവിപണിയില്‍ പഴയ ആത്മവിശ്വാസം തിരിച്ചുവന്നിരിക്കുകയാണ്.
ലോകത്തില്‍ ഇലക്ട്രിക് വാഹന ഉപയോഗ രംഗത്ത് വളര്‍ന്നുവരുന്ന രണ്ട് വിപണികളായ വടക്കേ അമേരിക്കയും യൂറോപ്പുമാണ് ഫോര്‍ഡ് ലക്ഷ്യമാക്കുന്നത്. വാഹന നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണി ഏറെ ആകര്‍ഷകമായ ഒന്നാണെന്ന് ഐഎച്ച്എസ് മാര്‍കിറ്റിലെ ലൈറ്റ് പ്രൊഡക്ഷന്‍ ഫോര്‍കാസ്റ്റിങ് അസോസിയേറ്റ് ഡയറക്ടര്‍ ഗൗരവ് വാംഗല്‍ പറയുന്നു. ഇതാണ് ഫോര്‍ഡിനെ ഇന്ത്യയിലേക്ക് തന്നെ വീണ്ടും ആകര്‍ഷിച്ച ഘടകം. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഏറെ മത്സരക്ഷമത പുലര്‍ത്തുന്ന വിപണിയാണ് ഇന്ത്യയെന്ന പ്രതിച്ഛായ ലോകത്തിന് മുന്നില്‍ സൃഷ്ടിക്കാന്‍ ഫോര്ഡിനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: