രാജ്യത്ത് നിശ്ശബ്ദമായി സംഭവിക്കുന്ന പരിവര്‍ത്തനത്തിന്റെ കഥ പറയുകയാണ് നിശ്ശബ്ദം എന്ന സിനിമ. രാഷ്ട്രീയവും മതവും ജാതിയുമൊക്കെ ഭിന്നിപ്പിന്റെ സ്വരമുയര്‍ത്തുന്ന സമകാല കേരളത്തിന്റെ ചുറ്റുപാടില്‍നിന്നുകൊണ്ട് രാജ്യത്തിന്റെ പുത്തന്‍ മുന്നേറ്റത്തിന്റെ കഥ തുറന്നു പറയുന്നതിനുള്ള ആവിഷ്കാരധീരതയാണ് എന്‍.ബി. രഘുനാഥ് നിശ്ശബ്ദത്തിലൂടെ പ്രകടമാക്കുന്നത്. ഡോ. ഹെഡ്ഗേവാറിന്റെയും ഗുരുജി ഗോള്‍വല്‍ക്കറിന്റെ ചിത്രങ്ങളില്‍ നിന്ന് ഒരു ചലച്ചിത്രത്തിന്റെ ആദ്യഷോട്ട് പിറക്കുന്നു എന്ന അത്ഭുതത്തിന് കേരളം സാക്ഷിയാവുന്നു എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്.
ആര്‍എസ്എസ് ശാഖയുടെ പാസീവ് ഷോട്ട് മുതല്‍ സേവാഭാരതി എന്ന് എഴുതിയ ആംബുലന്‍സ് വരെ ചെറിയ ചെറിയ അടയാളപ്പെടുത്തലുകള്‍ പോലും സഹിക്കാനാവാതെ നിലവിളി ശബ്ദമിട്ട് മലയാള ചലച്ചിത്രപരിസരത്ത് വിവാദങ്ങളുടെ വിസ്ഫോടനമുണ്ടാക്കിയ ബുദ്ധിജീവിനാട്യക്കാര്‍ ജീവനോടിരിക്കുന്ന കാലത്ത് ഇങ്ങനെയൊരു സിനിമ പിറക്കുക, അത് സാമാന്യം മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കുക, സെന്‍സര്‍ പരീക്ഷകള്‍ പാസാവുക, പ്രേക്ഷകരിലേക്ക് എത്തുക… കേരളത്തിലും സിനിമ മാറുകയാണ്. ബോളിവുഡില്‍ ഉറിയും ബോര്‍ഡറും മാത്രമല്ല മണികര്‍ണികയും താനാജിയും പിഎം മോദിയുമൊക്കെ സൂപ്പര്ഹിറ്റുകളാകുന്ന സാമൂഹ്യഅന്തരീക്ഷം നേരത്തെ സംജാതമായിട്ടുണ്ട്. നാട് നാടിനെ തിരിച്ചറിയുന്ന കാലമാണിത്. അതുകൊണ്ട് പോരാട്ടത്തിന്റെ വീരകഥകള്‍ തീയറ്ററുകളിലും ജനമനസ്സിലും നിറഞ്ഞോടുക സ്വാഭാവികമാണ്.
ഇവിടെ ഇത് കേരളമാണ് എന്ന അഭിമാനം ഒരുതരം ആസക്തിയോ അധികാരാര്‍ത്തിയോ ആയി മാറാന്‍ തുടങ്ങുകയും തങ്ങള്‍ക്ക് ഹിതമല്ലാത്തതിലെല്ലാം ജാതിയും മതവും രാഷ്ട്രീയവും കണ്ട് അതിനെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണം നടത്തുന്നതും, കേരളത്തിന്റെ ശീലമായി മാറിയിട്ടുണ്ട്. മുരളിഗോപി തിരക്കഥ എഴുതിയ ഈ ‘അടുത്ത കാലത്ത്’ മുതല്‍ ഉണ്ണിമുകുന്ദന് നിര്‍മ്മിച്ച് വിഷ്ണുമോഹന് സംവിധാനം ചെയ്ത മേപ്പടിയാന് വരെ ഇത്തരം ആക്രമണങ്ങളെ നേരിട്ടു. ആറാം തമ്പുരാന് ആറാട്ട് വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളെയും സവര്‍ണം, ഹിന്ദു തുടങ്ങി പെട്ടന്ന് വിറ്റഴിക്കാവുന്ന ചാപ്പകള്‍ കൊണ്ട് അടയാളപ്പെടുത്താനുള്ള വ്യഗ്രത കേരളത്തില്‍ പത്തി വിടര്‍ത്തിയാടുന്ന യാഥാര്‍ത്ഥ്യമാണ്.
കാലം ഇങ്ങനെയൊക്കെ മലീമസമാണെന്ന് അറിഞ്ഞിട്ടും സധൈര്യം മോദിരാഷ്ട്രീയത്തിന് ചലച്ചിത്രഭാഷ്യം രചിക്കുക എന്ന തന്റേടമാണ് എന്‍.ബി. രഘുനാഥെന്ന സര്‍ഗ്ഗപ്രതിഭയെ വ്യത്യസ്തനാക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കളരിയില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൃത്യമായ നിലപാടിന്റെ ചുവടുവയ്പാണ് രഘുനാഥിന്റേത്. വരുംവരായ്കകളെ വിലയിരുത്തിത്തന്നെയുള്ള നിലപാട്. സര്‍വസാധാരണക്കാരന്റെ ജീവിതവ്യഥകളിലൂടെയുള്ള സഞ്ചാരമാണ് നിശ്ശബ്ദം. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളുമായി അടച്ചുറപ്പില്ലാത്ത, ശുചിമുറിയില്ലാത്ത, അടുക്കളയില്‍ കരിയൂതിപ്പുകഞ്ഞ് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു വീട്ടമ്മയുടെ വിഹ്വലതകളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്ന ആഖ്യാനം… ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം കഷ്ടപ്പെടുന്ന ലക്ഷ്മി എന്ന വീട്ടമ്മയുടെ നിസ്സഹായതയും അതിജീവനത്തിനുള്ള പൊരുതലും കൃത്യമായി കാഴ്ചക്കാരിലേക്ക് പകരുന്ന കൃഷ്ണപ്രഭയുടെ അഭിനയമികവിന് നിശ്ശബ്ദം സാക്ഷിയാണ്. ഒരു അഭിനേതാവിന് പകര്‍ന്നാടാന്‍ ഏറെ ഇടമുള്ള നിശ്ശബ്ദത്തിന്റെ അരങ്ങ് കൃഷ്ണപ്രഭ തനിമയോടെ ഉപയോഗിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ വഴിയില്‍ ലക്ഷ്മി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. തണലില്ലാത്ത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍… മകള്‍ക്ക് വേണ്ടിയുള്ള അതിജീവനം… അന്യന്റെ തുണി അലക്കിത്തേച്ച് ഉപജീവനം കഴിക്കുന്ന ഒരാളുടെ മകള്‍ എന്ന തോന്നല്‍ അവള്‍ക്ക് അഭിമാനക്ഷതമാകാതിരിക്കാന് ബോധപൂര്‍വം മാറിനടക്കാന്‍ ശ്രമിക്കുന്ന അമ്മ, സഹായത്തിന്റെ മറവില്‍ ദുഷ്ടലാക്കിന്റെ കണ്ണെറിയുന്നവരെ ഒറ്റനോട്ടത്തില്‍ പതറിക്കുന്ന പെണ്‍മിടുക്ക്…. ഒതുക്കത്തോടെ, ഭാവതീവ്രതയോടെ ലക്ഷ്മിയെ വെള്ളിത്തിരയില്‍ കാണാന്‍ പ്രേക്ഷകനാവുന്നത് കൃഷ്ണപ്രഭയുടെ അഭിനയപ്രഭ കൊണ്ടാണ്. മകള്‍ അശ്വതിയായി വേഷമിടുന്ന പ്രാര്‍ത്ഥനാ മേനോന്റെ സാന്നിധ്യവും അഭിനയമെന്നതിനേക്കാള്‍ സ്വാഭാവികമായ പെരുമാറ്റമായി മാത്രമേ അനുവാചകന് അനുഭവിക്കാന്‍ കഴിയൂ..
സര്വസാധാരണക്കാരന് സ്വച്ഛ്ഭാരത് പോലെ, പ്രധാനമന്ത്രി ആവാസ് യോജന പോലെ, സുകന്യ സമൃദ്ധി പോലെ ഒക്കെയുള്ള പദ്ധതികള്‍ എത്രമാത്രം ആശ്വാസപ്രദമാണെന്നതിന്റെ ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് നിശ്ശബ്ദം. മാറ്റത്തിലേക്കുള്ള ചുവടുവയ്പിനുള്ള ആഹ്വാനവും ഇതിലുണ്ട്. മറയില്ലാതെ പറയണം കാര്യങ്ങള്‍ എന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥമായ നിലപാടില്‍ നിന്നാണ് രഘുനാഥ് സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തനങ്ങളും സ്വയം ഏറ്റെടുത്ത് അത് പൂര്‍ത്തീകരിച്ചതും പ്രേക്ഷരിലേക്ക് എത്തിച്ചതും. ആ അര്‍ത്ഥത്തില്‍ നിശ്ശബ്ദം ഒട്ടും നിബ്ദമാകാന് ലക്ഷ്യമിട്ടുള്ള ഒരു ആവിഷ്കാരമല്ല…
സിനിമ സിനിമയാണ്
‘കള്ളികള്‍ തിരിച്ച് ചലച്ചിത്രത്തെ വിലയിരുത്തുന്നവരോടെന്ത് പറയാനാണ്. നടി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം എനിക്ക് നിശ്ശബ്ദം തരുന്നുണ്ട്. ഞാനത് ഏറ്റെടുക്കുന്നു. ചിത്രം കണ്ടവര്‍ക്ക് അത് ഇഷ്ടമാവുകയും ചെയ്തു. അതിനപ്പുറം ഒന്നും നോക്കാനില്ല.
രാഷ്ട്രീയവും മതവുമൊക്കെ നോക്കി സിനിമകളെ വിലയിരുത്തുന്ന പ്രവണത അടുത്തിടെ തുടങ്ങിയതാണ്. അത് ശരിയല്ല. സിനിമയെ സിനിമയായി കാണണം. ചിലതിനെ പ്രമോട്ട് ചെയ്യുന്നതാണ്, അതില്‍ അഭിനയിക്കാമോ എന്നൊക്കെ ചോദിച്ചാല്‍ പരസ്യത്തില്‍ ആളുകള്‍ അഭിനയിക്കുന്നില്ലേ… അത് പ്രമോഷനല്ലേ … അതുപോലെയാണ്. അതിനപ്പുറത്തേക്ക് കടന്നുചിന്തിക്കേണ്ട ആവശ്യമില്ല.’
കാലം ഇങ്ങനെയൊക്കെ മലീമസമാണെന്ന് അറിഞ്ഞിട്ടും സധൈര്യം മോദിരാഷ്ട്രീയത്തിന് ചലച്ചിത്രഭാഷ്യം രചിക്കുക എന്ന തന്റേടമാണ് എന്‍.ബി. രഘുനാഥെന്ന സര്‍ഗ്ഗപ്രതിഭയെ വ്യത്യസ്തനാക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കളരിയില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൃത്യമായ നിലപാടിന്റെ ചുവടുവയ്പാണ് രഘുനാഥിന്റേത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: