എടത്വാ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം. ഗാരേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് ഈ സംശയം ഉയര്‍ന്നത്. മെക്കാനിക്കല്‍ ജീവനക്കാരെ തിരുവല്ല ഡിപ്പോയിലേക്ക് മാറ്റി. കുട്ടനാട്ടിലെ ഏക കെഎസ്ആര്‍ടിസി ഡിപ്പോയായ എടത്വാ ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജനങ്ങളുടെ എതിര്‍പ്പ് മാനിച്ചാണ് ഡിപ്പോയുടെ പ്രവര്‍ത്തനം നടന്നുവന്നത്. ഡിപ്പോ മാറ്റുന്നതിന് മുന്നോടിയായി ഒമ്പതോളം ബസുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു.
ഇതിനെതിരേ വിവിധ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ബസുകള്‍ എടത്വാ ഡിപ്പോയില്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയാണ് ബസുകള്‍ കൂട്ടത്തോടെ മാറ്റിയത്. കഴിഞ്ഞ ദിവസം മുതല്‍ ഗാരേജിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ ഡിപ്പോ നിര്‍ത്തലാക്കാനുള്ള നീക്കം വീണ്ടും സജീവമായി. എടത്വാ ഡിപ്പോ നിര്‍ത്തലാക്കാതെ തിരുവല്ല ഗാരേജില്‍ നിന്ന് മെക്കാനിക്കിനെ എത്തിച്ച് ബസിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എടത്വാ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. ബസുകള്‍ കൂട്ടത്തോടെ മാറ്റിയ ശേഷം എടത്വാ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ പകുതിയാക്കി വെട്ടിച്ചുരുക്കിയിരുന്നു.
ഡിപ്പോയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ നൂറ് കണക്കിന് യാത്രക്കാരും, ചക്കുളത്തുകാവ് ക്ഷേത്രം, എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളി, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, നിരണം മര്‍ത്തോമ്മാ പള്ളി എന്നീ പ്രധാന ആരാധനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരും യാത്രാക്ലേശം അനുഭവിക്കേണ്ടി വരും.എടത്വാ പള്ളി തിരുനാളിന് രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ഡിപ്പോ മാറ്റാനുള്ള നീക്കം നടക്കുന്നത്. ഡിപ്പോയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നീക്കം തടയണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: