ആലപ്പുഴ: ഭൂമി തരം മാറ്റാനായി ആയിരകണക്കിന് ആളുകള്‍ നെട്ടോട്ടത്തില്‍. പതിനായിരത്തിലധികം അപേക്ഷകളാണ് ജില്ലയിലെ രണ്ട് ആര്‍ഡിഒ ഓഫിസുകളിലായി കെട്ടിക്കിടക്കുന്നത്. ഭവനനിര്‍മാണം, വിദ്യാഭ്യാസം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കൊന്നും വായ്പയോ സഹായമോ കിട്ടാത്ത അവസ്ഥയിലാണ് അപേക്ഷകര്‍. ഭൂമി തരം മാറ്റാതെ നിലമായി കിടക്കുന്നത് പുരയിടമാക്കി പ്രഖ്യാപിക്കാത്തതാണ് പ്രതിസന്ധി. നിരവധി വര്‍ഷങ്ങള്‍ റവന്യൂ ഓഫിസ് കയറിയിറങ്ങിയിട്ടും തീരുമാനമാകാത്ത അപേക്ഷകളുമുണ്ട്. ആലപ്പുഴ, ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫിസുകളുടെ കീഴില്‍ ഭൂമി തരംമാറ്റുന്നതിനുള്ള പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനം കാത്തുകിടക്കുന്നത്.
രണ്ടുമുതല്‍ പത്തുവര്‍ഷം വരെയായിട്ടും തീരുമാനമുണ്ടാകാത്ത അപേക്ഷകള്‍ നൂറുകണക്കിനുണ്ട്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ നിന്നാണ് അപേക്ഷകളെല്ലാം. ഭവനവായ്പ കിട്ടുന്നില്ല, വീടും സ്ഥലവും ഈടുവച്ച് വിദ്യാഭ്യാസ വായ്പ എടുക്കാനാകുന്നില്ല, വീട് വില്‍ക്കാനാകുന്നില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലാണ് അപേക്ഷകര്‍. ഭൂമി തരംമാറ്റാത്തതിനാല് വീട് അറ്റകുറ്റപ്പണി നടത്താനും സഹായം കിട്ടാറില്ല. പ്രളയദുരിതാശ്വാസം കിട്ടുന്നതിനും തടസ്സമുണ്ട്.
കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍നിന്നുമാത്രം 350 ഓളം അപേക്ഷകള്‍ ഭൂമി തരം മാറ്റാന്‍ നല്‍കിയിട്ടുണ്ട്. മറ്റു പഞ്ചായത്തുകളില്‍നിന്നും ഇതില്‍ കൂടുതല്‍ അപേക്ഷകളുണ്ട്. സംവിധാനങ്ങള്‍ ഡിജിറ്റലൈസ്ഡ് ആയതോടെ നിരവധി കടമ്പകള്‍ കടന്നുവേണം ഭൂമി തരം മാറ്റിയെടുക്കാന്‍.ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോഴാണ് താമസിക്കുന്ന വസ്തു നിലമാണെന്ന് രേഖപ്പെടുത്തിയതാതയി ശ്രദ്ധയില്‍പെടുന്നത്. ഇത് തരം മാറ്റുവാന്‍ അന്നുമുതല്‍ പരിശ്രമം ആരംഭിച്ചാലും മതിയായ രേഖകളുടെ അഭാവവും ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും അപേക്ഷകര്‍ക്ക് വിലങ്ങുതടിയാവുന്നു. അതോടെ മിക്ക അപേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറാന്‍ കാലതാമസമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: