ഇടുക്കി: ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി രണ്ടര വര്‍ഷം ആകുമ്പോഴും ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ വിമുഖത തുടര്‍ന്ന് വനംവകുപ്പ്.
2019ലാണ് അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഇത് സംബന്ധിച്ച ആദ്യ ഉത്തരവിറക്കിയത്. പിന്നാലെ ഇത് ഹൈക്കോടതി കയറിയെങ്കിലും ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇത് കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശവും നല്കി. എന്നാല്‍ അന്ന് 9 ആനസവാരി കേന്ദ്രങ്ങളുണ്ടായിരുന്നത് ഇന്ന് കൂടി പത്തായി മാറി. വണ്ടിപ്പെരിയാര്‍, കുമളി, മൂന്നാര്‍ അടക്കമുള്ള മേഖലയിലാണ് പ്രധാനമായും ആനസവാരി നടക്കുന്നത്. ആളൊന്നിന് 500 രൂപയാണ് സവാരിക്കായി വാങ്ങുന്നത്.
നാട്ടാനകളെ ടിക്കറ്റ് നല്കി സഫാരിക്കുപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഇതില്ലാത്തിനാലാണ് ആനസവാരി നിരോധിച്ചുള്ള ഉത്തരവ് വരുന്നത്. അതേ സമയം ഉത്തരവിറങ്ങിയ ശേഷവും ഒളിഞ്ഞും തെളിഞ്ഞും ആനസവാരി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ യൂട്യൂബറുടെ ബ്ലോഗിലും ഇത്തരത്തിലുള്ള വീഡിയോകളെത്തി. വണ്ടിപ്പെരിയാറിന് സമീപത്തെ ആനസവാരി കേന്ദ്രത്തിലെത്തിയ ഇദ്ദേഹവും സുഹൃത്തും ലക്ഷ്മി എന്ന ആനയുടെ മുകളില്‍ കയറി സവാരി നടത്തുന്നതാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടത് സോഷ്യല്‍ ഫോറസ്റ്ററിയുടെ എസിഎഫ് ആണ്. എന്നാല്‍ നിലവില്‍ ഈ കസേരയില്‍ ആളില്ലാത്തതിനാല്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതിന്റെ ചുമതല. പൂര്‍ണ്ണ അധിക ചുമതലയാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
അതേ സമയം നാട്ടാന മോനിറ്ററിങ് കമ്മിറ്റി യോഗം ചേരാനും ഇദ്ദേഹം തയ്യാറാവുന്നില്ലെന്ന പരാതി ശക്തമാണ്. ഒക്ടോബറിന് ശേഷം മെയ് വരെ എല്ലാമാസവും ചേരണമെന്നാണ് ചട്ടം. അവസാനമായി ഡിസംബര്‍ 8ന് ആണ് ചേര്‍ന്നത്. പിന്നീട് രണ്ടരമാസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനമില്ല. കഴിഞ്ഞ എസിഎഫിന്റെ കാലത്ത് കൂടിയ യോഗത്തില്‍ 25 ദിവസത്തിനുള്ളില്‍ ഇടുക്കിയില്‍ രജിസ്ട്രേഷനില്ലാത്ത ആനകളെ ഇവിടെ നിന്ന് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രണ്ട് വര്‍ഷം മുമ്പാണ് ഇത് സംബന്ധിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് വരുന്നത്. ഇത് പ്രകാരം ഒരാനയെ ജില്ല വിട്ട് മറ്റൊരിടത്ത് എത്തിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ മടക്കികൊണ്ട് പോകണമെന്നാണ് നിര്‍ദേശം. എട്ട് ആനകളെ മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആനസവാരിക്ക് മാത്രം ഇതിന്റെ രണ്ട് മുതല്‍ നാല് വരെ ഇരട്ടി ആനകളെ ഉപയോഗിക്കുന്നുണ്ട്. വിഷയത്തില്‍ നടപടി എടുക്കേണ്ട സോഷ്യല്‍ ഫോറസ്റ്ററി എസിഎഫ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ ആനസവാരി കേന്ദ്രങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. 2020ല്‍ കൊവിഡ് എത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. പിന്നീട് ടൂറിസം മേഖല ഉണര്‍ന്നതോടെ ആനസവാരി വീണ്ടും സജീവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: