പൊന്‍കുന്നം: വേനല്‍ കനത്തതോടെ ജില്ലയുടെ മലയോര മേഖല കടുത്ത ജലക്ഷാമത്തിലേക്ക്. കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്. വേനല്‍ മഴ കുറഞ്ഞതും ചൂടു കൂടിയതുമാണ് കുടിവെള്ള ക്ഷാമം നേരത്തെ രൂക്ഷമാകാന്‍ കാരണം.
വട്ടകപ്പാറ, കൊടുവന്താനം, കല്ലുങ്കല്‍, പത്തേക്കര്‍, നാച്ചിപ്പറമ്പ്, പാറക്കടവ്, തമ്പലക്കാട്, വണ്ടനാമല തുടങ്ങിയ മേഖലകളിലാണ് വരള്‍ച്ച രൂക്ഷമായി ബാധിക്കുന്നത്. പ്രദേശത്തെ കിണറുകളില്‍ ഭൂരിഭാഗവും വറ്റിവരണ്ടു. വേനല്‍ കടുത്തതോടെ നാച്ചിപറമ്പ്-കൊടുവന്താനം കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിനു വെള്ളവുമില്ല.
പദ്ധതിയുടെ പൈപ്പുകള്‍ തകരാറിലായത് മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികള്‍ നടക്കുകയാണ്. കൊടുവന്താനം, മേലേട്ടുതകിടി എന്നിവിടങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് ഏറ്റവുമധികം കുടിവെള്ളം ക്ഷാമം അനുഭവിക്കുന്നത്. കല്ലുങ്കല്‍ -പത്തേക്കര്‍ കുടിവെള്ള പദ്ധതിക്കായി 26-ാം മൈലില്‍ കിണര്‍ നിര്‍മിച്ച് പൈപ്പ് ലൈനുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, 26-ാം മൈല്‍-പുല്‍ക്കുന്ന്-വണ്ടന്‍പാറ റോഡ് നിര്‍മാണത്തിനിടെ പൈപ്പ് ലൈനുകള്‍ എടുത്തു മാറ്റിയതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ പദ്ധതി പാതിവഴിയില്‍ നിലച്ച സ്ഥിതിയാണ്.
പേട്ട സ്കൂളിനു സമീപം പുളിമൂട്ടില്‍ കോളനി, ബംഗ്ലാവുപറമ്പ് എന്നിവിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഒട്ടുമിക്ക കുടുംബങ്ങളും വെള്ളം വിലകൊടുത്തു വാങ്ങുന്ന സ്ഥിതിയാണ്.
ആശങ്കയിലാഴ്ത്തി ഉള്‍വലിയുന്ന ജലനിരപ്പ്
കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ മലയോരമേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും കടുത്ത വേനലില്‍ ഇവയൊന്നും ജനങ്ങള്‍ക്ക് കൈത്താങ്ങാവുകയില്ല. കിലോമീറ്ററുകള്‍ നടന്ന് കുന്നും മലയും കയറി തലച്ചുമടായി വെള്ളം ശേഖരിച്ചെത്തേണ്ട ഗതികേടാണ്. മുന്‍കാലങ്ങളില്‍ പഞ്ചായത്തില്‍ നിന്നുള്ള കുടിവെള്ളത്തിനു പുറമേ, ടാങ്കറില്‍ സ്വകാര്യ വ്യക്തികള്‍ എത്തിക്കുന്ന കുടിവെള്ളം വിലകൊടുത്തു വാങ്ങുകയായിരുന്നു മലയോരവാസികള്‍. വേനല്‍ രൂക്ഷമാകും മുന്‍പ് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും. ജല വിതരണത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ക്ക് പഞ്ചായത്തുതലത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: