ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ തുടക്കത്തില്‍ സ്വന്തക്കാര്‍ക്ക് നിയമനം നല്‍കുന്നതിന് സിപിഎം നടപ്പാക്കിയ കുതന്ത്രങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ സാഹിത്യകാരന് പ്രൊഫ. എം.ആര്. ചന്ദ്രശേഖരന്. സംസ്കൃത സര്‍വകലാശാല രൂപീകരണത്തിന് ശേഷം 1996ല്‍ അധികാരമേറ്റ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാലയില്‍ സ്വന്തം പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും വിവിധ തസ്തികകളില്‍ നിയമിക്കാന്‍ വന്‍തോതില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി എന്നാണ് ‘യൂണിവേഴ്സിറ്റികളിലെ ഉപപ്ലവങ്ങള്‍’ എന്ന പുതിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്.
നാല് പതിറ്റാണ്ടിലേറെ ഇടത് സഹയാത്രികനായിരുന്ന പ്രൊഫ. എം.ആര്. ചന്ദ്രശേഖരന് ദീര്‍ഘകാലം ഇടത് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1989ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും മുമ്പേ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതിനാല്‍ കുറേ വര്‍ഷങ്ങള്‍ സിപിഎമ്മില്‍ നിന്ന് പലതരത്തിലുള്ള പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ‘കമ്മ്യൂണിസം പക കൂടിയ രാഷ്ട്രീയ ജനുസ്സ്’ ആണെന്ന് ബോധ്യപ്പെട്ടതായും എംആര്‍സി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
വിരമിച്ച ശേഷം കുറച്ചുകാലം സംസ്കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ ജോലി ചെയ്തതിനെക്കുറിച്ച് വിവരിക്കുന്ന 42-ാം അദ്ധ്യായത്തിലാണ് സിപിഎമ്മിന്റെ വഴിവിട്ട നിയമനങ്ങളെ കുറിച്ചുള്ളത്. ‘സിപിഎം ആദ്യം മുതല്‍ കാലടിയിലെ സംസ്കൃത സര്‍വകലാശാലക്ക് എതിരായിരുന്നു. അങ്ങനെയൊരു സര്‍വകലാശാല വേണ്ടെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍, സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ സര്‍വകലാശാല കൊണ്ട് മുതലാക്കാവുന്നത് എന്തൊക്കെയുണ്ട് എന്നതിലായി അവരുടെ നോട്ടം’.
താല്‍ക്കാലിക നിയമനം നടത്തിയതില്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവരെയെല്ലാം ഒഴിവാക്കി സിപിഎമ്മുകാരെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തെക്കുറിച്ചാണ് തുടര്‍ന്ന് എംആര്‍സി പറയുന്നത്: ‘വൈസ് ചാന്‍സലര്‍ ആര്. രാമചന്ദ്രന് നായര്‍ നിയമിച്ചവരെയെല്ലാം പുതിയ ഗവണ്മെന്റ് പിരിച്ചുവിടും എന്ന ഭീഷണി ഉണ്ടായിരുന്നു. അതുണ്ടാവില്ലെന്ന് രാമചന്ദ്രന് നായര്‍ പറഞ്ഞു. താന്‍ നിയമിച്ചവരില്‍ കമ്മ്യൂണിസ്റ്റുകാരുടെ ആള്‍ക്കാരുമുണ്ട്. പിരിച്ചുവിടുകയാണെങ്കില്‍ അവരെയും പിരിച്ചുവിടേണ്ടേ എന്നായിരുന്നു രാമചന്ദ്രന് നായരുടെ ചോദ്യം. എന്നാല്‍ സിപിഎമ്മുകാര്‍ അതിബുദ്ധിമാന്മാരാണ്. അവര്‍ എല്ലാവരെയും പിരിച്ചുവിട്ടു. തസ്തികകള്‍ പരസ്യപ്പെടുത്തി ഇന്റര്‍വ്യൂ നടത്തി നിയമനവും നടത്തി. അരയന്നം പാലും വെള്ളവും ചേര്‍ത്ത് കൊടുത്താല്‍ പാല് മാത്രം പാനം ചെയ്യും, വെള്ളം തൊടില്ല എന്ന് പറയുന്നത് കവി ഭാവനയാകാം. എന്നാല്‍, സിപിഎമ്മുകാര്‍ക്ക് പഴങ്കഥ. യൂണിവേഴ്സിറ്റിയിലേക്ക് തിരഞ്ഞെടുത്തത് പാര്‍ട്ടി അനുഭാവികളെയും മെമ്പര്‍മാരെയും മാത്രം. വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ അതേ വൈഭവം അവര്‍ കാണിച്ചു. യൂണിവേഴ്സിറ്റിക്ക് പറ്റുമോ എന്നല്ല, പാര്‍ട്ടിക്ക് പറ്റുമോ എന്നാണ് അവര്‍ നോക്കിയത്’.
എകെപിസിടിഎ പ്രസിഡന്റായിരുന്നപ്പോള്‍ കോളേജ് അധ്യാപകരുടെ പണിമുടക്കിന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയാകാത്തതിന്റെ പേരിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം എംആര്‍സിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. അതിന് ശേഷം തനിക്ക് കിട്ടിക്കൊണ്ടിരുന്ന ‘ശിക്ഷ’കളെ കുറിച്ചുള്ള വിശദവും ആധികാരികവുമായ വിവരണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കോഴിക്കോട്ടെ ഇന്ത്യ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: