പരവൂര്‍: ചാത്തന്നൂര്പരവൂര് റോഡിലെ സീബ്രാ വരകള്‍ മാഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. വാഹനങ്ങള്‍ കനിഞ്ഞാല്‍ മാത്രമേ റോഡ് മുറിച്ചുകടക്കാനാകൂ. വാഹനങ്ങളാകട്ടെ സ്വമേധയാ നിര്‍ത്തുന്നതും കുറവാണ്.
ചില സ്ഥലങ്ങളില്‍ റോഡിലെ ഹംപിന് മുകളിലൂടെയാണ് വര. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ വരകള്‍ കാണാന്‍ സാധിക്കൂ. സ്കൂളുകള്‍ക്ക് മുന്നില്‍ സീബ്രാ വരകള്‍ ഇല്ലാത്തത് വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. നെടുങ്ങോലം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എസ്എന്‍വി ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സീബ്രാവരകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. നെടുങ്ങോലത്ത് താലൂക്ക് ആശുപത്രിയില്‍ വരാന്‍ ബസിറങ്ങുന്നവര്‍ ഏറെ നേരം കാത്തുനിന്നു വേണം റോഡിന്റെ മറുവശത്തെത്താന്‍. വയോധികരാണ് ഇവിടെ ഏറെ ബുദ്ധിമുട്ടുന്നത്.
സ്കൂള്‍ വിട്ട് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുചക്ര വാഹനം തട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. നെടുങ്ങോലത്തെ സ്കൂള്‍, പോസ്റ്റ് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ആശുപത്രി എന്നിവിടങ്ങളെല്ലാം എപ്പോഴും തിരക്കുള്ള സ്ഥലങ്ങളാണ്. അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം മാത്രമേ ഇനി വരകളിടാന് സാധിക്കൂവെന്നാണ് അധികൃതരുടെ നിലപാട്. നഗരത്തിലും സ്ഥിതി സമാനരീതിയിലാണ്. ഏറെ തിരക്കുള്ള തെക്കുംഭാഗം റോഡ്, പൊഴിക്കര റോഡ്, പാരിപ്പള്ളി റോഡുകളില്‍ പേരിനു പോലും സീബ്രാവരകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: