ന്യൂദല്‍ഹി : ഉക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കേ സുപ്രീംകോടതിയില്‍ ഹര്‍ജി. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് നയതന്ത്ര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഉക്രൈനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധ ഭീതിയിലാണ്. ഇവര്‍ക്കായി താമസം, ഭക്ഷണം, അവശ്യ വസ്തുക്കള്‍ എന്നിവ ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ നടത്തണം. റഷ്യ കീഴടക്കിയ കീവ് അടക്കം പല പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
നയതന്ത്ര ഇടപെടലുകളിലൂടെ മാത്രമേ ഇവരെ സുരക്ഷിതമായി തിരിച്ച് നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കൂ. ഉക്രൈനിലെ മെഡിക്കല്‍ കോളേജുകളില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ബിരുദത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഉക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രാജ്യത്തേയ്ക്ക് മടക്കി കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങി ഇന്ത്യ. ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിക്കഴിഞ്ഞു. ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉക്രൈന് അതിര്‍ത്തിയിലേക്ക് നാളെ മുതല്‍ വിമാനങ്ങള്‍ അയച്ച് പൗരന്മാരെ തിരിച്ചെത്തിക്കാനാണ് ശ്രമമെന്നാണ് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയയ്ക്കാനാണ് സാധ്യത. വ്യോമസേനാ വിമാനങ്ങള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: