കീവ് : ഉക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രാജ്യത്തേയ്ക്ക് മടക്കി കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങി ഇന്ത്യ. ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിക്കഴിഞ്ഞു. ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉക്രൈന് അതിര്‍ത്തിയിലേക്ക് ശനിയാഴ്ച മുതല്‍ വിമാനങ്ങള്‍ അയച്ച് പൗരന്മാരെ തിരിച്ചെത്തിക്കാനാണ് ശ്രമമെന്നാണ് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയയ്ക്കാനാണ് സാധ്യത. വ്യോമസേനാ വിമാനങ്ങള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കും. ഫ്ളൈ ദുബായ് ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടെ സര്‍വ്വീസുകളും മടക്കത്തിനായി ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ളവരുടെ യാത്രയ്ക്കായി എംബസിയുടെ അറിയിപ്പിന് കാത്തിരിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഹംഗറി റൊമാനിയ അതിര്‍ത്തിയില്‍ എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നിര്‍ദേശം നല്കി കഴിഞ്ഞു. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവര്‍ ഹെല്പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചാല്‍ മതി. അതിര്‍ത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം.
സ്റ്റുഡന്റ് കോണ്ട്രാക്റ്റര്മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം. പാസ്പോര്‍ട്ട് കയ്യില്‍ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കോവിഡ് ഡബിള്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത് കയ്യില്‍ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ സ്വന്തം വസ്ത്രത്തില്‍ എല്ലാം ഇന്ത്യന്‍ പതാക പിന് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യാനും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: