കീവ് : ഉക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടരുന്നു. കീവില്‍ വന്‍ ബോംബ് വര്‍ഷമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുലര്‍ച്ചെ തന്നെ കിവില്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും ഉഗ്ര സ്ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കാമെന്നാണ് സിഎന്‍എന്‍ സംഘം പറയുന്നത്.
റഷ്യന്‍ ആക്രമണങ്ങള്‍ കടുത്തതോടെ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ജനങ്ങളോട് ഉക്രൈന് പ്രസിഡന്റ് വൊളാദിമിര്‍ സെലെന്‍സ്കി ആഹ്വാനം ചെയ്തു. റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന് സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളാദിമിര്‍ സെലെന്‍സ്കി ട്വിറ്ററിലൂടെ അറിയിച്ചു.
‘രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക’- സെലെന്‍സ്കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നുമായിരുന്നു സെലെന്‍സ്കിയുടെ ട്വീറ്റ്.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്മാര് രാജ്യം വിടരുത്. രാജ്യത്തിന് വേണ്ടി പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ആയുഘം നല്‍കുമെന്നും ഉക്രൈന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്കുന്നതുള്പ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാന്‍ ഉക്രൈനെ പ്രേരിപ്പിച്ചത്.യുദ്ധത്തെ തുടര്‍ന്ന് ഉക്രൈന് നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര് പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
നിലവില്‍ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യന്‍ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷമാക്കി റഷ്യന്‍ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രൈന് തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 137 ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രൈന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.
യുക്രൈന് നാറ്റോയിലെ 27 രാജ്യങ്ങളോടും ഉള്‍പ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
അതേസമയം സംഘര്‍ഷം രൂക്ഷമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്ന് മക്രോണ്‍ പറയുന്നു. യുക്രൈന് പ്രസിഡന്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് വിളിച്ചത്. സെലന്‍സ്കിക്ക് പുടിനെ വിളിക്കാന്‍ പറ്റുന്നില്ല, കാള്‍ കണക്ടാവുന്നില്ലെന്നാണ് പറയുന്നത്. അത് കൊണ്ട് വിളിച്ചു. എത്രയും പെട്ടന്ന് സൈനിക നീക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതായും മക്രോണ്‍ അറിയിച്ചു.
റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് ഓസ്ട്രേലിയലന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. റഷ്യന്‍ പ്രമാണികള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ന്യൂസിലാന്‍ഡും റഷ്യന്‍ അധികൃതര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചതായും ന്യൂസിലന്‍ഡ്. യുക്രൈന് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: