സാമ്പത്തിക ഉപരോധങ്ങളെ വകവയ്ക്കാതെയും ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥനയെ മാനിക്കാതെയും വഌദിമിര്‍ പുടിന്റെ റഷ്യ അയല്‍ രാജ്യമായ ഉക്രൈനിലേക്ക് പട നയിച്ചിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷാവസ്ഥ സമാധാനത്തിന് വഴിമാറുമെന്ന പ്രതീക്ഷ ഇതോടെ ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. മൂന്നു അതിര്‍ത്തികള്‍ വഴി കടന്നുകയറി ഉക്രൈന് നഗരങ്ങളിലെ പ്രതിരോധ കേന്ദ്രങ്ങള്‍ക്കു നേരെയാണ് റഷ്യന്‍ വ്യോമസേന ആക്രമണം തുടങ്ങിയത്. സാധാരണക്കാരെ ആക്രമിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കാനാവില്ല. ഇതിനകം നൂറോളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച ഉക്രൈന് സ്വന്തം പൗരന്മാര്ക്ക് ആയുധം നല്‍കുകയും, മറ്റ് രാജ്യങ്ങളോട് ആയുധങ്ങളെത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. റഷ്യയെ അനുകൂലിക്കുന്ന വിമതപ്രദേശങ്ങളില്‍ ചില വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഉക്രൈന് അവകാശപ്പെടുകയും ചെയ്തു. റഷ്യയുടെ ആക്രമണം മൂന്നാം ലോക യുദ്ധത്തിലേക്ക് വഴിമാറുമോയെന്നാണ് പൊതുവായ ആശങ്ക. പ്രശ്നത്തില്‍ ശക്തമായി ഇടപെടുമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാന്‍ തന്നെയാണ് എല്ലാ സാധ്യതയും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജി-ഏഴ് രാജ്യങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിലെ തീരുമാനം നിര്‍ണായകമായിരിക്കും.
അമേരിക്കന്‍-നാറ്റോ സൈന്യം റഷ്യയ്ക്കെതിരെ നേരിട്ട് ഇടപെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് റഷ്യയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറും. റഷ്യ നടത്തുന്നത് കടന്നാക്രമണമാണെന്ന് പ്രഖ്യാപിച്ച അമേരിക്കയ്ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ല. ഉക്രൈന്റെ അയല്‍രാജ്യങ്ങളില്‍ നാറ്റോ സേന നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ തീരുമാനമുണ്ടായാല്‍ ഇവര്‍ ഉക്രൈന്റെ സഹായത്തിനെത്തും. ഇത് സ്വാഭാവികമായും റഷ്യയെ കൂടുതല്‍ പ്രകോപിതരാക്കും. വിദേശശക്തികള്‍ ഇടപെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പുടിന് മുന്നറിയിപ്പ് നല്‍കിയത് തങ്ങള്‍ക്കെതിരെ ഒരു സംയുക്ത ആക്രമണം പ്രതീക്ഷിച്ചു തന്നെയാണ്. ഇങ്ങനെയൊന്ന് ഉണ്ടായാല്‍ തന്നെ എട്ട് ലക്ഷത്തിലേറെ സൈനികരുള്ളതിനാല്‍ അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യയും പുടിനും.
പക്ഷേ ഇത് ശരിയായിക്കൊള്ളണമെന്നില്ല. പ്രശ്നങ്ങളുടെ നയതന്ത്ര പരിഹാരത്തിന് സന്നദ്ധമാണെന്ന് ഭാവിച്ചപ്പോഴും റഷ്യ വലിയ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപം വീണ്ടെടുക്കാനാണ് പ്രസിഡന്റ് പുടിന് ശ്രമിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനില്‍നിന്ന് വിട്ടുപോയ ഉക്രൈന് യൂറോപ്യന്‍ യൂണിയനൊപ്പം ചേരുന്നതാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്ക പഴയതുപോലെ ശക്തമല്ലെന്നും, മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങളിലിടപെടാന്‍ അവര്‍ക്ക് ചില പരിമിതികളുണ്ടെന്നും പുടിന് വിചാരിക്കുന്നുണ്ട്. അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഏറെക്കുറെ ഏകപക്ഷീയവും തിടുക്കത്തിലുമുള്ള പിന്മാറ്റം ഈ ധാരണ ശക്തിപ്പെടുത്താന്‍ സഹായകമാവുകയും ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്തായിരുന്നെങ്കില്‍ ഇതായിരിക്കില്ല അവസ്ഥ. ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിനു പിന്നില്‍ അമേരിക്കയിലെ ഭരണമാറ്റവും ഒരു ഘടകമാണ്.
യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അത് ലോകയുദ്ധമായി മാറാന്‍ അധികം താമസമുണ്ടാവില്ല. ജപ്പാന് പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതാണല്ലോ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം. ആദ്യം പ്രശ്നത്തിലിടപെടാതിരുന്ന അമേരിക്ക പിന്നീട് സഖ്യകക്ഷികളുടെ നേതൃത്വം തന്നെ ഏറ്റെടുത്തു. അക്കാലത്തേക്കാള്‍ ഇന്ന് യുദ്ധത്തിന്റെ ഗതിവേഗം വളരെ കൂടുതലാണ്. ആയുധങ്ങളുടെ മാരക സ്വഭാവവും വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ വ്യാപ്തിയും സാങ്കേതിക വിദ്യയുടെ മുന്നേറ്റവുമൊക്കെ യുദ്ധത്തിന്റെ സ്വഭാവം രൂക്ഷമാക്കും. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. അവസാനിപ്പിക്കാന്‍ പ്രയാസവും. യുദ്ധത്തിനു വേദിയാവുന്ന രാജ്യങ്ങളെ മാത്രമല്ല ലോകത്തെ മുഴുവന്‍ അത് പലതരത്തില്‍ ബാധിക്കുന്നു. അസംസ്കൃത എണ്ണയുടെയും സ്വര്‍ണത്തിന്റെയുമൊക്കെ വിലക്കയറ്റം പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെ താളംതെറ്റിക്കും. ഓഹരി വിപണികള്‍ കൂപ്പുകുത്തുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും. കൊവിഡ് മഹാമാരിയില്‍നിന്ന് മുക്തമാവാന്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം കിണഞ്ഞു ശ്രമിക്കുന്നതിനിടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധ പ്രതിസന്ധികള്‍ ജനജീവിതം ദുസ്സഹമാക്കും. ഇപ്പോഴത്തെ റഷ്യ-ഉക്രൈന് യുദ്ധം ഭാരതത്തിനും ചില പ്രയാസങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി ഉക്രൈനിലേക്ക് പോയിരിക്കുന്ന ഭാരത പൗരന്മാരെ മടക്കിക്കൊണ്ടുവരികയെന്നതാണ് അതില്‍ പ്രധാനം. വന്ദേഭാരത് മിഷനിലൂടെ ഇതിന് തുടക്കമിട്ടിട്ടുണ്ടെങ്കിലും ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. അഫ്ഗാന് സംഘര്‍ഷ കാലത്തേതുപോലെ ഇവരെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഭാരതം സ്വീകരിച്ച നിലപാടിലേക്ക് ലോകരാജ്യങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ വലിയൊരു ദുരന്തം ഒഴിവാക്കാന്‍ കഴിയും. പ്രശ്ന പരിഹാരത്തിന് ഭാരതം ഇടപെടണമെന്ന യുക്രൈന്റെ ആവശ്യത്തിന് വലിയ പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: