ന്യൂദല്‍ഹി : റഷ്യ ആക്രമണം തുടങ്ങിയതോടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വ്യോമമാര്‍ഗമല്ലാതെ പൗരന്മാരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്മാര്ക്ക് നിര്‍ദ്ദേശം കൈമാറി. പാസ്പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമായാല്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഉക്രൈനിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യന്‍ എംബസിയേലിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കീവിലെ ഇന്ത്യന്‍ എംബസിയിലെ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. കീവ് നിലവില്‍ സുരക്ഷിത പ്രദേശമല്ല. അതിനാല്‍ ഒരു കാരണവശാലും ഉക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാനായി പോയ എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. കിഴക്കന്‍ മേഖലയില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനം മടങ്ങിയത്.
കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന് അറിയിച്ചു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: