കൊച്ചി : പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച കേസിൽ രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകാൻ ഹൈക്കോടതി സിഎജിക്കും കേരള സർക്കാരിനും കെയുഡബ്ല്യൂജെക്കും നിർദേശം നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ ഹൈക്കോടതിയിൽ നിന്നു നോട്ടീസ് ലഭിച്ചെങ്കിലും എതിർ കക്ഷികളായ സിഎജിയും കേരള സർക്കാരും കെയുഡബ്ല്യൂജെയും മറുപടി സമർപ്പിച്ചിരുന്നില്ല. കേസ് മൂന്നാഴ്ചയ്‌ക്കം വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനു വേണ്ടി അഡ്വ. കൃഷ്ണ രാജും കെയുഡബ്ല്യൂജെക്കു വേണ്ടി അഡ്വ. തമ്പാൻ തോമസും ഹാജരായി. കേരള സർക്കാർ വിവിധ പദ്ധതികൾക്കായി പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി ദുർവിനിയോഗം ചെയ്തതായി പബ്ലിക് റിലേഷൻസ് വകുപ്പിൽ നടത്തിയ പരിശോധനയിൽ സിഎജി കണ്ടെത്തിയിരുന്നു. തുക തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാനും സിഎജി കേരള സർക്കാരിനു കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
അടിയന്തരമായി നടപടിയെടുക്കാൻ സിഎജി കഴിഞ്ഞ സെപ്റ്റംബറിൽ റിമൈൻഡർ അയച്ചെങ്കിലും പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ താൽപര്യമെടുക്കുന്നില്ല. കേസിൽ രണ്ടാഴ്ചയ്‌ക്കം മറുപടി നൽകണമെന്ന ഹൈക്കോടതി നിർദേശം ഫലത്തിൽ കേരള സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. സിഎജി നിർദേശമുണ്ടായിട്ടും ഒരു വർഷത്തോളമായി നടപടികൾ സ്വീകരിക്കാത്തതിനു സർക്കാർ കാരണം ബോധിപ്പിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: